13 November Wednesday

ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസ്‌: പ്രതിക്ക്‌ ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

 

 
കോട്ടയം
ഓണാഘോഷ പരിപാടിയ്ക്കിടെ യുവാവിനെ കുത്തിക്കൊന്ന കേസിൽ പാമ്പാടി സ്വദേശിക്ക്‌ ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. ആക്രമം കണ്ട് തടയാനെത്തിയ മറ്റു രണ്ടു പേരെ കുത്തിപ്പരിക്കേൽപ്പിച്ചതിന് മൂന്നു വർഷം കഠിന തടവും കൂടി അനുഭവിക്കണം. പാമ്പാടി വെള്ളൂർ മൈലാടിപ്പടി ഭാഗം തൊണ്ണനാംകുന്നേൽ ബാബു(49)വിനെയാണ് ജില്ലാ സെഷൻസ് കോടതി നാല് ജഡ്ജി വി ബി സുജയമ്മ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 
ആറുമാസം കൂടി തടവ്‌ അനുഭവിക്കണം. ബന്ധുവായ വില്ലേജ് ഓഫിസറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയശിക്ഷ. 
  2011 സെപ്‌തംബർ 18 ന് പാമ്പാടി വെള്ളൂർ കുന്നേൽപ്പീടികയിലെ റോയൽ കിങ്സ് ക്ലബിന്റെ ഓണാഘോഷ പരിപാടികൾക്കിടെ മീനടം സ്വദേശിയായ വിജീഷിനെ ബാബു കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ്. വിജീഷും കേസിലെ സാക്ഷിയായ രാജേഷും  രാജേഷിന്റെ സഹോദരനെ അന്വേഷിച്ച് സമീപത്തെ ചീട്ടുകളി കളത്തിലെത്തി. ഇവിടെ രണ്ടുപേർ തർക്കമുണ്ടായത് കണ്ട് വിജീഷ് പിടിച്ചു മാറ്റാൻ ഇടപെട്ടു. ഇതിന്റെ വൈരാഗ്യത്തിൽ ബാബു വിജീഷുമായി വാക്കുതർക്കമുണ്ടാക്കി കുത്തുകയായിരുന്നു. സംഭവം കണ്ട് തടയാൻ എത്തിയ മൂന്നുപേരെ കൂടി ബാബു കുത്തി പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ബാബുവിനെ പൊലീസാണ്‌ പിടികൂടിയത്‌. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ഗിരിജ ബിജു ഹാജരായി. ഗിരിജാ ബിജു പ്രോസിക്യൂട്ടറായ തുടർച്ചയായ ആറാമത്തെ കേസിലാണ് പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top