22 October Tuesday

ഒരുങ്ങുന്നു, 15 പച്ചത്തുരുത്തുകള്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
 
കോട്ടയം
നാടൻ മരങ്ങളും ചെടികളും നട്ടുവളർത്തി ചെറുവനങ്ങൾ സജ്ജമാക്കുന്ന  പദ്ധതിയുടെ ഭാഗമായി ജില്ലയിൽ പതിനഞ്ചിടങ്ങൾ പച്ചത്തുരുത്തുകളാകുന്നു. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പാമ്പാടി എൻജിനിയറിങ‌് കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, പെരുന്ന ഐടിഐ എന്നിവിടങ്ങളിലാണ‌് ആദ്യഘട്ടത്തിൽ വിപുലമായ പച്ചത്തുരുത്തുകൾ നിർമിക്കുന്നത‌്. തുടർന്ന‌ുള്ള ഘട്ടത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിൽ  ആറിടങ്ങളിൽ പച്ചതുരുത്തിന് രൂപം നൽകും. 47, 22 വാർഡുകളിലും കോട്ടയം ടൗൺ  എൽപി സ‌്കൂൾ, കുമാരനല്ലൂർ ദേവീവിലാസം എൽപി സ‌്കൂൾ, യുപി സ‌്കൂൾ, മുടിയൂർക്കര ഗവ. എൽപി സ‌്കൂൾ, അതിരമ്പുഴ പഞ്ചായത്തിൽ  കാട്ടാത്തി ഗവ. എൽപി സ‌്കൂൾ, അയർക്കുന്നം പഞ്ചായത്തിൽ അറുമാനൂർ എൽപി സ‌്കൂൾ, കുമരകം നോർത്ത് എൽപി സ‌്കൂൾ എന്നിവിടങ്ങളിൽ പച്ചതുരുത്ത് നിർമിക്കും. കൂരോപ്പട പഞ്ചായത്ത് 12, 14 വാർഡുകളിലെ പാതയോരങ്ങളും വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ- ചാമംപതാൽ റോഡിന്റെ വശങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട‌്. 
  തൊഴിലുറപ്പു പദ്ധതി ആക്ഷൻ പ്ലാനിൽ ഉൾപ്പെടുത്തി പച്ചതുരുത്ത് നിർമാണം കൂടുതൽ പ്രദേശങ്ങളിൽ വ്യാപിപ്പിക്കാനാണ‌് ഉദ്ദേശ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് ചെയർമാനായുളള ജില്ലാതല സാങ്കേതിക സമിതിയാണ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. കുടംപുളി, ഇലഞ്ഞി, പൂവരശ്, പുന്ന, വേങ്ങ, കുമ്പിൾ, കുളമാവ്, കടമ്പ്  തുടങ്ങിയ നാല്പത്തഞ്ചോളം വൃക്ഷങ്ങൾ നട്ടുവളർത്തും. ചതുപ്പ് പ്രദേശങ്ങളിൽ കുളവെട്ടി, ആറ്റുവഞ്ചി, കാട്ടുജാതി, അവിസീനിയ, റൈസോഫോറാ എന്നിവയും  ഔഷധസസ്യങ്ങളായ വയമ്പ്,  ബ്രഹ്മി, കഞ്ഞുണ്ണി തുടങ്ങിയവയും നടും. ചെങ്കൽ പ്രദേശങ്ങളിൽ കറ്റാർവാഴ, മഞ്ഞൾ, നീലയമരി, കച്ചോലം, കിരിയാത്ത് തുടങ്ങിയവയാണ് നട്ടുവളർത്തുക. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top