24 February Monday

മനുഷ്യസ്‌നേഹത്തിന്‌ മാതൃകയായി നൈസിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

തലയോലപ്പറമ്പ് കാലായിൽ മാത്യുവിന്റെ മകൾ നൈസി വീടിന്റെ ആധാരം വാസുവിന് കൈമാറുന്നു

 തലയോലപ്പറമ്പ്

ലോകമെമ്പാടുമുള്ള മനുഷ്യർ പ്രണയ ദിനമാഘോഷിക്കുമ്പോൾ യഥാർഥ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം വിളിച്ചോതുകയായിരുന്നു നൈസിയും കുടുംബവും. തന്റെ അച്ഛനായ
തലയോലപ്പറമ്പ് കാലായിൽ മാത്യുവിന്റെ മരണത്തിന് കാരണക്കാരനായ അനീഷിന്റെ കുടുംബത്തിന് വീടും സ്ഥലവും തിരികെനൽകിയാണ് ഈ കുടുംബം നാടിന് വ്യത്യസ്ത മാതൃകയാകുന്നത്. പണമിടപാടുകാരനായ കാലായിൽ മാത്യുവിനെ കൊലപ്പെടുത്തിയ വൈക്കം ടിവി പുരം പള്ളിപ്രത്തുശ്ശേരി സ്വദേശി അനീഷിന്റെ കുടുംബത്തിനാണ് കൊല്ലപ്പെട്ട മാത്യുവിന്റെ മക്കൾ അഞ്ച്സെന്റ് സ്ഥലവും വീടും നൽകിയത്. സ്ഥലത്തിന്റെ ആധാരം വെള്ളിയാഴ്ച്  ഉച്ചയ്‌ക്ക്‌ അനീഷിന്റെ അച്ഛൻ വാസുവിന്‌ കിഴക്കെപ്പുറത്തുള്ള മാത്യുവിന്റെ വീട്ടിൽവച്ച് മൂത്തമകൾ നൈസി കൈമാറുകയായിരുന്നു.  തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഫാ. ജിന്റോ പടയാറ്റിൽ, സണ്ണി ജോസഫ് പുള്ളിക്കമ്യാലിൽ, ടിവി പുരം ഗ്രാമപഞ്ചായത്തംഗങ്ങളായ ആനിയമ്മ അശോകൻ, കവിത റജി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്‌ നടന്നത്. 
മാത്യൂവിന്റെ ഭാര്യ എൽസി മക്കളായ നൈസി, നൈജു, ചിന്നു, മാത്യുവിന്റെ സഹോദരങ്ങൾ എന്നിവർ ചേർന്നാണ് ഉദാത്തമായ ഈ തീരുമാനമെടുത്തത് . പണമിടപാടുകാരനായ മാത്യുവിൽനിന്ന്‌ അനീഷ് വാങ്ങിയ  പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് മാത്യു അനീഷിന്റെ അഞ്ചുസെന്റ്‌ സ്ഥലവും വീടും തീറെഴുതി വാങ്ങിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 
മാത്യുവിനെ കാണാതായി എട്ടുവർഷത്തിനുശേഷം അനീഷിന്റെ അച്ഛൻ വാസു തന്റെ മകനാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് മാത്യൂവിന്റെ മകൾ നൈസിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കുസമീപം മുൻപ് അനീഷിന്റെ സ്റ്റിക്കർ വർക്ക് സ്ഥാപനം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ നിർമാണം പുരോഗമിച്ചിരുന്ന വ്യാപാര സമുച്ചയത്തിന്റെ തറ ജെസിബി ഉപയോഗിച്ച് മണ്ണു നീക്കിയാണ് മാത്യൂവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കേസിലെ പ്രതിയായ അനീഷ് നിലവിൽ മറ്റൊരു കേസിൽ ശിക്ഷയനുഭവിക്കുകയാണ്.
മാത്യു എഴുതിവാങ്ങിയ അതേ സ്ഥലമാണ് പ്രതിഫലം വാങ്ങാതെ ഇ കുടുംബം തിരികെനൽകിയത്. മകൻ ചെയ്ത തെറ്റ് മറച്ചുവയ്ക്കാതെ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടിയ വാസുവിന് മാത്യുവിന്റെ കുടുംബാംഗങ്ങൾ നല്കുന്ന ഈ സ്നേഹോപഹാരം ക്ഷമയുടെയും പരസ്‌പരസ്നേഹത്തിന്റെയും മാതൃക കൂടിയാണ്.
 
 
പ്രധാന വാർത്തകൾ
 Top