26 August Monday
നൊമ്പരങ്ങള്‍ മാഞ്ഞു

ക്യാമ്പ് ആഘോഷമാക്കി കുരുന്നുകള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

കോട്ടയം
ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയ കുട്ടികൾ ഇപ്പോൾ പാട്ടും കളികളുമായി ആഹ്ലാദത്തിലാണ്. ചൈൽഡ് ലൈൻ സംഘടിപ്പിക്കുന്ന ആക്ടിവിറ്റി ക്യാമ്പുകളാണ്‌ കുട്ടികൾക്ക്‌ കളിചിരിയുടെ അരങ്ങൊരുക്കുന്നത്‌.   
വീട്ടിൽ വെള്ളം കയറിയതിന്റെയും വളർത്ത്‌ മൃഗങ്ങളെയും  പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടതിന്റെയും സങ്കടം കുട്ടികൾ കൗൺസിലർമാരോട് പങ്കുവച്ചു. ഓമനിച്ച് വളർത്തിയ പൂച്ചക്കുഞ്ഞിനെ കാണാതെ പോയതിന്റെ സങ്കടത്തിലായിരുന്നു വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ക്യാമ്പിലെ ആറാം ക്ലാസുകാരി ബെൻസി. അഞ്ചാം ക്ലാസിലെ ആരതിയാകട്ടെ വീട്ടിൽ സുരക്ഷിത സ്ഥാനത്ത് സൂക്ഷിച്ച പാഠപുസ്തകങ്ങൾ ക്യാമ്പിലേക്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലും.  
 വിവിധ താലൂക്കുകളിലെ ക്യാമ്പുകളിൽ എത്തിയ 18 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് ചൈൽഡ് ലൈനിന്റെ  നേതൃത്വത്തിൽ കൗൺസലിങ്ങും ബിസിഎം കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിലെ വിദ്യാർഥികൾ മാനസികോല്ലാസത്തിനുള്ള പരിപാടികളും നടത്തുന്നത്.  
ആദ്യഘട്ട ക്ലാസുകൾ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഹാൾ, പുല്ലരിക്കുന്ന് പള്ളി ഹാൾ, അയ്മനം സെന്റ്‌ ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഒളശ്ശ സിഎംഎസ് ഹൈസ്കൂൾ, ഇല്ലിക്കൽ സെന്റ്‌ ജോൺസ് സ്കൂൾ എന്നിവിടങ്ങളിൽ നടത്തി.  ജില്ലയിലെ എല്ലാ ക്യാമ്പുകളും ചൈൽഡ് ലൈൻ പ്രവർത്തകർ സന്ദർശിച്ച് കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കി ആവശ്യമായ മറ്റ് സഹായങ്ങൾ നൽകുമെന്ന്‌  ജില്ലാ  കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ പറഞ്ഞു. രാവിലെ ഒമ്പതു മുതൽ വൈകിട്ട്‌ അഞ്ചു വരെയാണ്  സന്ദർശനം.
പ്രധാന വാർത്തകൾ
 Top