28 May Saturday

മതനിരപേക്ഷതയുടെ കാവലാൾ

എസ്‌ മനോജ്‌Updated: Sunday Jan 16, 2022

എ വി റസൽ

സ. വി ആർ ബി നഗർ(കോട്ടയം മാമ്മൻ മാപ്പിള ഹാൾ )
യുവജന സമരമുഖത്തെ ധീര സമരാനുഭവവും അതുല്യ സംഘടനാ പാടവവുമായി എ വി റസൽ   ജില്ലയില ഏറ്റവും വലിയ ബഹുജന പ്രസ്ഥാനമായ സിപിഐ എമ്മിന്റെ അമരത്തേക്ക്‌.
    നാലുപതിറ്റാണ്ടിലേറെ  യുവജനങ്ങൾക്കും തൊഴിലാളികൾക്കുമൊപ്പമുള്ള സമര വീഥിയിലാണ്‌ റസൽ. മതമൈത്രി വിളിച്ചോതുന്ന ചങ്ങനാശേരിയുടെ  പാരമ്പര്യം കാത്ത്‌ മതനിരപേക്ഷതയുടെ സന്ദേശവുമായി യുവാക്കളെ സമര വഴിയെ നയിച്ചു. കൊല്ലം എസ്‌എൻ കോളേജിലെ പഠന ശേഷം യുവജന  സമരരംഗത്തിറങ്ങി. എൺപതുകളിലെ അതിതീഷ്‌ണമായ സമരങ്ങൾ നയിച്ച്‌  പിന്നീട്‌ ഡിവൈഎഫ്‌ഐ  ചങ്ങനാശേരി ബ്ലോക്ക്‌ സെക്രട്ടറിയായി.  
      വിമോചന സമര കേന്ദ്രങ്ങളെന്ന പിന്തിരിപ്പൻ പാരമ്പര്യമുള്ള കേന്ദ്രങ്ങളിൽ മതനിരപേക്ഷതയുടെ പതാക  നിറച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന  വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം   ജില്ലാ സെക്രട്ടറിയുമായിരുന്നു.
    കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച്  പൊലീസ് മർദനത്തിനിരയായി. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്‌പ്പിനെതിരെ പ്രതിഷേധം നയിച്ചും പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ  ടിവി പുരം സെമിത്തേരി വിഷയത്തിൽ ഉജ്വലമായ യുവജന മുന്നേറ്റത്തിന് നേതൃത്വം  നൽകി. വടക്കേ ഇന്ത്യയിലെ ന്യൂനപക്ഷ വിരുദ്ധ കലാപത്തിൽ ഗ്രഹാം  സ്‌റ്റെയിൻസിനെയും കുടുംബത്തേയും ചുട്ടുകൊന്നതിൽ വൻ പ്രതിഷേധം ഉയർത്തി യുവാക്കളെ നയിച്ചു. സ്‌നേഹജ്വാലയെന്ന കാമ്പയിന്റെ സംഘാടകനായി.  1998 ൽ കോട്ടയം ആതിഥ്യമരുളിയ ഡിവൈഎഫ്‌ഐ സംസ്ഥാന  സമ്മേളനത്തിന്റെ മുഖ്യസംഘാടകനായി.
      തൊഴിലാളികളുടെ  അവകാശ സമരങ്ങൾ നയിച്ച റസൽ അസംഘടിതരായ ഓട്ടോറിക്ഷാ തൊഴിലാളികളെയും സംഘടിപ്പിച്ചു. മദ്യവ്യവസായ തൊഴിലാളികളുടെയും നേതാവായി.  സിഐടിയു ജില്ലാ ട്രഷറർ, സെക്രട്ടറി ചുമതലകൾ വഹിച്ചു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റിയിലും അംഗമാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top