21 February Friday

വാഴൂർ കോളേജിൽ 3–-ാം ദിവസവും ആർഎസ്എസ്-‐എബിവിപി അക്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

 വാഴൂർ

വാഴൂർ എസ്‌വിആർ എൻഎസ്എസ് കോളേജിൽ വിദ്യാർഥികൾക്ക് നേരെ മൂന്നാം ദിവസവും ആർഎസ്എസ്-–-എബിവിപി അക്രമം. മുപ്പതോളം പേരുടെ ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. തലയ്ക്കും കൈയ്ക്കും ഗുരുതരമായ പരിക്കേറ്റ രണ്ടാം വർഷ എംകോം വിദ്യാർഥിയും എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ പ്രസിഡന്റുമായ ശ്യാം മാത്യുവിനെ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. ഒന്നാം വർഷ എംഎ ഇക്കണോമിക്സ് വിദ്യാർഥി  അഭിൻ മാത്യു, രണ്ടാം വർഷ ഇംഗ്ലീഷ് വിദ്യാർഥി കെ എസ് അരവിന്ദ് എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ശ്യാമിനെ കഴിഞ്ഞ ദിവസവും ആക്രമിച്ചു.
തിങ്കളാഴ്ച ക്ലാസ് കഴിഞ്ഞ് കോളേജിൽനിന്ന് ഇറങ്ങി വരുമ്പോഴാണ് ആർഎസ്എസ് –-എബിവിപി പ്രവർത്തകർ ആക്രമണം തുടങ്ങിയത്‌. യൂണിയൻ ഭാരവാഹികൾ അടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നോക്കി നിൽക്കെയാണ്  ആക്രമിച്ചത്. പൊലീസ് ഇടപെട്ടപ്പോൾ അക്രമിസംഘം സമീപമുള്ള ആശ്രമത്തിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. എട്ട് പേരെ പള്ളിക്കത്തോട് പൊലീസ് ആശ്രമത്തിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിലും വിദ്യാർഥികൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം നടത്തിയിരുന്നു. കോളേജിൽനിന്ന് വീട്ടിലേക്ക്‌ ബൈക്കിൽ മടങ്ങിയ വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിച്ചു. ജോയൽ ജെയിംസ്, സച്ചു എന്നീ വിദ്യാർഥികൾക്കും സാരമായി പരിക്കേറ്റിരുന്നു. കേസ് നിലനിൽക്കെയാണ് തിങ്കളാഴ്ച വീണ്ടും ആക്രമണം.
 
 
പ്രധാന വാർത്തകൾ
 Top