25 May Saturday

സർവെകൾ എൽഡിഎ‌ഫ‌് തരംഗം കാണാതെ: വൈക്കം വിശ്വൻ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 കോട്ടയം

കോട്ടയം മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് ചില ചാനലുകളും മറ്റും നടത്തിയ സർവെകളും വിലയിരുത്തലും നാടിനോട‌് നീതി പുലർത്താത്തതാണെന്ന‌് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലത്തിലെ സാഹചര്യങ്ങളോട‌് കുറച്ചെങ്കിലും നീതി കാട്ടണമായിരുന്നു. ഇത്തരം വിലയിരുത്തലുകൾ എൽഡിഎഫിനെ എതിർക്കുന്നവരെ പോലും അത്ഭുതപ്പെടുത്തി.  തെരഞ്ഞെടുപ്പിൽ ചിത്രത്തിലേ ഇല്ലാത്തവരെ ഉയർത്തിക്കൊണ്ടുവരാൻ മനഃപൂർവം സൃഷ്ടിക്കപ്പെട്ടതാണ‌് ഇത്തരം സർവേകളെന്നും അദ്ദേഹം പറഞ്ഞു.
 തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചയുടൻ എൽഡിഎഫ‌് സ്ഥാനാർഥിയെയും പ്രഖ്യാപിച്ച‌് പ്രവർത്തനമാരംഭിച്ചിരുന്നു. ബൂത്ത‌് തലത്തിൽ കുറഞ്ഞത‌് നാല‌് സ‌്ക്വാഡുകൾ പ്രചാരണത്തിനിറങ്ങി. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു. ശക്തമായ എൽഡിഎഫ‌് തരംഗം തന്നെയാണ‌് എവിടെയും കാണാൻ കഴിഞ്ഞത‌്. കോട്ടയത്ത‌് എൽഡിഎഫ‌് പലതവണ വിജയം നേടിയിട്ടുണ്ട‌്. അഞ്ചുവർഷം മുമ്പ‌് ഇവിടെനിന്ന‌് ജയിച്ച എംപി സുരക്ഷിതസ്ഥാനം തേടി മണ്ഡലത്തെ വിട്ടുപോയി. ഈ ജനവഞ്ചനക്ക‌് തെരഞ്ഞെടുപ്പിൽ മറുപടിയുണ്ടാകും. യുഡിഎഫ‌് ഒരു മുന്നണിയായി തന്നെ കോട്ടയത്ത‌് പ്രവർത്തിച്ചില്ല. നാമനിർദേശ പത്രിക സമർപ്പണം വരെയും അവരുടെ തർക്കങ്ങൾ നീണ്ടു. യുഡിഎഫ‌് സ്ഥാനാർഥി മണ്ഡലത്തിൽ ചുരുക്കം സ്ഥലങ്ങളിലേ എത്തിയുള്ളൂ. 
  വെള്ളപ്പൊക്ക സമയത്ത‌് ജീവൻ രക്ഷാപ്രവർത്തനത്തിന‌് സജീവമായി മുന്നിൽനിന്ന വി എൻ വാസവനെ ജനം മറന്നിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിലുള്ളവർക്ക‌് വാസവൻ അവരുടെ ജീവൻ രക്ഷിച്ച വ്യക്തി കൂടിയാണ‌്. എന്നാൽ കോട്ടയത്തെ മറ്റു സ്ഥാനാർഥികൾ ആ സമയത്ത‌് ഇവിടെ ഉണ്ടായിരുന്നോ എന്നു പോലും അറിയില്ല. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ പോരെന്നാണ‌് അവരുടെ ആരോപണം. ദുരന്തം ഉണ്ടായപ്പോൾ ഇവരെയാരെയും കണ്ടില്ല. 
 കർഷക മണ്ഡലമാണ‌് കോട്ടയം. റബ്ബറിന്റെ വിലയിടിവ‌് കോട്ടയത്തിന്റെ സാമ്പത്തിക നില തകർത്തു. ഇത‌് മനസ്സിലാക്കിയാണ‌് സിയാൽ മോഡലിലുള്ള റബ്ബർ കമ്പനി എൽഡിഎഫ‌് സർക്കാർ പ്രഖ്യാപിച്ചത‌്. നെല്ല‌് സംഭരിക്കാനും കൃഷിക്കാർക്ക‌് പരമാവധി വില നൽകാനുമുള്ള സർക്കാർ നടപടികൾ എൽഡിഎഫിന‌് കർഷകർക്കിടയിൽ സ്വാധീനം വർധിപ്പിച്ചെന്നും വൈക്കം വിശ്വൻ പറഞ്ഞു. 
  വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ‌് കമ്മിറ്റി ഭാരവാഹികളായ എ വി റസ്സൽ, സി കെ ശശിധരൻ, ടി ആർ രഘുനാഥൻ, അഡ്വ. ഫ്രാൻസിസ്‌ തോമസ്‌, മറ്റ‌് എൽഡിഎഫ‌് നേതാക്കളായ പി കെ ആനന്ദക്കുട്ടൻ, സാബു മുരിക്കവേലി, സജി നൈനാൻ, അയർക്കുന്നം രാമൻ നായർ, മനോജ‌് ചെമ്മുണ്ടവള്ളി തുടങ്ങിയവരും പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top