16 July Tuesday
പ്ലസ‌്‌വൺ പ്രവേശനം

സ‌്പോർട‌്സ‌് ക്വോട്ട പ്രവേശന രജിസ‌്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 കോട്ടയം

പ്ലസ‌് വൺ ഏകജാലക പ്രവേശനത്തിന‌് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി വ്യാഴാഴ‌്ച അവസാനിക്കാനിരിക്കെ അപേക്ഷകരുടെ എണ്ണം 26,000 കവിഞ്ഞു. അപേക്ഷകരുടെ എണ്ണം മൊത്തം സീറ്റിനെക്കാൾ കൂടുതലാണെങ്കിലും വിദ്യാർഥികൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന‌് ഹയർസെക്കൻഡറി ഡയറക്ടറേറ്റ‌് അധികൃതർ പറഞ്ഞു. അതേസമയം സ‌്പോർട‌്സ‌് ക്വോട്ടയിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ‌്ട്രേഷൻ ബുധനാഴ‌്ച തുടങ്ങി.
 
 
പ്ലസ‌് വണ്ണിന‌് ജില്ലയിൽ 22,136 സീറ്റുകളാണുള്ളത‌്. എന്നാൽ ഇതിനകം 26,071 കുട്ടികൾ അപേക്ഷ നൽകി. ഇതിൽ  9213 എണ്ണം സ‌്കൂളുകളിൽ പരിശോധന പൂർത്തിയാക്കി. എസ‌്എസ‌്എൽസി പാസായ 21,155 ഉം, സിബിഎസ‌്ഇ–-3889, ഐസിഎസ‌്ഇ 373 കുട്ടികളാണ‌് അപേക്ഷ നൽകിയത‌്. പോളി ടെക‌്നിക‌്, വിഎച്ച‌്എസ‌്ഇ, ഐടിഐ തുടങ്ങിയവയിലെ സീറ്റുകൾ കൂടി പരിഗണിക്കുമ്പോൾ ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രവേശനം ലഭിക്കുമെന്ന‌് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ബീനാകുമാരി പറഞ്ഞു. സമീപ ജില്ലകളിലെ വിദ്യാർഥികൾ കൂടി അപേക്ഷിച്ചതിനാലാണ‌് എണ്ണം വർധിച്ചത‌്. 
മെരിറ്റ‌്, നോൺമെരിറ്റ‌്, സ‌്പോട‌്സ‌് ക്വോട്ട വിഭാഗങ്ങളിലായി  സയൻസ‌്–-14,036, ഹ്യൂമാനിറ്റീസ‌്–- 3450, കോമേഴ‌്സ‌്–-4650 എന്നീ ക്രമത്തിലാണ‌് സീറ്റുകളുടെ എണ്ണം. മൂന്നു വിഷയങ്ങളിലായി മൊത്തം സീറ്റുകളിൽ 13,533 എണ്ണം  മെരിറ്റ‌് സീറ്റുകളാണ‌്. ഇതിൽ ഏറ്റവും കൂടുതൽ സയൻസ‌് വിഭാഗത്തിലാണ‌്. -7984 എണ്ണം. ഹ്യുമാനിറ്റീസിന‌് 2573, കോമേഴ‌്സിന‌് 2976 എന്നിങ്ങനെയാണിത‌്. മെരിറ്റ‌് സീറ്റുകളിൽ 5222 എണ്ണം സർക്കാർ സ‌്കൂളുകളിലും 8311 എണ്ണം എയ‌്ഡഡ‌് മേഖലയിലുമാണ‌്. കമ്യൂണിറ്റി, മാനേജ‌്മെന്റ‌്, അൺഎയ‌്ഡഡ‌് എന്നീ വിഭാഗങ്ങളിൽ 8181 നോൺ മെരിറ്റ‌് സീറ്റുകളും സ‌്പോർട‌്സ‌് ക്വാട്ടയിൽ 422 സീറ്റുകളുമുണ്ട‌്. നോൺ മെരിറ്റ‌് വിഭാഗത്തിൽ 3085 ‌എണ്ണം മാനേജ‌്മെന്റ‌് സീറ്റുകളും 2110 എണ്ണം കമ്യൂണിറ്റി ക്വോട്ടയും 2986 എണ്ണം അൺഎയ‌്ഡഡ‌് മേഖലയിലുമാണ‌്. 
135 സ‌്കൂളുകളിലാണ‌് ജില്ലയിൽ പ്ലസ‌് വൺ കോഴ‌്സുകളുള്ളത‌്. സർക്കാർ–-40, എയ‌്ഡഡ‌്–-70, അൺ എയ‌്ഡഡ‌്–-23, സ‌്പെഷ്യൽ–-ഒന്ന‌്, ടെക‌്നിക്കൽ–-ഒന്ന‌് എന്നിങ്ങനെയാണിത‌്. സയൻസിന‌് 281, ഹ്യൂമാനിറ്റീസ‌്–-69, കോമേഴ‌്സ‌്–-93 എന്നിങ്ങനെ ആകെ 443 ബാച്ചുകളുമുണ്ട‌്. ഇതിൽ 107 എണ്ണം സർക്കാർ സ‌്കൂളുകളിലാണ‌്. സയൻസിന‌് 59, ഹയൂമാനിറ്റീസ‌്–- 26, കോമേഴ‌്സ‌്–- 22 എന്നിങ്ങനെയാണിത‌്. എയ‌്ഡഡ‌് മേഖയിൽ 276, അൺഎയ‌്ഡഡ‌്–-60 ഉം ബാച്ചുകളുണ്ട‌്. 
ഏകജാലക പ്രവേശനത്തിനായി അപേക്ഷിക്കാനുള്ള അവസാന തീയതി 16 ആണ‌്. ട്രയൽ അലോ‌ട്ട‌്മെന്റ‌്  20 നും,  ആദ്യ അലോ‌ട്ട‌്മെന്റ‌് 24 നുമാണ‌്. മുഖ്യ അലോട്ട‌്മെന്റ‌് 31 ന‌് നടക്കും. ജൂൺ മൂന്നിന‌് പ്ലസ‌് വൺ ക്ലാസുകൾ ആരംഭിക്കും. ജൂൺ മൂന്നു മുതൽ ആരംഭിക്കുന്ന സപ്ലിമെന്ററി ഘട്ടം  ജൂലൈ ഏഴിന‌് കഴിയുന്നതോടെ പ്രവേശന നടപടികൾ അവസാനിക്കും. 
സ‌്പോർട‌്സ‌് ക്വോട്ടയിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 22 ആണ‌്. ആദ്യഘട്ട അലോട്ട‌്മെന്റ‌് 24 നും അവസാന അലോട്ട‌്മെന്റ‌് 31 നുമാണ‌്. കമ്യൂണിറ്റി ക്വോട്ടയിൽ ഡാറ്റാ എൻട്രി 22ന‌് ആരംഭിച്ച‌് 27 ന‌് പൂർത്തീകരിക്കും. റാങ്ക‌് ലിസ‌്റ്റ‌് /സെലക്ട‌് ലിസ‌്റ്റ‌് 28 ന‌് പ്രസിദ്ധീകരിച്ച‌് അന്നു മുതൽ പ്രവേശനം തുടങ്ങും. മാനേജ‌്മെന്റ‌്, അൺഎയ‌്ഡഡ‌് ക്വോട്ടയിൽ 27 ന‌് പ്രവേശനം ആരംഭിച്ച‌് 31 ന‌് അവസാനിക്കും.
 
 
പ്രധാന വാർത്തകൾ
 Top