21 November Thursday

കുട്ടികളെ കുത്തിനിറച്ച്‌ യാത്ര; സ്‌കൂൾ ബസുകൾ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
 
കോട്ടയം
സ്‌കൂൾ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ പെർമിറ്റില്ലാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതായും ബസുകളിൽ കുട്ടികളെ കുത്തിനിറച്ച്‌ കൊണ്ടുപോകുന്നതായും കണ്ടെത്തി. മോട്ടോർ വാഹനവകുപ്പ്‌ എൻഫോഴ്സ്മെന്റ്‌ വിഭാഗം നടത്തിയ പരിശോധനയിലാണ്‌  നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയത്‌. പല വാഹനങ്ങളും നികുതി അടയ്ക്കുന്നില്ലെന്നും പരിശോധനയിൽ  കണ്ടെത്തി.
ചങ്ങനാശേരി സെന്റ്‌ ആൻസ്, തൃക്കൊടിത്താനം പയനിയർ എന്നീ സ്കൂളുകളുടെ ഉടമസ്ഥതയിലുള്ള സ്കൂൾ ബസുകൾ നാലുമാസമായി നികുതി അടച്ചിട്ടില്ല. പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ കുട്ടികളെ നിയമവിരുദ്ധമായി  വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതായും കണ്ടെത്തി. കരാർ വ്യവസ്ഥയിൽ ഓടുന്ന ഈ വാഹനം നികുതിയും അടച്ചിട്ടില്ല. വെട്ടത്ത് കവല സെന്റ്‌ മേരീസ് പീസ് സ്കൂളിലേക്ക് പെർമിറ്റില്ലാത്ത സ്വകാര്യ വാഹനത്തിലാണ്‌ കുട്ടികളെ കൊണ്ടുപോകുന്നത്‌.  ഈ വാഹനവും നികുതി ഒടുക്കിയിരുന്നില്ല.
സുരക്ഷാപരിശോധനപോലും നടത്താത്ത പെർമിറ്റില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കയറ്റിവിടുന്നതിൽ രക്ഷകർത്താക്കളുടെ ഉത്തരവാദിത്തമില്ലായ്മയും കാരണമാണെന്ന്‌  ആർടിഒ പറഞ്ഞു. സ്വകാര്യ ഉപയോഗത്തിന് മാത്രം അനുവദിച്ചിരിക്കുന്ന ഇത്തരം വാഹനങ്ങളിൽ യാതൊരു കാരണവശാലും മറ്റുകുട്ടികൾ യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു.
അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ഡി ശരത്, കെ പ്രതാപ്, നിബു ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
 
 
 
പ്രധാന വാർത്തകൾ
 Top