15 December Sunday

പേടിപ്പിച്ച്‌ വീണ്ടും പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുസമീപം 10‐ാം മൈലിൽ കടപ്ലാക്കൽ ജോബിയുടെ വീട്‌ മരം വീണ് തകർന്നപ്പോൾ

 കോട്ടയം

രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയിൽ ജില്ലയിൽ അങ്ങിങ്ങ‌് നാശനഷ‌്ടം. മീനച്ചിൽ താലൂക്കിലാണ‌് ഏറെ നാശം ഉണ്ടായത‌്. മരംവീണ‌് രണ്ടു വീടുകൾ തകർന്നു. പൂഞ്ഞാറിൽ റോഡിൽനിന്ന‌ മരം മറിഞ്ഞാണ‌് വീട‌് തകർന്നത‌്. സംരക്ഷണ ഭിത്തി ഇടിഞ്ഞ‌് രണ്ടുവീടുകൾ അപകടാവസ്ഥയിലുമായി.
 മീനച്ചിലാറ്റിൽ ജലനിരപ്പ‌് ഉയർന്ന‌് കരകവിയാറായി. ഈരാറ്റുപേട്ട –- വാഗമൺ റൂട്ടിൽ മണ്ണിടിഞ്ഞ‌് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ‌്ച പുലർച്ചെ വാഴൂരിൽ മരം കടപുഴകി വീണ‌് ദേശീയപാതയിൽ രണ്ടുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. എട്ടു സെന്റീമീറ്റർ മഴയാണ‌് വെള്ളിയാഴ‌്ച പെയ‌്തത‌്. 
തീക്കോയി വാഗമൺ റൂട്ടിൽ കാരികാട‌് ടോപ്പിൽ രാവിലെ മലയിടിഞ്ഞ‌ു. തിട്ടയിടിഞ്ഞ‌് മണ്ണ‌് റോഡിലേക്ക‌് വീണതിനെ തുടർന്ന‌് ഈറൂട്ടിലെ ഗതാഗതം നിലച്ചു. മൂന്നുമണിക്കൂറിനു ശേഷമാണ‌് ഇവിടെ ഗതാഗതം പുന:സ്ഥാപിച്ചത‌്. പലയിടത്തും റോഡിലേക്ക‌് മരം വീണതും ഗതാഗതം തടസ്സപ്പെടുത്തി. 
മഴയത്തുണ്ടായ വാഹനാപകടങ്ങളിൽ ജില്ലയിൽ മൂന്നുപേർ മരിച്ചു.  പിറവം കോട്ടയം റൂട്ടിൽ നിയന്ത്രണംവിട്ട സ‌്കൂട്ടർ പോസ‌്റ്റിലിടിച്ച്‌ രണ്ടു പേരും പൂത്തോട്ട പാലത്തിൽ ബൈക്കിടിച്ച‌് വെള്ളത്തിൽവീണ‌് ഒരാളും മരിച്ചു. പാലച്ചുവട‌് കാവുംകട്ടയിൽ ബിനു(52) വെള്ളൂർ ഇറുമ്പയം തണ്ണിപ്പള്ളിൽ മുണ്ടാനയിൽ അനന്തു-(22) എന്നിവരാണ‌് സ്‌കൂട്ടർ പോസ്‌റ്റിലിടിച്ച്‌ മരിച്ചത‌്.  പൂത്തോട്ടയിലെ അപകടത്തിൽ ചേരിൻചുവട‌് വല്യാറമ്പത്ത‌് വിജയകുമാറിന്റെ മകൻ അർജുൻ(26) മരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top