13 November Wednesday

ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ ഹൃദയപൂർവം ഏറ്റെടുത്ത്‌ ജനം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊതിച്ചോർ വിതരണംചെയ്യുന്നു

കോട്ടയം
മെഡിക്കൽ കോളേജിൽ വിശന്നുവലഞ്ഞ്‌ ഒരാളും ഇരിക്കരുതെന്ന്‌ ഉറപ്പാക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച പൊതിച്ചോർ വിതരണം മെഡിക്കൽകോളേജ്‌ ആശുപത്രിയിൽ വിജയകരമായി മുന്നേറുന്നു. ആഗസ്‌ത്‌ ഒന്നുമുതലാണ്‌ ഡിവൈഎഫ്‌ഐ ജില്ലാക്കമ്മിറ്റി  ‘വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാൻ ഹൃദയപൂർവം ഡിവൈഎഫ്‌ഐ പദ്ധതി ’ ആരംഭിച്ചത്‌. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുനേരത്തെ ഭക്ഷണം നൽകുന്നതാണ്‌ ഹൃദയപൂർവം പദ്ധതി. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനംചെയ്‌ത പദ്ധതി വ്യാഴാഴ്‌ച 78 ദിവസം പൂർത്തിയാക്കി. ഒരുദിവസംപോലും മുടങ്ങാതെയാണ്‌ ഭക്ഷണവിതരണം. ഇതിനകം മൂന്നരലക്ഷത്തിലേറെ പൊതികൾ വിതരണം ചെയ്‌തുകഴിഞ്ഞു.  
  ജില്ലാ കമ്മിറ്റിക്ക്‌ കീഴിൽ 117 മേഖലാ കമ്മിറ്റികളുണ്ട്‌. ഓരോ ദിവസത്തെയും 
ഭക്ഷണവിതരണം ഓരോ മേഖലാ കമ്മിറ്റിക്കാണ്‌. വർഷത്തിൽ മൂന്നുതവണ ഒരുമേഖലാ കമ്മിറ്റി ഭക്ഷണം ശേഖരിക്കണം. വ്യാഴാഴ്‌ച ചങ്ങനാശേരി ടൗൺ നോർത്ത്‌, വെസ്‌റ്റ്‌ മേഖലാ കമ്മിറ്റികളാണ്‌ ഭക്ഷണം എത്തിച്ചത്‌. 7000 പൊതികളാണ്‌ വിതരണം ചെയ്‌തത്‌. തങ്ങളുടെ ഊഴമെത്തുന്നതിന്‌ രണ്ടുദിവസം മുമ്പുതന്നെ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആ പ്രദേശത്തെ വീടുകളിൽ പ്രവർത്തകരെത്തി ഭക്ഷണപ്പൊതികൾ ഉറപ്പുവരുത്തും. തുടർന്ന്‌ ഭക്ഷണം നൽകേണ്ട ദിവസം രാവിലെ വീടുകൾതോറും കയറിയിറങ്ങി പൊതികൾ ശേഖരിച്ച്‌ മേഖലയിലെ പല പ്രദേശങ്ങളിൽ നിന്നുമുള്ള പൊതികൾ ഒരുമിപ്പിച്ച് വാഹനത്തിൽ മെഡിക്കൽ കോളേജിൽ എത്തിക്കും. ഇതിനൊപ്പം ആവശ്യമുള്ള രോഗികൾക്ക്‌ രക്തം നൽകാനും യുവാക്കളെ സജ്ജരാക്കിയിട്ടുണ്ട്‌. രോഗികളുടെ ബന്ധുക്കൾ സമീപിച്ചാൽ ആ സമയത്ത്‌ ലഭ്യമായ രക്തഗ്രൂപ്പുകാരെ അപ്പോൾ തന്നെ നിയോഗിക്കും. നെഗറ്റീവ്‌ ഗ്രൂപ്പുകളിൽ അപൂർവമായ രക്തം ആവശ്യമാണെങ്കിലും അടുത്തദിവസം എത്തിക്കാനും ശ്രമമുണ്ട്‌.  
  പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കി വാഴയിലയിൽ പൊതിഞ്ഞ ഭക്ഷണമാണ് എത്തിക്കുന്നത്. ആശുപത്രിയുടെ പ്രധാന ബ്ലോക്കിനു താഴെയും ഗൈനക്കോളി വിഭാഗത്തിലുമാണ്‌ വിതരണകേന്ദ്രങ്ങൾ.
 
 
പ്രധാന വാർത്തകൾ
 Top