22 October Tuesday
പൊക്കുപാലത്തിൽ തട്ടി നഗരസഭ

ഓണം വന്നുപോയിട്ടും ബോട്ട്‌ വന്നില്ല

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

 കോട്ടയം

നഗരസഭ വീണ്ടും പാലംവലിച്ചു, ഓണം കഴിഞ്ഞിട്ടും കോടിമതയ്‌ക്ക്‌ ബോട്ടെത്തിയില്ല. കുറഞ്ഞ ചെലവിൽ കായൽയാത്ര ആസ്വദിക്കാൻ മറ്റ്‌ ജില്ലകളിൽ നിന്നടക്കം എത്തിയവർ നിരാശരായി മടങ്ങി. കോട്ടയത്തുനിന്ന്‌ ആലപ്പുഴയിലേക്കുള്ള ബോട്ട് സർവീസ്‌ മുടങ്ങിയിട്ട്‌ ഒന്നരവർഷത്തോളമായി. ബോട്ട്‌ കടന്നുപോകുമ്പോൾ ഉയർത്തുന്ന പൊക്കുപാലങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതാണ്‌ ജലഗതാഗതം തടസ്സപ്പെടാൻ കാരണം. ഇതുമൂലം വൻ സാമ്പത്തിക നഷ്ടവും ജലഗതാഗത വകുപ്പിന്‌ ഉണ്ടായി. 
ആലപ്പുഴ കോട്ടയം ബോട്ട് സർവീസ് ഓണത്തിന് പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ കാഞ്ഞിരം, കാരാപ്പുഴയിലുള്ള നാടൻകേരി എന്നീ രണ്ട്‌ പൊക്കുപാലങ്ങളുടെ പണി പൂർത്തിയായില്ല. മഴ മൂലമാണ്‌ പണി വൈകാൻ കാരണമെന്നാണ്‌ അധികൃതർ പറയുന്നത്‌. ഒരാഴ്‌ചയ്‌ക്കകം ഇത്‌ പൂർത്തിയാകുമെന്നും അധികൃതർ പറഞ്ഞു. 
ചുങ്കത്ത് 30ൽ പാലം തകരാറിലായതോടെയാണ്‌ സർവീസ്‌ മുടങ്ങിയത്‌. ഇതിന്റെ അറ്റകുറ്റപ്പണി മാസങ്ങൾ നീണ്ടതോടെ ഉപയോഗിക്കാതിരുന്നതിനാൽ മറ്റ്‌ രണ്ടു പാലങ്ങളും തകരാറിലാവുകയായിരുന്നു. ഇപ്പോൾ ചുങ്കത്ത്‌ 30ൽ പാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയായതായി നഗരസഭാ അധികൃതർ പറയുന്നു.  
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അരക്കോടി രൂപയോളം മുടക്കിയാണ് ചുങ്കത്ത് 30ൽ ഉയർത്തി മാറ്റാൻ സംവിധാനമുള്ള ഇരുമ്പുപാലം നിർമിച്ചത്. നിർമാണം പൂർത്തിയായി ഏറെ വൈകാതെ പാലം തകരാറിലായി. പിന്നീട് ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം നന്നാക്കിയെങ്കിലും വീണ്ടും പണിമുടക്കി. എംഎൽഎ മുൻകൈ എടുത്താണ് വൈദ്യുത പാലം നിർമിച്ചത്. ബോട്ട് വരുമ്പോൾ വലിച്ചുപൊക്കിയിരുന്ന പാലം സ്വിച്ച് ഇട്ടാൽ ഉയരുന്ന തരത്തിലായിരുന്നു ഇത്‌. ഉദ്ഘാടനദിവസം മാത്രം പ്രവർത്തിച്ച പാലം പിന്നെ ഉയർന്നിട്ടില്ല. നിർമാണസമയത്ത് അശാസ്ത്രീയത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എംഎൽഎ അടക്കം ഇത്‌ അംഗീകരിച്ചില്ല.  
കോട്ടയത്തുനിന്ന്‌ രണ്ട്‌ ബോട്ടുകളും ആലപ്പുഴയിൽനിന്ന് ഒരു ബോട്ടും ആണ് ജലപാതയിൽ സർവീസ് നടത്തുന്നത്. കോടിമതയിൽനിന്ന‌ുള്ള രണ്ട്‌ സർവീസുകളിൽ ഒന്ന‌് കാഞ്ഞിരത്ത‌് നിന്നും മറ്റൊന്ന്‌ കോടിമത– -പള്ളം വഴിയുമാണ‌്. കാഞ്ഞിരംവഴിയുള്ള ബോട്ടിൽ ആളുകൾ തീരെ കുറവാണ്‌. അവധിദിവസങ്ങളിൽ എഴായിരം രൂപ നഷ്ടമാണ്‌. എന്നാൽ  കാഞ്ഞിരം കാരാപ്പുഴ, വെട്ടിക്കാട്, ആർ ബ്ലോക്ക് വഴിയുള്ള ബോട്ട്‌ നൂറുകണക്കിന് ആളുകളുടെ യാത്രാമാർഗമാണ്. ഓണം സീസണിൽ പത്ത് ദിവസം ലഭിക്കേണ്ട 1.20 ലക്ഷം രൂപയോളം വരുമാനം നഷ്ടമായി. പ്രതിദിനം 13,000 രൂപ വരെ മുമ്പ്‌ വരുമാനം ലഭിച്ചിരുന്നു.  
സർവീസ്‌ മുടങ്ങിയതോടെ നാട്ടുകാർ കലക്ടർ അടക്കമുള്ളവർക്ക് നിവേദനം നൽകി. പിന്നീട‌് ലീഗൽ സർവീസ‌് അതോറിറ്റിയെ സമീപിച്ചു. ജില്ലാ ജഡ‌്ജിയുടെ സാന്നിധ്യത്തിൽ ജനുവരി ഒന്ന‌ുമുതൽ സർവീസ‌് പുനരാരംഭിക്കുമെന്ന‌്‌ ആദ്യം പറഞ്ഞു. എന്നാൽ ഇതിന്‌ നഗരസഭ തയ്യാറായില്ല. പിന്നീട്‌ പ്രതിഷേധം ശക്തമായതോടെ പാലങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ തയ്യാറായി. ഇതാണ്‌ ഇപ്പോൾ ഇഴഞ്ഞുനീങ്ങുന്നത്‌.
 
 
പ്രധാന വാർത്തകൾ
 Top