20 June Thursday

വോട്ടെണ്ണൽ 3 കേന്ദ്രങ്ങളിലെ എട്ടിടത്ത‌്

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

 കോട്ടയം

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കോട്ടയം നഗരത്തിലെ മൂന്നു കേന്ദ്രത്തിൽ. മണ്ഡലത്തിലെ ഏഴു അസംബ്ലി മണ്ഡലങ്ങളിലെയും വോട്ടെണ്ണുന്നത‌് ഈ കേന്ദ്രങ്ങളിൽ തയ്യാറാക്കിയ പ്രത്യേക സെന്ററുകളിലാണ‌്. പോസ‌്റ്റൽ ബാലറ്റ‌് എണ്ണുന്നത‌് അടക്കം ഇത്തരം എട്ടിടങ്ങളുണ്ട‌് മൂന്നു കേന്ദ്രങ്ങളിലായി. വിവിപാറ്റ‌് രസീതുകൾ എണ്ണുന്നത‌് ഇലക‌്ട്രോണിക‌് വോട്ടിങ‌് യന്ത്രങ്ങളിലെ വോട്ടെണ്ണലിനു ശേഷമായതിനാൽ ആദ്യഫല സൂചന പതിവുപോലെ രാവിലെ 8.30 ന‌് അറിയാം. പകൽ 11 ഓടെ വോട്ടെണ്ണൽ പൂർത്തിയാകും. ഇതോടെ വിജയിയെ അറിയാം. വിവി പാറ്റ‌് രസീതുകൾ എണ്ണിയ ശേഷം ഔദ്യോഗികമായി തെരഞ്ഞെടുപ്പ‌് ഫലപ്രഖ്യാപനം. വോട്ടെണ്ണൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ‌്. വോട്ടെണ്ണൽ ജോലികൾക്കുള്ള പരിശലീനം ശനിയാഴ‌്ച പൂർത്തിയായി.
കോട്ടയം മൗണ്ട് കാർമൽ സ്കൂൾ, എംഡി സെമിനാരി ഹൈസ്കൂൾ, ബസേലിയസ് കോളേജ് എന്നിവിടങ്ങളാണ‌് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ഇവിടങ്ങളിലെ എട്ടു സെന്ററുകളിലായാണ‌് വോട്ടെണ്ണുക. രാവിലെ എട്ടിന‌് വോട്ടെണ്ണൽ ആരംഭിക്കും. പോസ‌്റ്റൽ–- സർവീസ‌് വോട്ടുകൾ റിട്ടേണിങ‌് ഓഫീസറുടെ ഓഫീസിലെ ടേബിളിലാണ‌് എണ്ണുന്നത‌്. ഇതോടൊപ്പം മറ്റു സെന്ററുകളിൽ ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണും. 
വോട്ടെണ്ണൽ ജോലികൾക്കായി 441 ഉദ്യോഗസ്ഥരെയാണ‌്നിയോഗിച്ചത് . ഇതിൽ റിസർവ് ഉദ്യോഗസ്ഥരുമുണ്ട്. ഏഴു അസംബ്ലി മണ്ഡലങ്ങൾക്കും 14 വീതം വോട്ടെണ്ണൽ മേശകളാണ് സജ്ജീകരിക്കുക. ഓരോ മേശയിലും മൈക്രോ ഒബ്‌സർവർ, കൗണ്ടിങ‌് സൂപ്പർവൈസർ, കൗണ്ടിങ‌് അസിസ്റ്റന്റ് എന്നിവരുണ്ടാകും. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരാണ് മൈക്രോ ഒബ്‌സർവർമാർ. കൗണ്ടിങ‌് സൂപ്പർവൈസർമാർ ഗസറ്റഡ് റാങ്കിലുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും കൗണ്ടിങ‌് അസിസ്റ്റന്റുമാർ സംസ്ഥാന സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ്. വോട്ടെണ്ണൽ ദിവസമായ 23 ന് പുലർച്ചെ അഞ്ചിന് നടക്കുന്ന റാൻഡമൈസേഷനിലേ ഇവർ ഏതേതു ബൂത്തുകളിലെ വോട്ടുകളാണ് എണ്ണേണ്ടതെന്ന് തീരുമാനിക്കൂ. കോട്ടയം ബേക്കർ മെമ്മോറിയൽ സ്‌കൂളിലായിരുന്നു വോട്ടെണ്ണൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം. ട്രെയിനിങ‌് നോഡൽ ഓഫീസർ ഹുസൂർ ശിരസ്തദാർ ബി അശോക‌്കുമാർ ക്ലാസെടുത്തു. 
ഓരോ അസംബ്ലി മണ്ഡലത്തിലെയും അഞ്ചു ബൂത്തുകളിലെ വിവിപാറ്റ‌് രസീതുകൾ ആണ‌് എണ്ണേണ്ടത‌്. ഇലക്‌ട്രോണിക്‌ വോട്ടിങ്‌യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടും വിവിപാറ്റ‌് രസീതുമായി ഒത്തുനോക്കുകയാണ‌് ചെയ്യുന്നത‌്. ഈ പ്രക്രിയ വൈകിട്ടു വരെ നീണ്ടേക്കും.
വോട്ടെണ്ണൽ ഇങ്ങനെ
കോട്ടയം
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ അസംബ്ലി മണ്ഡലവും  വോട്ടെണ്ണൽ സെന്ററും ഇപ്രകാരം:
പാലാ–- മൗണ്ട് കാർമൽ എച്ച‌്എസ‌്എസ‌് ഓഡിറ്റോറിയം കിഴക്കുഭാഗം.
കടുത്തുരുത്തി–- മൗണ്ട് കാർമൽ എച്ച‌്എസ‌്എസ‌് ഓഡിറ്റോറിയം പടിഞ്ഞാറുഭാഗം.
വൈക്കം–- മൗണ്ട് കാർമൽ ബിഎഡ‌് ട്രെയിനിങ‌് കോളേജ‌് ഓഡിറ്റോറിയം.
പിറവം–- എംഡി സെമിനാരി എച്ച‌്എസ‌്എസ‌് ഓഡിറ്റോറിയം.
ഏറ്റുമാനൂർ–- എംഡി സെമിനാരി എച്ച‌്എസ‌് ഓഡിറ്റോറിയം പടിഞ്ഞാറുഭാഗം.
കോട്ടയം–- എംഡി സെമിനാരി എച്ച‌്എസ‌് ഓഡിറ്റോറിയം കിഴക്കുഭാഗം.
പുതുപ്പള്ളി–- ബസേലിയസ് കോളേജ് ഓഡിറ്റോറിയം.
റിട്ടേണിങ‌് ഓഫീസറുടെ ഓഫീസ‌്–- ബസേലിയസ് കോളേജ് ന്യൂ ഓഡിറ്റോറിയം, പോസ‌്റ്റൽ–- സർവീസ‌് വോട്ടെണ്ണലും ഇവിടെ. 
 
പ്രധാന വാർത്തകൾ
 Top