21 September Saturday

കുടുംബശ്രീയ്‌ക്കുണ്ടൊരു "പത്തായം'

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019
കോട്ടയം
ചേന, കപ്പ, കാച്ചിൽ, പയറുകൾ, പാവയ്‌ക്ക, കോവയ്‌ക്ക...നല്ല നാടൻ വിഭവങ്ങൾവേണോ? കലക്ടറേറ്റിലേക്ക്‌ പോരൂ. കൂടാതെ നല്ല വെളിച്ചെണ്ണയിൽ വറുത്തെടുത്ത ഉപ്പേരി, മറ്റ്‌ പൊടികൾ, കുടുംബശ്രീയുടെ ബ്രാൻഡഡ്‌ അരി ഗ്രാമശ്രീ എന്നിവയും ലഭിക്കും, അതാണ്‌ കുടുംബശ്രീയുടെ പത്തായം.
കുടുംബശ്രീ, സംഘകൃഷി ഗ്രൂപ്പുകളുടെയും സംരംഭകരുടെയും കാർഷിക ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കലക്ടറേറ്റ്‌ വളപ്പിൽ സ്ഥിരം വിപണനശാലയ്‌ക്ക്‌ തുടക്കമായിരിക്കുന്നത്‌. കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കുടുംബശ്രീ സിഡിഎസിലുള്ള ഡെയ്‌സിമോൾ, ഷിജി ഷിബു, മിനി ബേബി എന്നിവർക്കാണ്‌ പത്തായത്തിന്റെ ചുമതല. ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ ആവശ്യക്കാർക്കായി നേരിട്ട്‌ ലഭിക്കുന്നതിനാൽ വിലക്കുറവും ഉണ്ട്‌. 
മുനിസിപ്പൽ സിഡിഎസുകളിൽനിന്ന്‌ വിജയപുരം, കുറിച്ചി, പനച്ചിക്കാട്, ഏറ്റുമാനൂർ, തിരുവാർപ്പ്, കുമരകം, കിടങ്ങൂർ, പുതുപ്പള്ളി, അതിരമ്പുഴ എന്നിവിടങ്ങളിലെ കുടുംബശ്രീ കർഷകരുടെയും സംരംഭകരുടെയും ഉൽപ്പന്നങ്ങളാണ്‌ വിൽപ്പനയ്‌ക്കുള്ളത്‌. കൂടാതെ സിവിൽസ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി ഓർഡറുകളനുസരിച്ച് പച്ചക്കറികൾ പാചക കിറ്റുകളാക്കി ഓഫീസുകളിൽ എത്തിച്ചുനൽകുകയുംചെയ്യും.
   കലക്ടർ പി കെ സുധീർ ബാബു കുടുംബശ്രീ പത്തായം ഉദ്‌ഘാടനംചെയ്‌തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി എൻ സുരേഷ്‌, അസിസ്‌റ്റന്റ്‌ കോർഡിനേറ്റർ ബിനോയ്‌ കെ ജോസഫ്‌, ജില്ലാ പ്രോഗ്രാം മാനേജർമാരായ അനൂപ്‌ ചന്ദ്രൻ, ജോബി ജോൺ, രാജേഷ്‌ പൈ, ബ്ലോക്ക്‌ കോർഡിനേറ്റർമാരായ രജിത പ്രശാന്ത്‌, ആർ രാജീവ്‌, ജോമേഷ്‌ എന്നിവർ സന്നിഹിതരായി.
 
പ്രധാന വാർത്തകൾ
 Top