20 March Wednesday
തീർഥാടകരെ വലച്ച്‌ ഹർത്താൽ

സ്വാമിമാർക്ക‌് പെരുവഴി ‘ശരണം ’

വെബ് ഡെസ്‌ക്‌Updated: Sunday Nov 18, 2018

കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച പമ്പ ബസിൽ കയറുന്ന ഇതരസംസ്ഥാനക്കാരായ അയ്യപ്പതീർഥാടകർ

 കോട്ടയം

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും അപ്രതീക്ഷിതമായി പുലർച്ചെ ആഹ്വാനം ചെയ്ത ഹർത്താൽ ജനജീവിതത്തെ ദുരിതത്തിലാക്കി.  മുന്നിറിയിപ്പില്ലാതെ നടത്തിയ ഹർത്താൽ ജനങ്ങളുടെ കടുത്ത എതിർപ്പിനും പ്രതിഷേധത്തിനും ഇടയാക്കി. അയ്യപ്പൻമാർക്കും കനത്തദുരിതമാണ്  ഹർത്താൽ സമ്മാനിച്ചത്. ഹർത്താൽ വിവരമറിയാതെ യാത്രപുറപ്പെട്ട യാത്രക്കാർ പാതിവഴിയിൽ വലഞ്ഞു. ഹോട്ടലുകൾക്ക് വൻനഷ്ടമാണ് ഹർത്താൽ വരുത്തിവച്ചത്. തലേന്നുതന്നെ തയാറെടുപ്പുകെളല്ലാം പൂർത്തിയാക്കിയ ഇവർ രാവിലെ ഹോട്ടൽ  തുറക്കാൻ ശ്രമിച്ചെങ്കിലും സമരക്കാർ പലതും അടപ്പിച്ചു. വിവരം അറിയാതെ വിവിധ സ്ഥലങ്ങളിൽനിന്ന് നൂറുകണക്കിന് യാത്രക്കാരാണ് കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകളിൽ വന്നിറങ്ങിയത്. ഇവരുടെയെല്ലാം തുടർയാത്ര മുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ ആഹാരം പോലും ലഭിക്കാതെ ഏറെ വലഞ്ഞു. 
കടകമ്പോളങ്ങൾ ഒന്നും തുറന്നില്ല. ശബരിമല സർവീസ് ഒഴിച്ചുള്ള മറ്റൊരു സർവീസും  കെഎസ്ആർടിസി നടത്തിയില്ല. സ്വക്യാര്യ ബസുകൾ സർവീസ് നിർത്തിവച്ചു. എന്നാൽ ഓട്ടോയും സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി. പ്രകടനമായെത്തിയ ഹർത്താൽ അനുകൂലികൾ ഹെഡ്പോസ്റ്റോഫീസ്, സബ് ട്രഷറി, ഇന്ത്യൻ കോഫീ ഹൗസ് എന്നിവ അടപ്പിച്ചു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവർ പിരിഞ്ഞ് പോയി. പിന്നീട്  തിരുനക്കരയിൽ നിന്നും നാമജപ യാത്ര എന്ന പേരിൽ ആർഎസ‌്‌‌‌‌‌എസ‌് ബിജെപിക്കാർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. കലക്ട്രേറ്റിന് സമീപം പൊലീസ് ഇവരെ തടഞ്ഞു. തുടർന്ന് ഇവർ റോഡിൽ കുത്തിയിരിന്നു പ്രതിഷേധിച്ചു.   കോട്ടയം ഡിവൈഎസ‌്പിയുടെ നേതൃത്വത്തിൽ  പൊലീസും സ്ഥലത്തുണ്ടായിരുന്നു. പലയിടത്തും ആക്രമം നടത്താൻ ശ്രമി ച്ചെങ്കിലും പൊലീസ് ഇടപ്പെട്ടതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ഹർത്താലനുകൂലികൾക്ക് സാധിച്ചില്ല. കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്ന് കോട്ടയം മെഡിക്കൽ കോളജിലേക്കും കലക്ട്രേറ്റിലേക്കും പൊലീസ് വാഹനസൗകര്യം ഒരുക്കിയിരുന്നു.  ഇത‌് വലിയ ആശ്വാസമായി. ഹർത്താലിനെ തുടർന്ന് റവന്യൂ ജില്ല സ്കൂൾ കലോത്സവവും എംജി സർവകലാശാല പരീക്ഷകളും മാറ്റിയിരുന്നു. മാറ്റിയ കലോത്സവം തിങ്കളാഴ്ച നടക്കും. 
അതേസമയം  ഹർത്താലോ മറ്റ് സംഭവങ്ങളോ അറിയാതെ തിരുനക്കര മഹാദേവക്ഷത്രത്തിൽ തൊഴാനും വിരിവെക്കാനെത്തിയ ഇതരസംസ്ഥാനക്കാരായ അയ്യപ്പന്മാരെ നാമജപ പേര് പറഞ്ഞ് നിർബന്ധിച്ച് പ്രകടത്തിൽ  ആർഎസ്എസിനൊപ്പം കൂട്ടിയിരുന്നു. എന്നാൽ പ്രകടനത്തിന്റെ സ്വഭാവം മനസ്സിലാക്കിയ ഇവർ മറ്റ് ചിലരോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി ചന്തക്കവല ആയപ്പോൾ പ്രകടനത്തിൽ നിന്നും  ഇറങ്ങിപ്പോയി.  ഇവരെ തിരിച്ച് കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
 
 
 
പ്രധാന വാർത്തകൾ
 Top