31 March Tuesday

കൈക്കൂലി വാങ്ങിയ എന്‍ജിനിയര്‍ വിജിലന്‍സ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

 

കോട്ടയം
ബിൽ പാസാക്കുന്നതിന്‌ കരാറുകാരനിൽനിന്ന്‌ 20,000 രൂപ വാങ്ങിയശേഷം വീണ്ടും തുക ആവശ്യപ്പെട്ട എൻജിനിയർ വിജിലൻസ് പിടിയിൽ. വാട്ടർ അതോറിറ്റി പൊൻകുന്നം സബ്‌ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കൊട്ടാരക്കര കരിക്കം അജിത് ഭവൻ അജിത്ത് കെ തങ്കച്ചനെയാണ് തെങ്ങണയിൽനിന്നും വിലിജൻസ് സംഘം പിടികൂടിയത്.
ചങ്ങനാശേരി സബ്‌ ഡിവിഷനു കീഴിലുള്ള തൃക്കൊടിത്താനം പമ്പ് ഹൗസ് മുതൽ പായിപ്പാട് കൊച്ചുപള്ളി ഒഎച്ച് ടാങ്ക്  വരെയുള്ള പ്രദേശത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്‌ കരാർ എടുത്തിരുന്നയാളിൽനിന്നുമാണ് ഇയാൾ പണം വാങ്ങിയത്.  ഈ ജോലികൾക്കായി  65 ലക്ഷത്തോളം രൂപയുടെ ബിൽ പാസാക്കാനുണ്ടായിരുന്നു. ഈ ബിൽ പാസാകുന്നതിനുള്ള നടപടികൾക്കിടെ അജിത്തിന്‌  കൊൽക്കത്തയിൽ പൈപ്പ് ടെസ്റ്റ് ചെയ്യാൻ പോകാനുള്ള അനുവാദം ലഭിച്ചു. സർക്കാർ ചിലവിൽ പോകേണ്ടതിനു പകരം,  ബില്ലിന്റെ പേരുപറഞ്ഞ്‌ കരാറുകാരനെക്കൊണ്ട്‌ പണം ചെലവഴിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥൻ. ആദ്യം 15,000 രൂപയും, പിന്നീട് 10,000 രൂപയും യാത്രാ ചെലവിനായി ഇയാൾ കരാറുകാരനിൽനിന്നും ഈടാക്കി. തിരികെ എത്തിയപ്പോൾ ഭക്ഷണത്തിന് കൂടുതൽ തുക ചെലവായതായി അറിയിച്ചു. ഈ പണവും നൽകണമെന്ന് കരാറുകാരനോട് ആവശ്യപ്പെടുകയായിരുന്നു. ശല്യം സഹിക്കാനാവാതെ വന്നതോടെ കരാറുകാരൻ വിജിലൻസ് എസ്‌പി  വി വി വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു. തുടർന്ന്‌  പണം വാങ്ങാൻ  തെങ്ങണയിൽ എത്തിയ ഇയാളെ അറസ്റ്റ് ചെയ്യ്‌തു. ഇയാളെ വെള്ളിയാഴ്‌ച കോടതിയിൽ ഹാജരാക്കും.
 
 
പ്രധാന വാർത്തകൾ
 Top