19 August Monday

വിജയമ്മയുടെ വീടൊരു വിജയകഥ

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

 

 
കോട്ടയം
വനിതാ കൂട്ടായ്മയുടെ വിജയ സ്മാരകമായി അയ്മനം പഞ്ചായത്തിലെ ആറാം വാർഡിൽ  വീടൊരുങ്ങുന്നു. വീട്ടുടമസ്ഥയടക്കം ഒമ്പതു സ്ത്രീകളാണ് നിർമാണ ജോലിക്കാർ. 400 ചതുരശ്ര അടി വിസ്ത്രീർണത്തിൽ 45 ദിവസം കൊണ്ട്  പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ അടിത്തറ 12 ദിവസം കൊണ്ട് തയ്യാറായി. 
 പഞ്ചായത്തിന്റെയും ഗ്രാമവികസന വകുപ്പിന്റെയും മേൽനോട്ടത്തിൽ നടത്തുന്ന പിഎംഎവൈജി  മെയ്സൺ ട്രെയിനിങ‌് പ്രോഗ്രാമിലൂടെയാണ് കുന്നുംപുറത്ത് വിജയമ്മയുടെ വീട് നിർമിക്കുന്നത്. തൊഴിലുറപ്പ് ജോലികൾ ചെയ്ത് ശീലമുള്ള അമ്പത് വയസ്സിൽ താഴെയുള്ള സ്ത്രീക‌ളെയാണ‌് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം 250 രൂപ സ്റ്റൈഫന്റ‌് ലഭിക്കും. 
 വിജയമ്മയ്ക്കു പുറമെ വത്സല രാജു, ഉഷകുമാരി ഹരിദാസ്, ഷീബ അനിൽ, മിനി അഗസ്റ്റിൻ, ത്രേസ്യാമ ദേവസ്യ, മുനീശ്വരി ബാലൻ, ഷൈല സന്തോഷ്, അമ്പിളി എന്നിവരും സംഘത്തിലുണ്ട‌്. കെട്ടിട നിർമാണ വിദഗ്ധനായ ഷിബുവാണ‌് സഹായി. 
 വിജയമ്മയ്ക്ക് 2015 -- 16 കാലഘട്ടത്തിൽ ഇന്ദിര ആവാസ് യോജന പ്രകാരം വീട് നിർമിക്കുന്നതിന് സാമ്പത്തിക സഹായം അനുവദിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് സഹായത്തിനെത്തുന്നത്. നിർമാണ പരിശീലനമായതിനാൽ പണിക്കൂലി ഇനത്തിലുള്ള  ചെലവ് ഒഴിവാക്കാനായി. വെള്ളം കയറുന്ന പ്രദേശമായതിനാൽ കോൺക്രീറ്റ് ബെൽറ്റ് നിർമിച്ചാണ് തറ ഒരുക്കിയത്.
 
 
 
പ്രധാന വാർത്തകൾ
 Top