20 November Wednesday

പട്ടാപ്പകൽ കട കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
ചങ്ങനാശേരി 
പായിപ്പാട് ജങ്‌ഷനിൽ സ്റ്റീൽ ഫർണിച്ചർ കടയുടെ ഷട്ടർ തകർത്ത് കവർച്ച. മേശക്കുള്ളിൽ സൂക്ഷിച്ച 19500 രൂപ കവർന്നു. പായിപ്പാട് ജങ്‌ഷനിൽ പ്രവർത്തിക്കുന്ന തോപ്പിൽ ഫർണിച്ചർ മാർട്ടിലാണ് സംഭവം. സംഭവത്തിൽ  പായിപ്പാട് പി സി  കവല വെട്ടുകുഴി വീട്ടിൽ അനീഷ്(37) നെ തൃക്കൊടിത്താനം പൊലീസ് പിടികൂടി.
കടയുടമ തോപ്പിൽ അബ്ദുസമദ് വെളളിയാഴ്ച ജുമാ പ്രാർഥനയ്ക്കായി പകൽ ഒന്നോടെ തൊട്ടടുത്ത മസ്ജിദിൽ പോയ സമയത്താണ് മോഷണം. തിരികെയെത്തിയപ്പോഴാണ്‌ മോഷണ വിവരം അറിഞ്ഞത്‌. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.  സംഭവസ്ഥലത്ത് എത്തിയ തൃക്കൊടിത്താനം പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ  മോഷ്ടാവിനെ തൊണ്ടി മുതൽ സഹിതം പിടികൂടി.
സ്ഥലത്തെ സിസിടിവി  ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചുവന്ന ബൈക്കിൽ എത്തിയ ആൾ വാഹനം നിർത്തി കടയ്ക്കുള്ളിൽ കയറുന്നതും തിരികെ പോകുന്നതും കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഇതേ വാഹനത്തിൽ കവലയിൽ  മറ്റൊരിടത്ത് മോഷ്ടാവിനെ കണ്ടെത്തുകയായിരുന്നു. ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ശനിയാഴ്ച  കോടതിയിൽ ഹാജരാക്കും.
 
 
പ്രധാന വാർത്തകൾ
 Top