13 November Wednesday
6 ഏക്കറിലെ കൃഷി ഉപേക്ഷിച്ചു

1400 റബർ മരങ്ങൾ മുറിച്ചുമാറ്റി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 

കാഞ്ഞിരപ്പള്ളി
ഉല്പാദന ചെലവേറുകയും വരുമാനം ഇല്ലാതാകുകയും ചെയ്‌തതോടെ ആറേക്കർ സ്ഥലത്തെ 1400 റബർ മരങ്ങൾ വിറകിന്‌ നൽകി കർഷകൻ. ടാപ്പിങ്‌ ആരംഭിക്കാനിരിക്കെ നാലുവർഷംവരെ പ്രായമായ മരങ്ങളാണ്‌ മുറിച്ചുമാറ്റിയത്‌. കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ എറികാട് എംഎംഎൽപി സ്കൂളിനു സമീപമുള്ള കടക്കയം മനോജ് കെ രവിയാണ്‌ വിലയിടിവിൽ മനംമടുത്ത്‌ കൃഷി വേണ്ടെന്നുവച്ചത്‌. 
ടാപ്പിങ്‌ ആരംഭിക്കാനിരിക്കെ 15 ഇഞ്ചോളം വണ്ണമുള്ള മരങ്ങളാണ്‌ മുറിച്ചത്‌. വിറകിനായി മരങ്ങൾ മുറിച്ചെടുക്കാൻ നാട്ടുകാർക്ക്‌ വിട്ടുനൽകുകയായിരുന്നു. പരിപാലനത്തിന് പ്രതിവർഷം രണ്ടു ലക്ഷത്തോളം രൂപ വേണ്ടിവന്നതോടെയാണ്‌ ഇതെന്ന്‌ അദ്ദേഹം പറഞ്ഞു. കൃഷി ചെലവിനായി മറ്റ്‌ മാർഗം തേടേണ്ടി വന്നതോടെ  മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.
വാഴക്കുളം സ്വദേശിയായ ഒരാൾ മൂന്നരവർഷം മുമ്പ് റബർ തൈകൾക്കിടയിൽ കൈതച്ചക്ക കൃഷി ചെയ്‌തെങ്കിലും ഇത് നഷ്ടമായതോടെ ഇയാൾ കൃഷി ഉപേക്ഷിച്ചു. വേഗത്തിൽ വിളവെടുപ്പ്‌ ആരംഭിക്കാവുന്ന 105, 403 ഇനങ്ങളിൽപ്പെട്ട റബർ മരങ്ങളാണിത്‌. സാധാരണ മരങ്ങൾ ഏഴുവർഷംവരെ പ്രായമെത്തിയാലേ ടാപ്പിങ്‌ ആരംഭിക്കാനാകൂ. എന്നാൽ ഈ മരങ്ങൾ നാലാം വർഷത്തിൽതന്നെ ടാപ്പിങ്‌ നടത്താം. റബറിന്‌ വേണ്ടത്ര വിലലഭിക്കാത്തതും കൃഷി ഉപേക്ഷിക്കാൻ കാരണമായി. മരങ്ങൾ വിൽക്കാൻ ശ്രമിച്ചെങ്കിലും കച്ചവടക്കാർ പരമാവധി  അയ്യായിരം രൂപയാണ്‌ വില പറഞ്ഞത്‌. ഇതോടെ മരങ്ങൾ വിറകിനായി വെട്ടിയെടുക്കാൻ നാട്ടുകാർക്ക്‌ നൽകി. 
രണ്ടു മാസം മുമ്പ് 150 രൂപ വരെ എത്തിയ റബറിന്റെ വില ഇപ്പോൾ 120 രൂപ മാത്രമാണ്. മിക്ക തോട്ടങ്ങളിലും ടാപ്പിങ്‌ നിലച്ച അവസ്ഥയാണ്. സാധാരണ ഈ സീസണിൽ വില കൂടേണ്ടതാണ്. ഇപ്പോൾ ഈ വിലയാണെങ്കിൽ ഉല്പാദനം വർധിക്കുന്ന ഡിസംബർ, ജനുവരി മാസത്തിൽ വില ഇനിയും ഇടിയുമെന്ന ആശങ്കയിലാണ്‌ കർഷകർ.
റബറിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കാഞ്ഞിരപ്പള്ളിയിൽ റബർ കൃഷി പ്രതിസന്ധിയിലാണ്. ടാപ്പിങ്‌ മുടങ്ങിയതോടെ തോട്ടങ്ങളാകെ കാടുകയറി. വൻകിട തോട്ടങ്ങളുടേയും അവസ്ഥ ഇതുതന്നെ. മരങ്ങൾ മുറിച്ചുമാറ്റി പലയിടങ്ങളിലും പ്ലോട്ടുകളായി വില്പന നടത്തുന്ന സ്ഥിതിയാണുള്ളത്‌.
 
 
പ്രധാന വാർത്തകൾ
 Top