30 May Saturday

ബ്രേക്ക് ദ ചെയിന്‍' കിയോസ്കുകള്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020
കോട്ടയം
കോവിഡ്‌ 19 വ്യാപനം തടയുന്നതിനുള്ള "ബ്രേക്ക് ദ ചെയിൻ' കാമ്പയിന്റെ ഭാഗമായി സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ കിയോസ്കുകൾ സജ്ജീകരിച്ചുതുടങ്ങി. ഓഫീസുകളിലെ ജീവനക്കാർക്കും സന്ദർശകർക്കും കൈകൾ ശുചീകരിക്കാൻ സാനിറ്റൈസർ, ഹാൻഡ് വാഷ്, സോപ്പ്, വെള്ളം, ടിഷ്യൂ പേപ്പർ തുടങ്ങിയവ കിയോസ്കുകളിൽ ലഭിക്കും. ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. വ്യക്തിശുചിത്വം പാലിച്ച് വൈറസിനെ പ്രതിരോധിക്കുകയാണ് ലക്ഷ്യം. 
മുൻകരുതൽ ഊർജിതമാക്കാൻ പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ ചേർന്നു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമൻ നേരിട്ടാണ് കോട്ടയത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റിൽ മന്ത്രി നിർവഹിച്ചു. വൈറസ് വ്യാപനം തടയാൻ സർക്കാർ നടപ്പാക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കലക്ടർ പി കെ സുധീർബാബു, ഡിഎംഒ ജേക്കബ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും കിയോസ്കുകൾ മന്ത്രി സന്ദർശിച്ചു.
റെയിൽവേ സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്കിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി യാത്രക്കാർക്കായി ഏർപ്പെടുത്തിയ ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കും വിധേയനായി. 
 
പ്രധാന വാർത്തകൾ
 Top