08 August Saturday
ലോക സംഗീതദിനം ഇന്ന‌്

വിഷുപ്പക്ഷി പാടും ജോർജച്ചനിലൂടെ

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

 കോട്ടയം

പൗരോഹിത്യത്തിന‌് സംഗീതത്തിന്റെ  ശ്രുതി ചേരുമെന്ന‌് തെളിയിച്ചതാണ‌് എം പി ജോർജച്ചൻ. പാട്ടുപാടാതെയും പാട്ട‌് ഇഷ്ടപ്പെടാതെയും ബാല്യവും കൗമാരവും കടന്ന അച്ചനെ  ഇന്ന‌് സംഗീതമില്ലാതെ കാണാൻ കഴിയില്ല.  ദേശാന്തരങ്ങൾ കടന്ന‌് പ്രവഹിക്കുകയാണ‌് ആ സ്വരമാധുരി.   
   കച്ചേരി നടത്തിയും പാട്ടുകൾക്ക‌് ഈണം പകർന്നും തിളങ്ങുന്ന ഇദ്ദേഹത്തിന്റെ സംഗീതസപര്യ മൂന്നരപ്പതിറ്റാണ്ട‌് പിന്നിട്ടു.  സുറിയാനി സംഗീതത്തെ മലയാളിക്ക‌് പരിചയപ്പെടുത്തുക കൂടി ചെയ‌്ത ജോർജച്ചന്റെ മറ്റൊരു സംഗീതസ്വപ‌്നം കൂടി പൂവണിഞ്ഞതാണ‌് പുതിയ വിശേഷം.    ‘സോങ‌് ഓഫ‌് ആൻ ഇന്ത്യൻ കുക്കു’ എന്ന പേരിൽ സിംഫണി സംഗീതം പരിചയപ്പെടുത്തുന്ന തന്റെ ഗ്രന്ഥം പൂർത്തിയായി. യേശുക്രിസ‌്തുവിന്റെ ജനനം മുതൽ മരണംവരെയുള്ള ജീവിതമാണ‌് സിംഫണിയായി ചിട്ടപ്പെടുത്തിയത‌്. അടുത്തിടെ മാർപാപ്പക്കും അദ്ദേഹം തന്റെ ഗ്രന്ഥം സമ്മാനിച്ചു. സംഗീത സമ്രാട്ട‌് ബിഥോവന്റെ കബറിടത്തിലെത്തിയും  പുസ‌്തകം സമർപ്പിച്ചു. ഒരുവർഷം കൊണ്ടാണ‌്  "സിംഫണി'  കംപോസ‌് ചെയ‌്തത‌്. 
കോട്ടയം പഴയ സെമിനാരിയിൽ 1978–-82 കാലത്തെ വൈദികപഠനത്തിനിടെയാണ‌് എം പി ജോർജിന്റെ സംഗീതവാസന പരക്കുന്നത‌് . സുറിയാനിയിലുള്ള പ്രാർഥനാഗീതങ്ങൾ ആലപിച്ചായിരുന്നു തുടക്കം.  സുറിയാനി  സംഗീതത്തിന്റെ ശാസ‌്ത്രീയഭാഗം പഠിക്കാനും താൽപ്പര്യമുണർന്നു.  ഇതിനു സഹായിച്ചതാകട്ടെ അന്നത്തെ സെമിനാരി പ്രിൻസിപ്പലും എഴുത്തുകാരനും ചിന്തകനുമായ ഡോ. പൗലോസ‌് മാർ ഗ്രിഗോറിയോസ‌് മെത്രാപോലീത്താ.  അദ്ദേഹത്തിന്റെ പ്രേരണയിൽ ആദ്യം കലാഭവനിലും പിന്നീട‌് കോട്ടയം കലാക്ഷേത്രയിലും കർണാടകസംഗീതം പഠിക്കാൻ ആരംഭിച്ചു.  84ലെ നവരാത്രി മഹോത്സവത്തിൽ കലാക്ഷേത്രയിൽ തന്നെയായിരുന്നു അരങ്ങേറ്റം. അതേവർഷം  റഷ്യൻ സംഗീതം പഠിക്കാൻ സെന്റ‌് പീറ്റേഴ‌്സ‌്ബർഗിലെ സംഗീത അക്കാദമിയിൽ ചേർന്നു. പിന്നീട‌് ഇംഗ്ലണ്ടിലും സംഗീത പഠനം. 88ൽ മടങ്ങിയെത്തിയപ്പോൾ പഴയ സെമിനാരിയിൽ ഗായകസംഘം രൂപീകരിച്ചു. സെന്റ‌്തോമസ‌് കൊയർ എന്ന ആദ്യരൂപം ‘സുമോറോ’ (സുറിയാനിയിൽ കോറ‌സ‌് എന്നർഥം) എന്ന പേരിലേക്ക‌്മാറ്റി.  1989 ജനുവരി ഒമ്പതിന‌് ജോർജച്ചന്റെ ജീവിതത്തിൽ രണ്ടുകാര്യങ്ങൾ സംഭവിച്ചു.  പഴയ സെമിനാരിയിൽ സംഗീതപഠനത്തിനായി  ‘ശ്രുതി സ‌്കൂൾ ഓഫ‌് ലിറ്റർജിക്കൽ മ്യൂസിക‌്’ എന്ന സ്ഥാപനം തുടങ്ങിയതും അച്ചന്റെ വിവാഹവും അന്നായിരുന്നു. ക്രിസ‌്തീയ പ്രാർഥനാഗീതങ്ങളും കീർത്തനങ്ങളും ശാ‌സ‌്ത്രീയ സംഗീതത്തിന്റെ ഈണം പകർന്ന‌് അവതരിപ്പിച്ചതിലൂടെ ജോർജ‌് അച്ചന്റെ പേരും പെരുമയും വർധിച്ചു. തിരുവാർപ്പ‌് ക്ഷേത്രത്തിലടക്കം  പാടിയ അദ്ദേഹം നിരവധി പള്ളികളിലും പൊതുവേദികളിലും  കച്ചേരി അവതരിപ്പിക്കുന്നുണ്ട‌്. ഇതിനിടെ സുറിയാനി സംഗീതത്തിൽ ഡോക്ടറേറ്റും നേടി. പുത്തനങ്ങാടി സെന്റ‌്തോമസ‌് സ‌്കൂളിലെ മുൻ അധ്യാപിക സൂസിയാണ‌് ഭാര്യ. ജർമനിയിൽ എൻജിനിയറായ പോൾ ജോർജ‌്, മംഗളം എൻജിനിയറിങ‌് കോളേജിലെ ആർക്കിടെക‌്ചർ വിദ്യാർഥിനി സൈറ എന്നിവർ മക്കൾ. 
   ലോകസംഗീത ദിനം പ്രമാണിച്ച‌് വെള്ളിയാഴ‌്ച സിഎംഎസ‌് കോളേജിൽ ആത്മ ഒരുക്കുന്ന സിംഫണിയിൽ മ്യൂസിക്കൽ ഫ്യൂഷനുമായും ജോർജച്ചൻ സംഗീതപ്രേമികളെ ഹരംകൊള്ളിക്കും.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top