25 August Sunday

കേന്ദ്ര തൊഴിൽ നിയമഭേദഗതി: മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇടപെടുമെന്ന് ഗവര്‍ണര്‍ പി സദാശിവം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 കോട്ടയം

കേന്ദ്ര തൊഴിൽ നയത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ ആശങ്കകൾ പരിഹരിക്കാൻ പ്രധാനമന്ത്രിയോടും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയോടും ആശയവിനിമയം നടത്തുമെന്ന് ഗവർണർ പി സദാശിവം പറഞ്ഞു.   കോട്ടയം പ്രസ്‌ക്ലബ് കെട്ടിടത്തിലെ പുതിയ നിലയുടെയും ജേർണലിസം സ്‌കൂളിന്റെ 20-ാമത് വാർഷികവും  ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ പത്രപ്രവർത്തക യൂണിയൻ നൽകുന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുടർചർച്ചകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ പങ്കുവച്ച ആശങ്കകൾക്ക് മറുപടിയായാണ് ഗവർണർ ഇക്കാര്യം അറിയിച്ചത്. 
മാധ്യമ ധാർമികത കനത്ത വെല്ലുവിളി നേരിടുന്നു. പരസ്യസ്വഭാവമുളള വാർത്തകളും പെയ്ഡ് ന്യൂസുകളും യഥാർഥ വസ്തുതകളെ മൂടിവയ്ക്കുന്നു. വാർത്തകൾ വില്പനച്ചരക്കാകുമ്പോൾ മാധ്യമ ധാർമികത വിപണി സമ്മർദങ്ങളുടെ വെല്ലുവിളി നേരിടുന്നു.
ഡിജിറ്റൽവൽക്കരണം മാധ്യമങ്ങൾക്ക് അതിരുകളില്ലാത്ത സ്വാതന്ത്ര്യം നൽകി. ഇത് പലരും ദുരുപയോഗപ്പെടുത്തുന്നു. വ്യാജ റിപ്പോർട്ടുകൾക്കെതിരെ ജാഗ്രത പുലർത്തുകയും അത് തുറന്നുകാട്ടുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
 കോടതികളിൽ മാധ്യമപ്രവർത്തകർക്ക് വാർത്താ റിപ്പോർട്ടിങ്ങിന‌് പ്രത്യേക സ്ഥലവും സൗകര്യങ്ങളും ഒരുക്കാൻ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയായിരിക്കെ സ്വീകരിച്ച നടപടികളെക്കുറിച്ചും മാധ്യമപ്രവർത്തകരുമായുളള ഊഷ്മള ബന്ധത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.   തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷനായി. പ്രസ്‌ക്ലബ് പ്രസിഡന്റ് സാനുജോർജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചിൻ ഷിപ് യാഡ് ഓഡിറ്റ് കമ്മിറ്റി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, അസി. ജനറൽ മാനേജർ പി എൻ സമ്പത്ത്കുമാർ, കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സി നാരായണൻ, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, പ്രസ്‌ക്ലബ് സെക്രട്ടറി എസ് സനിൽ കുമാർ, ട്രഷറർ റെജി ജോസഫ് എന്നിവർ സംസാരിച്ചു. പ്രസ്‌ക്ലബിന്റെ ഉപഹാരം ഗവർണർക്ക് സമ്മാനിച്ചു. എംജി  സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ഗവർണറുടെ ഭാര്യ സരസ്വതി സദാശിവം എന്നിവർ പങ്കെടുത്തു.
 
പ്രധാന വാർത്തകൾ
 Top