27 September Sunday
പൾസ് പോളിയോ

തുള്ളിമരുന്ന് നുണഞ്ഞ്‌ 1,03,160 കുട്ടികൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

കോട്ടയം റെയിൽവേ സ്റ്റേഷനിൽ  ജില്ലാ ജനറൽ ആശുപത്രി ഒരുക്കിയ പോളിയോ കേന്ദ്രത്തിൽ കുഞ്ഞിന് വാക്സിൻ നൽകുന്നു

 കോട്ടയം

പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 1,03,160 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി. അഞ്ചു വയസ്സിന്‌ താഴെയുള്ള ആകെ കുട്ടികളുടെ 88 ശതമാനമാണിത്. രാവിലെ എട്ടുമുതൽ അഞ്ചുവരെയായിരുന്നു വിതരണം. ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. 
മുനിസിപ്പൽ ചെയർപേഴ്‌സൺ പി ആർ സോന, കൗൺസിലർ സാബു പുളിമൂട്ടിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആർ ബിന്ദുകുമാരി,  ആർസിഎച്ച് ഓഫീസർ ഡോ. സി ജെ  സിത്താര, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ ഡോമി, ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ലിന്റോ ലാസർ എന്നിവർ സംസാരിച്ചു.
 ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്വകാര്യ ആശുപത്രികൾ, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങൾ എന്നിവയിലാണ് ബൂത്തുകൾ പ്രവർത്തിച്ചത്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ബോട്ടുജെട്ടികൾ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും സജ്ജീകരിച്ചിരുന്നു. മൊബൈൽ ബൂത്തുകൾ വഴി ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, ഉത്സവ സ്ഥലങ്ങൾ, കല്യാണ മണ്ഡപങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ മരുന്നുവിതരണം നടത്തി. അങ്കണവാടി-, ആശാ,- കുടുംബശ്രീ,- ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 2,490 സന്നദ്ധപ്രവർത്തകർ പരിപാടിയിൽ പങ്കാളികളായി.
വരും ദിവസങ്ങളിൽ സന്നദ്ധപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് മരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് മരുന്ന് നൽകി യജ്ഞം പൂർത്തീകരിക്കുമെന്ന് ഡിഎംഒ അറിയിച്ചു.  ട്രാൻസിറ്റ് ബൂത്തുകളും മൊബൈൽ ബൂത്തുകളും രണ്ടുദിവസംകൂടി പ്രവർത്തിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരോഗ്യകേരളം, സാമൂഹ്യക്ഷേമ വകുപ്പ്, കുടുബശ്രീ, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശവകുപ്പ്, സാക്ഷരതാ മിഷൻ തുടങ്ങിയവയുടെയും റോട്ടറി ഇന്റർനാഷണലിന്റെയും സഹകരണത്തോടെയായിരുന്നു മരുന്ന്‌ വിതരണം.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top