15 December Sunday
കുമരകം ഇടവട്ടം–-കുമ്പളന്തറ പാടശേഖരത്തിൽ

കൃഷിയില്ലേൽ വീടുകൾ മുങ്ങും; നൂറുമേനിക്കും വേണം കരുതൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 കോട്ടയം

കാലവർഷത്തിൽ കുട്ടനാട്ടിൽ വിത്തുവിതച്ച‌് കൊയ്തെടുക്കൽ അങ്ങേയറ്റം പെടാപ്പാടാണ‌്. മലവെള്ളപ്പാച്ചിലിൽ പുറംബണ്ട‌് തകർന്നോ മടവീണോ കൃഷിനശിക്കാൻ  സാധ്യതയേറെ. എന്നാൽ ഈ പ്രതിസന്ധി കൊണ്ട‌് കുമരകം ഇടവട്ടം–-കുമ്പളന്തറ  പാടശേഖരത്തിലെ കർഷകർക്ക‌് കൃഷി നടത്താതിരിക്കാൻ കഴിയില്ല. മഴക്കാലത്ത‌് കൃഷിയില്ലെങ്കിൽ പാടശേഖരത്തിലെ തുരുത്തുകളിൽ കഴിയുന്ന നൂറോളം കുടുംബങ്ങൾ വെള്ളത്തിനടിയിലാകും. ഇതൊഴിവാക്കാൻ മഴക്കാലത്തെ പതിവ‌് വിരിപ്പുകൃഷിക്ക‌് പാടത്തിറങ്ങിയേ തീരൂ. ഇടവട്ടത്തെ കർഷകരിൽ ഏറെയും ഈ തുരുത്തുകളിലാണ‌് താമസം. 
ഇനിയൊരു പ്രളയത്തിനും വിട്ടുകൊടുക്കാതിരിക്കാനുള്ള അക്ഷീണ പ്രയത‌്നത്തിലാണ‌് പാടശേഖരസമിതി. 220 ഏക്കർ പാടത്തിന‌് ചുറ്റുമുള്ള പുറംബണ്ട‌് വീതികൂട്ടി ഉയർത്തിക്കെട്ടാനുള്ള ശ്രമം സമിതി ആരംഭിച്ചു. 10 ലക്ഷം രൂപ ചെലവ‌് പ്രതീക്ഷിക്കുന്ന പുറംബണ്ട‌് നിർമാണത്തിന‌് കർഷകർ തന്നെ പണം കണ്ടെത്തുന്നു. ഇതിനായി കടംവാങ്ങിയും ബാങ്ക‌് വായ‌്പ തരപ്പെടുത്തിയും മുഴുവൻ കർഷകരും ഒറ്റക്കെട്ടായുണ്ട‌്. മോട്ടോർതറകൾ ബലപ്പെടുത്താനുള്ള പണിയും ഇതിനൊപ്പം നടത്തണം. മറ്റ‌് പാടശേഖരങ്ങള‌ിൽ കൃഷിനാശത്തിന‌് നൽകിയതുപോലെ കൃഷിവകുപ്പ‌് മുഖേന സഹായം ലഭിക്കണമെന്നും പാടശഖരസമിതി കൺവീനർ പി എസ‌് അനീഷ‌് ആവശ്യപ്പെട്ടു. 
മഹാപ്രളയത്തിൽ രണ്ടുവട്ടമാണ‌് ഇടവട്ടം പാടശേഖരത്തിലെ വിത, വെള്ളം കൊണ്ടുപോയത‌്. കഴിഞ്ഞവർഷം ജൂലൈയിൽ ആദ്യവെള്ളപ്പൊക്കത്തിൽ തന്നെ കൃഷി നശിച്ചു. പുറംബണ്ട‌് കരകവിഞ്ഞ‌് വെള്ളം ഒഴുകിയെത്തി. വെള്ളപ്പൊക്കം ഒന്ന‌് കഴിഞ്ഞതിനാൽ ഇനി പേടിക്കേണ്ടതില്ലെന്ന‌് കരുതി  നഷ്ടം സഹിച്ച‌് രണ്ടാമതും വിതച്ചു. എന്നാൽ ആഗസ‌്തിലെ മഹാപ്രളയം സർവതും തകർത്തെറിഞ്ഞു. പുറംബണ്ടും മോട്ടോർതറയുമെല്ലാം നശിച്ചു. പ്രളയനഷ്ടപരിഹാരമായി 54,000 രൂപയാണ‌് കിട്ടിയത‌്. പാടത്ത‌് വെള്ളം കയറിയതോടെ തുരുത്തുകളിൽ കഴിഞ്ഞ കുടുംബങ്ങളും ദുരിതത്തിലായി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എല്ലാവരെയും ദുരിതാശ്വാസക്യാമ്പുകളിലേക്ക‌് മാറ്റി. ആഴ‌്ചകൾക്കുശേഷമാണ‌് എല്ലാവരും തിരികെ വീടണഞ്ഞത‌്. പിന്നീട‌് അതിജീവനത്തിന്റെ കൊയ‌്ത്തിനും ഈ പാടശേഖരം സാക്ഷ്യംവഹിച്ചു. വിരിപ്പിനു പകരം ഒക‌്ടോബറിൽ പുഞ്ചകൃഷിക്ക‌് വിതച്ചു. 
എക്കൽ നീക്കുന്നതിനും വിത്തിനും വളത്തിനുമുൾപ്പെടെ സർക്കാരിന്റെ വിവിധ സഹായങ്ങൾ കൂടി ലഭ്യമായതോടെ കർഷകരും കൂടുതൽ ആവേശത്തോടെ പാടത്തിറങ്ങിയതിന്റെ ഫലം വരമ്പത്തുതന്നെ കിട്ടി. ഏക്കറിന‌്  പരമാവധി 22–-25 ക്വിന്റൽ നെല്ല‌് കിട്ടിയിരുന്നത‌് 30 ക്വിന്റൽ വരെ ലഭിച്ചു. ഇക്കുറിയും മികച്ച വിളവിനുള്ള ലക്ഷ്യത്തിലാണ‌് പുറംബണ്ട‌് ബലപ്പെടുത്തലും പുരോഗമിക്കുന്നത‌്. പി പി മാത്യു (പ്രസിഡന്റ‌്), പി ടി പ്രകാശൻ (സെക്രട്ടറി) എന്നിവരാണ‌് പാടശേഖരസമിതിയുടെ മറ്റ‌് ഭാരവാഹികൾ.
 
 
പ്രധാന വാർത്തകൾ
 Top