15 November Friday
ബേക്കറികൾ ഡിവൈഎഫ്ഐ അടപ്പിച്ചു

ഭക്ഷ്യവിഷബാധ: കൊട്ടാരം ബേക്കറിയുടെ ബോർമ അടച്ചുപൂട്ടി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

 

 
 
പൊൻകുന്നം
ഫിഷ‌്പായ‌്ക്ക‌് കഴിച്ചതിനെ തുടർന്ന് നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാഞ്ഞിരപ്പള്ളിയിലെ കൊട്ടാരം ബേക്കറിയുടെ ബോർമ ഭക്ഷ്യസുരക്ഷാവകുപ്പ് അടച്ചുപൂട്ടി. മൂന്നുദിവസത്തേക്ക്‌ പ്രവർത്തനം നിർത്തിവയ‌്ക്കാനാണ് നോട്ടീസ് നൽകിയത്. ബോർമയിൽ നടത്തിയ പരിശോധനയിൽ തെളിവുകളൊന്നും ലഭിച്ചില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിനൊപ്പം ആരോഗ്യവകുപ്പ് അധികൃതരും പരിശോധനയ്‌ക്കുണ്ടായിരുന്നു. 
വിഷബാധയ‌്ക്ക‌് കാരണമായ ഫിഷ‌്പായ‌്ക്ക‌് വിറ്റുപോയതിനാൽ സാമ്പിൾ ലഭിച്ചില്ല. എങ്കിലും ബോർമയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ‌്ക്കാൻ നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷാവകുപ്പ് കാഞ്ഞിരപ്പള്ളി സർക്കിൾ ഓഫീസർ എം ടി ബേബിച്ചൻ പറഞ്ഞു. കൊട്ടാരം ബേക്കറിയുടെ വിവിധ ശാഖകളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിൽ വിൽപ്പന നടത്തിയ ഫിഷ‌്പായ‌്ക്ക‌് കഴിച്ചവർക്കാണ് വിഷബാധയുണ്ടായത്. ബേക്കറിയിലേക്കുള്ള ഇത്തരം സാധനങ്ങൾ കാഞ്ഞിരപ്പള്ളിയിലെ ഇവരുടെ തന്നെ ബോർമയിൽ തയ്യാർ ചെയ്യുന്നതാണ‌്.
ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ജില്ലയിൽ വിവിധ ഭാഗങ്ങളിലായി അമ്പതോളം പേരാണ്‌  ഭക്ഷ്യവിഷബാധമൂലം ചികിത്സ തേടിയത്‌. ഇവർക്കെല്ലാം ഛർദി, വയറിളക്കം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങളാണുണ്ടായത്. പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ മാത്രം 31 പേർ ചികിത്സ തേടി. വിവിധ ആശുപത്രികളിൽ ചികിത്സ തേടി മടങ്ങിയവരും നിരവധിയാണ്‌.
രോഗബാധയുണ്ടായവർക്ക് ആശുപത്രികളിൽ എത്തിയ ഉടൻ തന്നെ ആന്റിബയോട്ടിക് നൽകിയതിനാൽ രക്തപരിശോധനയിൽ നിന്നും തെളിവുകൾ ലഭിക്കാനിടയില്ല. എന്നാൽ തിങ്കളാഴ്ച രാവിലെ ചികിത്സ തേടിയെത്തിയവരുടെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ഇവയുടെ ലാബ് പരിശോധനയിൽ നിന്ന് ഏതുതരത്തിലുള്ള വിഷബാധയെന്ന് കണ്ടെത്താനാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന. 
പ്രതിഷേധവുമായി  ഡിവൈഎഫ്ഐ 
ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന്  കൊട്ടാരം ബേക്കറിയുടെ വിവിധ ശാഖകൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ അടപ്പിച്ചു. ബേക്കറിക്കെതിരെ ശക്തമായ പ്രതിഷേധമാണ് പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ഭക്ഷ്യ വിഷബാധ ഉണ്ടായതിനുശേഷവും തുറന്ന് പ്രവർത്തിച്ച ബേക്കറികളാണ് അടപ്പിച്ചത്. തിങ്കളാഴ്ച രാവിലെ സംഘടിച്ചെത്തിയ പ്രവർത്തകർ ബേക്കറികൾ മറ്റൊരു താഴ് ഉപയോഗിച്ച് പൂട്ടി കൊടി നാട്ടി.  പൊലീസുമായുള്ള ചർച്ചയ‌്ക്ക‌് ശേഷം താക്കോൽ പൊലീസിന് കൈമാറി.
 ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ബേക്കറികൾ തുറന്ന് പ്രവർത്തിക്കാവൂ എന്ന നിലപാടാണ് ഡിവൈഎഫ്ഐ കൈക്കൊണ്ടത്. കൊട്ടാരം ബേക്കറിയുടെ പിപി റോഡിലെയും കെവിഎംഎസ് ജങ്‌ഷനിലെയും കുന്നുംഭാഗത്തെയും ശാഖകളാണ് അടപ്പിച്ചത്. ഞായറാഴ്ച രാത്രി മുതൽ ഡിവൈഎഫ്ഐ പ്രവർത്തകൾ ബേക്കറികൾക്ക് സമീപം നിലയുറപ്പിച്ചിരുന്നു. കൊട്ടാരം ബേക്കറിയുടെ കൊടുങ്ങൂരിലെ ശാഖയും വാഴൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച അടപ്പിച്ചു.
കടകൾക്ക് പഞ്ചായത്ത് നോട്ടീസ‌് നൽകി
ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന്  ബേക്കറിയുടെ പൊൻകുന്നത്തെ കടകൾക്ക് ചിറക്കടവ് പഞ്ചായത്ത് നോട്ടീസ‌് നൽകി. പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ പിപി  റോഡ‌്, കെവിഎംഎസ‌് ജങ്‌ഷഷൻ,  കുന്നുംഭാഗം ശാഖകൾക്കാണ്‌ നോട്ടീസ‌് നൽകിയത്‌. ഇടയിരിക്കപ്പുഴ ഹെൽത്ത് ഇൻസ്‌പെക‌്ടറുടെ റിപ്പോർട്ട് ലഭിച്ചതിനുശേഷമാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ‌് നൽകിയത്.  ഉടമയ‌്ക്ക‌് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ മൂന്ന‌് ദിവസത്തിനകം അറിയിക്കാനാണ് നിർദേശം.
കോട്ടയത്തുനിന്ന്‌ ഭക്ഷണം കഴിച്ചവർക്കും വിഷബാധ
കോട്ടയം
കഞ്ഞിക്കുഴിയുള്ള കൊട്ടാരം ബേക്കറിയിൽനിന്ന്‌ ഫിഷ്‌ റോൾ കഴിച്ച കുടുംബത്തിനും ഭക്ഷ്യവിഷബാധ. പൊൻകുന്നത്തുള്ള ഇവരുടെ ബേക്കറിയിൽ നിന്ന്‌ ഫിഷ്‌ റോൾ കഴിച്ച്‌ നിരവധിപേർക്ക്‌ ഭക്ഷ്യവിഷബാധയേറ്റിരുന്നു. 
കോട്ടയത്ത്‌ സിഎംഎസ്‌ കോളേജ്‌ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപികയായ മെറീസ്‌ മേരി ജോസഫ്‌(38), ഇവരുടെ ഭർത്താവ്‌ മാത്യു ജോർജ്‌(43), മക്കളായ അഭിക ആൻ മാത്യു(12), ജോർജ്‌ കെ മാത്യു(7) എന്നിവരാണ്‌ ഭക്ഷ്യവിഷബാധയേറ്റ്‌ നാഗമ്പടത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്‌. 
ഛർദിയും വയറ്റിളക്കവും പനിയുമാണ്‌ ഇവർക്കെല്ലാം. ശനിയാഴ്‌ചയാണ്‌ ഇവർ ഫിഷ്‌ റോൾ വാങ്ങിയത്‌. ഞായറാഴ്‌ച പുലർച്ചെ കടുത്ത ഛർദിയും വയറിളക്കുവായി ആശുപത്രിയിൽ അഡ്‌മിറ്റാകുകയായിരുന്നു. 
 
 
 
പ്രധാന വാർത്തകൾ
 Top