18 October Friday
മാധ്യമ സെമിനാർ

- മാധ്യമ അപചയം ജനാധിപത്യത്തിലെ വലിയ വെല്ലുവിളി: സെബാസ്‌റ്റ്യൻ പോൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019

മാധ്യമങ്ങളുടെ എതിർ വിചാരങ്ങൾ സെമിനാർ ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം
ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും വലിയ വെല്ലുവിളി മാധ്യമങ്ങൾക്കുണ്ടായ അപചയമാണെന്ന്‌ പ്രമുഖ മാധ്യമ വിശകലന വിദഗ്‌ധനും മുൻ ജനപ്രതിനിധിയുമായ ഡോ. സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. ടി കെ സ്‌മാരക സാംസ്‌കാരിക പഠനകേന്ദ്രവും സിപിഐ എം കോട്ടയം ഏരിയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാർ, ‘മാധ്യമങ്ങളുടെ എതിർവിചാരങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്രലോകത്തിന്‌ നൂറ്റാണ്ടുകൾമുമ്പ്‌ ജനാധിപത്യവാദികൾ ആദരവോടെ നൽകിയ വിശേഷണമായിരുന്നു ‘ഫോർത്ത്‌ എസ്‌റ്റേറ്റ്‌’ എന്നത്‌. എന്നാൽ ഇന്ന്‌ ഫോർത്ത്‌ എസ്‌റ്റേറ്റിന്‌ റിയൽ എസ്‌റ്റേറ്റ്‌ താൽപര്യമാണുള്ളത്‌. ബിജെപിയുടെയും കോൺഗ്രസിന്റെയും താൽപര്യം ഒന്നുതന്നെയാണ്‌. ഇടതുപക്ഷത്തെ നേരിട്ടെതിർക്കാൻ ഇവിടെ അവർക്ക്‌ കഴിയില്ല. അതിനവർ അവലംബിക്കുന്ന തന്ത്രമാണ്‌ ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർക്കുക എന്നത്‌. അതിന്‌ ചില മാധ്യമങ്ങളുടെ പിന്തുണയും അവർ തേടുന്നു. നിഷേധാത്മക പത്രപ്രവർത്തനത്തിന്റെ അവസാന ഉദാഹരണമാണ്‌ ചേർത്തലയിലെ ഓമനക്കുട്ടൻ സംഭവമെന്നും സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. പഠനകേന്ദ്രം ചെയർമാൻ വി എൻ വാസവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ദേശാഭിമാനി കോട്ടയം യൂണിറ്റ്‌ ന്യൂസ്‌ എഡിറ്റർ എം ഒ വർഗീസ്‌ എന്നിവർ സംസാരിച്ചു. പഠനകേന്ദ്രം ഡയറക്‌ടർ പ്രൊഫ. എം ടി ജോസഫ്‌ സ്വാഗതവും സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ഏരിയകളിൽ മാധ്യമ സെമിനാർ തുടർന്നും സംഘടിപ്പിക്കും.
 
പ്രധാന വാർത്തകൾ
 Top