22 February Saturday

അദാലത്ത്‌ നയിച്ചും പരാതികൾ പരിഹരിച്ചും മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കെഎസ്ഇബി കോട്ടയം ജില്ലാതല വൈദ്യുതി അദാലത്ത് മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

കോട്ടയം
"അടുക്കളയോടു ചേർന്നാണ് ട്രാൻസ്ഫോർമർ. പാത്രം കഴുകാനോ വിറകുവെട്ടാനോ കഴിയില്ല. മഴക്കാലമായാൽ വൈദ്യുതി ഷോർട്ട് സർക്യൂട്ടായി ട്രാൻസ്ഫോർമറിൽ നിന്ന് തീ ചിതറും. ജീവൻ പണയപ്പെടുത്തിയാണ് ഞങ്ങൾ കഴിയുന്നത്‘ വർഷങ്ങളായിട്ടും പരിഹാരമില്ലാത്ത പരാതി വൈദ്യുതി മന്ത്രി എം എം മണിക്കു മുന്നിൽ പറയുമ്പോഴും തിരുവാർപ്പ് പുത്തൻചിറയിൽ വത്സമ്മ ജോസഫിന് പ്രതീക്ഷയില്ലായിരുന്നു. പക്ഷെ, പരിഹാരമുണ്ടാക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയപ്പോൾ വത്സമ്മയുടെ മുഖംതെളിഞ്ഞു. ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ 2.22 ലക്ഷം രൂപ എസ്റ്റിമേറ്റ് കണക്കാക്കിയിട്ടുണ്ടെന്നും വൈദ്യുതി ബോർഡിന്റെ ചെലവിൽ ഇതു മാറ്റിസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക്‌ നന്ദിപറഞ്ഞ അവർ ആശ്വാസത്തോടെ മടങ്ങി.
കോട്ടയം കെപിഎസ്‌ മേനോൻ ഹാളിൽ നടന്ന വൈദ്യുത അദാലത്ത്‌ നയിച്ചും പരാതികൾ കേട്ടും പരിഹരിച്ചും മന്ത്രി എം എം മണി ഉടനീളം പങ്കെടുത്തു. പരാതികൾ പരിഗണിച്ച ആറു കൗണ്ടറുകളിലും ഇടയ്‌ക്കിടെ എത്തി പുരോഗതി വിലയിരുത്തി. ഇതിനിടെ ചിലർ മന്ത്രിയെ നേരിട്ട്‌ പരാതി ശ്രദ്ധയിൽപ്പെടുത്തി.  ഇതുൾപ്പെടെ നിരവധി പരാതികൾക്ക് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ തീർപ്പുകൽപ്പിച്ചത്‌. 
വിധവയായ സചിവോത്തമപുരം കുന്നക്കാട്ടുതറ മോളി ഐസക്കിന്റെ 60,000 രൂപയുടെ വൈദ്യുതി ബിൽ കുടിശിക ഒഴിവാക്കി നൽകി. സ്വന്തം പുരയിടത്തിലൂടെ കടന്നു പോയിരുന്ന വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാനുള്ള അപേക്ഷയുമായി എത്തിയ നെടുങ്ങാടപ്പള്ളി സ്വദേശി ഈപ്പൻ വർഗീസിന് എസ്റ്റിമേറ്റ് തുകയായ 83,000 രൂപ പകുതിയായി വെട്ടിക്കുറച്ചു. ഇതോട്ടെ പ്രശ്നം പരിഹരിക്കുന്നതിന് വഴിതുറന്നു.
 
 
പ്രധാന വാർത്തകൾ
 Top