13 November Wednesday

കുട്ടിപ്പട്ടാളത്തിന്റെ പെട്ടിക്കട വൻലാഭം: തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

മുണ്ടക്കയം സിഎംഎസ് എൽപി സ്‌കൂളിലെ വിദ്യാർഥികൾ തുറന്ന പെട്ടിക്കട

 മുണ്ടക്കയം

പച്ച ഓലകൾകൊണ്ടു മറച്ച്‌ കൊച്ചുകൂട്ടുകാർ വട്ടംകൂടിയൊരു കുഞ്ഞുപെട്ടിക്കട തുറന്നു. കണ്ടവരൊക്കെ ഒന്നുനിന്നു, കാശുകൊടുത്തു സാധനം വാങ്ങി.  കച്ചവടം പൊടിപൊടിച്ചു. മുണ്ടക്കയം സിഎംഎസ് എൽപി സ്‌കൂളിലെ കലോത്സവത്തോടനുബന്ധിച്ചാണ് എൽപി വിദ്യാർഥികൾ സ്‌കൂൾ മുറ്റത്ത് താത്കാലിക പെട്ടിക്കട സ്ഥാപിച്ചത്‌. സ്‌കൂൾമുറ്റത്ത്‌ തുറന്ന പെട്ടികടയിലെ വിറ്റുവരവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി നന്മവഴി കാട്ടാനാണ്‌ ‘കുട്ടിപ്പട്ടാള’ത്തിന്റെ തീരുമാനം.
  വ്യാപാരികളും ഉപഭോക്താക്കളും വിദ്യാർഥികൾ തന്നെ ആയിരുന്നു. പെൻസിലും പേനയും ബുക്കും മിഠായികളുംവരെ കുരുന്നുകൾ സ്റ്റാളിൽ ഒരുക്കി.  വ്യാപാരികൾ പറയുംപോലെ സാമ്പത്തികമാന്ദ്യം ഒട്ടും ബാധിച്ചില്ലെന്നാണ് കുട്ടി മുതലാളിമാരുടെ അഭിപ്രായം.  
   കട മാത്രമല്ല കടയുടെ പേരും വ്യാപാര സ്ഥാപനത്തെ വ്യത്യസ്‌തമാക്കി. തങ്ങളുടെ അധ്യാപകന്റ പേരും നൽകി. ‘ദേ അനസ് സാറിന്റെ കട’ എന്നായിരുന്നു നാമകരണം. കടകൾക്ക് മുന്നിൽ വിദ്യാർഥികൾക്കുള്ള ഗുണപാഠങ്ങളും എഴുതി സ്ഥാപിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും കുശലാന്വേഷണത്തിനുമായി രാവിലെ മുതൽ വൻതിരക്കാണ്  കടയിലുണ്ടായത്.
 
 
പ്രധാന വാർത്തകൾ
 Top