27 September Sunday
കോട്ടയത്ത് വീണ്ടും ഒഎൽഎക്‌സ് തട്ടിപ്പ്

യുവാവ്‌ തട്ടിപ്പ്‌ നടത്തുന്നത്‌ ക്രിക്കറ്റ്‌ വാതുവയ്‌പ്പിനെന്ന്‌ പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 കോട്ടയം

ഒഎൽഎക്‌സിൽ ഐഫോൺ വിൽക്കാനുണ്ടെന്ന്‌ വിശ്വസിപ്പിച്ച്‌ മൊബൈൽഫോൺ  കട ഉടമയിൽ നിന്നും 76,000 രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി പിടിയിൽ. പൊന്നാനി മാറൻചേരി  മനൂപ് പന്തായിലിനെ(28)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ എം ജെ അരുൺ അറസ്റ്റ് ചെയ്തത്. ബേക്കർ ജങ്‌ഷനിലെ മൊബൈൽ ഫോൺ കടയുടമയായ റിഫാജാണ് തട്ടിപ്പിന് ഇര.
കഴിഞ്ഞ 15 നാണ്‌ സംഭവം. സെക്കൻഡ് ഹാൻഡ് മൊബൈലിന്റെ വില്പനയ്ക്കായി റിഫാജ് ഒഎൽഎക്‌സിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ട മനൂപ്‌ ഡിസംബറിലാണ്   റിഫാജിനെ ഫോണിൽ ബന്ധപ്പെടുന്നത്. തുടർന്ന് പല തവണ വിളിച്ച് റിഫാജിന്റെ സൗഹൃദം നേടിയെടുത്തു.
ജനുവരി 15 ന് റിഫാജിനെ ഫോണിൽ ബന്ധപ്പെട്ട മനൂപ്, ഐഫോൺ 11 പ്രോ  പക്കലുണ്ടെന്നും  86,000 രൂപ  വിലയും പറഞ്ഞു. 76,000 രൂപയിൽ ധാരണയായി.  മനൂപ്‌ നിർദേശിച്ച അക്കൗണ്ടിൽ തുക നിക്ഷേപിച്ചു.   പണം  പിൻവലിച്ച മനൂപ് ഫോൺ സ്വിച്ച് ഓഫ് ആക്കിയതോടെ  തട്ടിപ്പിന് ഇരയായന്ന്‌ റിഫാജിന് മനസ്സിലായി. പൊലീസ് അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരത്ത് ഉണ്ടെന്ന്‌ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും  കാർഡ് സൈപ്പ് ചെയ്ത് പ്രതി 7500 രൂപയുടെ ഫോൺ വാങ്ങിയിരുന്നു.  ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്‌പി ആർ ശ്രീകുമാറും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി സൂചന ലഭിച്ചത്.
 വെസ്റ്റ് പ്രിൻസിപ്പൽ എസ്ഐ ടി ശ്രീജിത്ത്, ഗ്രേഡ് എസ്ഐ സുരേഷ്, എഎസ്ഐ പി എൻ മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ ടി അനസ്, സിവിൽ പൊലീസ് ഓഫീസർ കെ ആർ ബൈജു, എം ദീപു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്‌തു. പ്രതിയെ ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കും.
ഇത്തരത്തിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം പ്രതി ക്രിക്കറ്റ് വാതുവയ്പ്പിനായാണ് ഉപയോഗിക്കുന്നതെന്നു പൊലീസ് കണ്ടെത്തി. ഇന്ത്യ–-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തിന്റെ വാതുവയ്‌പ്പിനും, വരാനിരിക്കുന്ന ഐപിഎൽ മത്സരത്തിന്റെ വാതുവയ്‌പ്പിനും പണം മുടക്കിയതായാണ് പ്രതി പൊലീസിനോട്‌ വെളിപ്പെടുത്തിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ സമാനരീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു.
 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top