25 May Monday
കേസെടുത്തു

കള്ളുഷാപ്പും കരിങ്കല്‍ ക്വാറിയും അടപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

 കുറവിലങ്ങാട്

വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ച കടപ്പൂരിലെ കള്ളുഷാപ്പും വെളിയന്നൂരിലെ പൂവക്കുളത്തെ കരിങ്കൽ ക്വാറിയും അടപ്പിച്ചു. കള്ളുഷാപ്പ്‌ ജീവനക്കാരനെതിരെ പൊലീസ്‌ കേസെടുത്തു. കരിങ്കൽ ക്വാറിയിലെ 18 തൊഴിലാളികളോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും ആവശ്യപ്പെട്ടു. 
    കടപ്പൂര് ചെറുകാട് ഷാപ്പാണ് നാട്ടുകാരുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പരാതിയിൽ കുറവിലങ്ങാട് പൊലീസ് അടപ്പിച്ചത്. ഷാപ്പിലെ ജീവനക്കാരന്റെ കുടുംബത്തിലെ ഒരാൾ വെള്ളിയാഴ്ച ഇറ്റലിയിൽനിന്ന്‌ എത്തിയിരുന്നു. ഇയാളെ  കൂട്ടിക്കൊണ്ടുവരാൻ കുടുംബാംഗങ്ങൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയിരുന്നു.  വിദേശത്തുനിന്ന്‌ വന്നയാൾ 28 ദിവസവും കൂട്ടിക്കൊണ്ടുവരാൻ പോയ കുടുംബാംഗങ്ങൾ 14 ദിവസവും വീടിനുള്ളിൽ നിരീക്ഷണത്തിലാണ്‌. എന്നാൽ ഷാപ്പു ജീവനക്കാരൻ വൈകിട്ടുതന്നെ ജോലിക്ക്‌ എത്തി. ശനിയാഴ്ച രാവിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയാണ്‌ നിയമനടപടി സ്വീകരിച്ചത്.
വെളിയന്നൂർ പൂവക്കുളത്ത് കരിങ്കൽ ക്വാറി ഉടമ യുഎഇയിൽ ബിസിനസ് നടത്തുന്നുണ്ട്‌. ഇലഞ്ഞി സ്വദേശിയായ ഇയാൾ 12 നാണ് യുഎഇ സന്ദശിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇയാളോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇത്‌ ലംഘിച്ച്‌ ഇയാൾ കരിങ്കൽ ക്വാറി സൈറ്റിലെത്തി ജീവനക്കാരും  തൊഴിലാളികളുമായി ഇടപഴകി. സംഭവം അറിഞ്ഞെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ നിർദേശങ്ങൾ അനുസരിക്കാൻ ഇയാൾ തയ്യാറായില്ല. തുടർന്നാണ് നോട്ടീസ് നൽകി സ്ഥാപനം അടപ്പിച്ചത്‌.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top