29 May Sunday

സിൽവർ ലൈൻ 
ജനസമക്ഷം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കോട്ടയം

കാസർഗോഡ് -തിരുവനന്തപുരം അർദ്ധ അതിവേഗ റെയിൽ പാതയായ സിൽവർലൈൻ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി കോട്ടയം ജില്ലയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ചൊവ്വ രാവിലെ 10.30ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. സഹകരണ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.

കെ റെയിൽ മാനേജിങ്‌ ഡയറക്ടർ വി അജിത്കുമാർ പദ്ധതി അവതരണം നടത്തും. പാത കടന്നു പോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായാണ് വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്. 

എറണാകുളത്ത്
എത്താം 23 മിനിറ്റിൽ

കോട്ടയം

സിൽവർ ലൈനിന്റെ 48.79 കിലോമീറ്ററാണ്  ജില്ലയിലൂടെ കടന്നുപോകുക. കോട്ടയം നഗരത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്നും 2.16 കിലോമീറ്റർ അടുത്ത്‌ എം സി റോഡിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തരനിലവാരത്തിൽ കെ- റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക.  സ്‌റ്റേഷനിൽ വിശാലമായ കാർ പാർക്കിങ്‌ സൗകര്യമൊരുക്കും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ- വാഹന കണക്ടിവിറ്റിയും ഉണ്ടായിരിക്കും. വൈദ്യുതി വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. കോട്ടയത്ത്‌ നിന്ന്‌ 1.02 മണിക്കൂറിൽ തിരുവനന്തപുരത്തും 16 മിനിറ്റിൽ ചെങ്ങന്നൂരും 40 മിനിറ്റിൽ കൊല്ലത്തും എത്താനാകും. എറണാകുളത്തിന് 23 മിനിറ്റും തൃശൂരിന് 54 മിനിറ്റും കോഴിക്കോടിന് 1.38 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി രാജ്യാന്തര വിമാനത്താവളം, തൃശൂർ, തിരൂർ,  കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവയാണ് സ്റ്റേഷനുകൾ. ആകെ 529.45 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ സഞ്ചരിക്കുക.  

 

ഇതാണ്‌ കെ -റെയിൽ 

കോട്ടയം

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കേരള റെയിൽ ഡവലപ്‌മെന്റ്‌ കോർപ്പറേഷൻ അഥവാ കെ -റെയിൽ. 11 ജില്ലകളിലൂടെയാണ് ഈ റെയിൽ ലൈൻ കടന്നുപോകുക.അഞ്ചു വർഷമാണ് നിർമാണ കാലയളവ്. വയഡക്ട് -88.41 കിലോമീറ്റർ, പാലങ്ങൾ-12.99 കിലോമീറ്റർ, തുരങ്കം-11.52 കിലോമീറ്റർ, കട്ട് ആൻറ് കവർ-24.78 കിലോമീറ്റർ, കട്ടിംഗ്-101.73 കിലോമീറ്റർ, മൺതിട്ട (എംബാങ്ക്‌മെന്റ്‌)- 292.72 കിലോമീറ്റർ . ഇലക്ട്രിക്കൽ മൾട്ടിപ്പിൾ ട്രെയിൻ സെറ്റാണ് സർവീസിനായി ഉപയോഗിക്കുക. 63,940.67 കോടിയാണ്‌ ചെലവ് . ലോറികളും കാറുകളും കയറ്റിക്കൊണ്ടുപോകാൻ കഴിയുന്ന റോറോ (റോൾ ഓൺ റോൾ) സർവീസും പരിഗണനയിലുണ്ട്. നിർമാണ സമയത്ത് 50,000 തൊഴിലവസരങ്ങൾ. പ്രവർത്തനഘട്ടത്തിൽ 11,000 പേർക്ക് ജോലി.തിരുവനന്തപുരം ടെക്‌നോ പാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഐ.ടി. കോറിഡോർ കണക്ടിവിറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top