20 August Tuesday
സംസ്ഥാനത്ത്‌ പൂർത്തിയായ ആദ്യ സെക്‌ഷൻ

പാലായിൽ ഏരിയൽ ബഞ്ച്‌ഡ്‌ കേബിൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 പാലാ 

വൈദ്യുത വിതരണ മേഖലയിലെ പ്രസരണ നഷ്ടവും അപകടങ്ങളും കുറയ്ക്കാൻ ലക്ഷ്യമിട്ട്‌  കെഎസ്‌ഇബി നടപ്പാക്കുന്ന സംയോജിത ഊർജവികസന(ഐപിഡിഎസ്‌) പദ്ധതിയുമായി ബന്ധപ്പെട്ട്‌ പാലാ സെക്ഷനിൽ നടത്തിവന്ന ഏരിയൽ ബഞ്ച്‌ഡ്‌ കേബിൾ(എബിസി) നിർമാണ ജോലികൾ പൂർത്തിയായി. ശനിയാഴ്‌ച പകൽ മൂന്നിന്‌ കെഎസ്‌ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ ബീന പയസ് പദ്ധതി ഉദ്‌ഘാടനം ചെയ്യും.
 സംസ്ഥാനത്ത് ഐപിഡിഎസ് പദ്ധതി പൂർണമായും സമയബന്ധിതമായി പൂർത്തിയാക്കുന്ന ആദ്യ സെക്ഷനായി ഇതോടെ പാലാ. 13.5 കോടി രൂപാ ചെലവിലാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌.  പുതിയ സംവിധാനം  നടപ്പാക്കുന്നതോടെ പാലാ സെക്ഷനിലെ തുടർച്ചയായ വൈദ്യുതി മുടക്കത്തിന്‌ പരിഹാരമാകുമെന്നും അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
പാലാ സെക്ഷനിലെ  35 കിലോമീറ്റർ 11 കെ വി ലൈനുകളാണ്‌ ഏരിയൽ ബഞ്ച്ഡ് കേബിൾ സംവിധാനത്തിലേക്ക്‌ മാറ്റിയത്‌. 18000 എൽടി ഉപഭോക്താക്കളും 26 ഹൈടെൻഷൻ ഉപഭോക്താക്കളുമുള്ള സെക്ഷനിലെ  അഞ്ച്‌ ട്രാൻസ്ഫോർമറുകൾ എബിസി  കേബിളിലേക്ക‌് മാറ്റി. വൈദ്യുതി ചോർച്ച പരിഹരിച്ച്‌  നഗരത്തിലെ വൈദ്യുതി ഉപയോഗം കൃത്യമായി കണക്കാക്കുന്നതിന് അതിർത്തികളിലും ഓരോ ട്രാൻസ്ഫോർമറിനും പ്രത്യേകം മീറ്ററുകൾ സ്ഥാപിച്ചു.  വൈദ്യുതിചോർച്ച പഠിക്കുതിനും പരിഹാരങ്ങൾ കാണുതിനും ഇതു സഹായകരമാകും.
 പാലാ 110 കെവി സബ്‌സ്റ്റേഷനിൽ നിന്നുള്ള 6 11 കെവി ഫീഡറുകൾ വഴിയാണ് നഗരത്തിൽ വൈദ്യുതി വിതരണം ചെയ്യുന്നത്. പുതുതായി ഒരു ഫീഡർ കൂടി വെള്ളിയാഴ്‌ച  മുതൽ ചാർജ‌് ചെയ്യും. ഇവയിൽ മൂന്ന്‌ ഫീഡറുകൾ പൂർണമായും ഏരിയൽ ബഞ്ച്ഡ് കേബിളുകളാണ്. നഗരത്തിന്റെ ഹൃദയഭാഗമായ കുരിശുപള്ളി ജങ‌്ഷൻ, മൂന്നാനി, മുത്തോലി, പാലാ ബൈപാസ്, കൊട്ടാരമറ്റം, മുരിക്കുംപുഴ, കിഴതടിയൂർ എന്നീ പ്രദേശങ്ങൾ പൂർണമായും കേബിളുകളിലൂടെയാണ് വൈദ്യുതി എത്തിക്കുക.  12 കിലോമീറ്റർ എൽടി എബിസി കേബിൾ, 10 കിലോമീറ്റർ പഴയ കമ്പികൾ മാറുന്ന ജോലികൾ, 20 പുതിയ ട്രാൻസ്ഫോർമറുകൾ, പാലാ ഹോമിയോ ആശുപത്രി- പോസ്റ്റ് ഓഫീസ് എന്നിവയ്ക്ക് പ്രത്യേകം ട്രാൻസ്ഫോർമർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തി  സ്ഥാപിച്ചു. ജനറൽ ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, കെഎസ്ആർടിസി തുടങ്ങി പ്രധാനപ്പെട്ട  സ്ഥാപനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും. അസി. എക്സി. എൻജിനിയർ  ഷാജി മാത്യു,  അസി. എൻജിനിയർ ഡി അശോക്, സബ് എൻജിനിയർ എം സി ചന്ദ്രലാൽ എന്നിവർ  വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top