14 December Saturday
അഞ്ചുവയസ്സുകാരന്റെ മുങ്ങിമരണം

അന്വേഷണം ഊർജിതമാക്കണമെന്ന് എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

 ഈരാറ്റുപേട്ട 

തൻമിയ സ്കൂൾ വിദ്യാർഥിയായിരുന്ന അഞ്ചുവയസ്സുകാരൻ ഫഹദ് മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം 14നാണ‌് അണ്ണാമലപ്പറമ്പിൽ അജ്മലിന്റെ 
മകൻ ഫഹദ് മുങ്ങിമരിച്ചത്. സ‌്കൂൾ വിട്ടശേഷം കാണാതായ യുകെജി വിദ്യാർഥിയെ മീനച്ചിലാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മതിയായ സുരക്ഷാക്രമീകരണങ്ങളുടെ അഭാവവും സ്കൂൾ അധികൃതരുടെ അനാസ്ഥയുമായിരുന്നു ഫഹദിന്റെ മരണത്തിന് വഴിയൊരുക്കിയത്. ഇതിനെതിരെ ഫഹദിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതിനൽകിയിരുന്നു. എന്നാൽ അന്വേഷണം മന്ദഗതിയിലാണ്.  
  അന്വേഷണവുമായി ബന്ധപ്പെട്ട് ഫഹദിന്റെ മാതാപിതാക്കൾ ആശങ്കകൾ അറിയിച്ചിട്ടുണ്ട്. ഇത് പരിഹരിക്കപ്പെടണം. മാതാപിതാക്കളെ കൂടി ബോധ്യപ്പെടുത്തി കേസന്വേഷണം ഊർജിതമാക്കണമെന്നും, മാനേജ്മെന്റ‌് പണംനൽകി കേസിനെ സ്വാധീനിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ലെന്നും ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും എസ്എഫ്ഐ പൂഞ്ഞാർ ഏരിയാ സെക്രട്ടറി കെ ആർ അമീർഖാൻ അറിയിച്ചു. 
  മതിയായ സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന തന്മിയ സ്കൂൾ അടച്ചുപൂട്ടണമെന്ന് ഈ വിഷയത്തിൽ കർശനവും മാതൃകാപരമായ നടപടി കൈക്കൊള്ളണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നു. വിഷയം ഉന്നയിച്ച‌് മുൻപ് എസ്എഫ്ഐ പതിച്ച പോസ്റ്ററുകൾ എസ്ഡിപിഐ പ്രവർത്തകർ നശിപ്പിച്ചിരുന്നു. പോസ്റ്ററൊട്ടിക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകരെ ഇവർ ഭീഷണിപ്പെടുത്താൻ ശ്രമിച്ചെന്നും ഇത് മാനേജ്മെന്റിനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും എസ്എഫ്ഐ ഈരാറ്റുപേട്ട ഏരിയാകമ്മിറ്റി ആരോപിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top