17 June Monday

കോട്ടമലയ്‌ക്കായി കോട്ടകെട്ടിയ വി എൻ വാസവന‌് വൻവരവേല്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

കുറിഞ്ഞി സെന്റ്‌ സെബാസ്‌റ്റ്യൻ പള്ളിയിൽ എത്തിയ എൽഡിഎഫ്‌ കോട്ടയം പാർലമെന്റ്‌ മണ്ഡലം സ്ഥാനാർഥി വി എൻ വാസവനെ വികാരി ഫാ. സെബാസ്‌റ്റ്യൻ പുഴക്കര സ്വീകരിക്കുന്നു

 പാലാ

കുറിഞ്ഞി കോട്ടമല സംരക്ഷണത്തിനായി പോരാടിയ സമരസമിതിക്ക് ഊർജം പകർന്ന വി എൻ വാസവനെ വരവേറ്റ് കുറിഞ്ഞി നിവാസികൾ. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥിയായ ശേഷം സമരസമിതിയുടെ ക്ഷണം സ്വീകരിച്ച് കോട്ടമല പ്രദേശത്ത് എത്തിയ വാസവനെ കുറിഞ്ഞി സെന്റ് സെബാസ‌്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ‌്റ്റ്യൻ പുഴക്കര പൂച്ചെണ്ട് നൽകി സ്വീകരിച്ചു. "ഇത‌് ഞങ്ങളെ സംരക്ഷിക്കാൻ മുന്നിൽനിന്ന നേതാവ‌്. സന്ദർശനം ഏറെ സന്തോഷം നൽകുന്നു. അദ്ദേഹം കുറിഞ്ഞി കോട്ടമലയെ കൊട്ടകെട്ടി കാക്കുകയായിരുന്നു' –- ഫാദർ പറഞ്ഞു. സമരസമിതി പ്രവർത്തകരായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാടാകെ പ്രിയ സ്ഥാനാർഥിയെ വരവേൽക്കാൻ കാത്തുനിന്നത് ആവേശമായി.
   കുറിഞ്ഞി ഗ്രാമനിവാസികളുടെ ജീവിതത്തിന് ഭീഷണിയായി കോട്ടമലയിൽ വൻകിട പാറമട സ്ഥാപിക്കാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരെ അന്നത്തെ കുറിഞ്ഞി പള്ളി വികാരി ഫാ. തോമസ് ആയിലൂകുന്നേലിന്റെ നേതൃത്വത്തിൽ നടത്തിയ സമരത്തിന് സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന വി എൻ വാസവൻ പിന്തുണയുമായി ഒപ്പംനിന്ന് പ്രവർത്തിച്ചിരുന്നു. രണ്ട് തവണ സമരകേന്ദ്രം സന്ദർശിച്ച് നാട്ടുകാർക്ക് സമരരംഗത്ത് ഊർജം പകർന്ന നേതാവ് പാർലമെന്റ് സ്ഥാനാർഥിയായി എത്തിയപ്പോൾ പിന്തുണയ‌്ക്കാൻ അവർക്ക് രണ്ടാമതൊന്ന‌് ആലോചിക്കേണ്ടി വന്നില്ല. 
 ബുധനാഴ്ച രാവിലെ പാലായിൽ എത്തിയ വാസവൻ 9.30 ഓടെ കൊല്ലപ്പള്ളി ടൗണിൽ കർഷക ഓപ്പൺ മാർക്കറ്റിൽ എത്തി തൊഴിലാളികളെയും വ്യാപാരി സുഹൃത്തുക്കളെയും കണ്ട് പിന്തുണതേടി. കടനാട് പള്ളി വികാരിയെ സന്ദർശിച്ചുകൊണ്ടാണ‌് തന്റെ സ്വകാര്യ സന്ദർശനത്തിന് തുടക്കമിട്ടത്. കടനാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ എത്തിയ വാസവനെ വികാരി ഫാ. അഗസ്റ്റിൻ കൂട്ടിയാനി, അസി. വികാരി ഫാ. ദേവസ്യ വട്ടപ്പലം എന്നിവർ ചേർന്ന് സ്വീകരിച്ചു. പള്ളിമേടയിൽ ലഘുസംഭാഷണത്തിനുശേഷം യാത്ര പറഞ്ഞിറങ്ങിയ വാസവൻ കടനാട് വടക്കുംകൂർ കൊട്ടാരത്തിൽ എത്തി രാജകുടുംബത്തിലെ മുതിർന്ന കാരണവരായ ചന്ദ്രവർമ രാജയെ സന്ദർശിച്ചു. രാജാവും കുടുംബാംഗങ്ങളും ചേർന്ന് വാസവനെ സ്വീകരിച്ചു. തുടർന്ന് കൊടുമ്പിടി വിസിബ് സ്വാശ്രയ സംഘത്തിൽ എത്തിയ എൽഡിഎഫ് സ്ഥനാർഥിയെ സെക്രട്ടറി കെ സി തങ്കച്ചൻ സ്വീകരിച്ചു. പിന്നീട് മറ്റത്തിപ്പാറ പൂവർ ഹോമിൽ എത്തി അന്തേവാസികളോട് പിന്തുണ തേടി. കൊല്ലപ്പള്ളിയിൽ വ്യാപാരി വ്യവസായി സമിതി താലൂക്ക് പ്രസിഡന്റ് ഇഗ്‌നേഷ്യസ് തയ്യിലിന്റെ വീട്ടിൽ സൗഹൃദസന്ദർശനം നടത്തിയശേഷമാണ് രാമപുരത്തേക്ക് തിരിച്ചത്.
 
   രാമപുരം മാർ അഗസ്തിനോസ് കോളേജിൽ എത്തിയ വി എൻ വാസവനെ പ്രിൻസിപ്പൽ ഡോ. വി ജെ ജോസഫ്, വൈസ് പ്രസിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിയും ചേർന്ന് സ്വീകരിച്ചു. വിദ്യാർഥികൾ ആവേശപൂർവമാണ് എൽഡിഎഫ് സ്ഥാനാർഥിയെ വരവേറ്റത്. തുടർന്ന് വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് കോൺവെന്റിലും യുപി സ്‌കൂളിലും  സന്ദർശനം നടത്തി. സെന്റ് ജോസഫ് സ്‌കൂളിൽ പ്രധാനാധ്യാപിക സി. ലിസ സ്വീകരിച്ചു. സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യൽ ഫണ്ട് ലഭിക്കാനുള്ള നിവേദനം വാസവന് കൈമാറി. പിന്നീട് കരൂർ, മീനച്ചിൽ പഞ്ചായത്തുകളിലും പാലാ മുനിസിപ്പൽ പ്രദേശത്തും സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച വാസവൻ വൈകിട്ട് പാലായിൽ നടത്തിയ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിലും പങ്കെടുത്താണ് മടങ്ങിയത്.
എൽഡിഎഫ് നേതാക്കളായ ആർ ടി മധുസൂദനൻ, ടി ആർ വേണുഗോപാൽ, പി എം ജോസഫ് എന്നിവർക്കൊപ്പം എത്തിയ വി എൻ വാസവനെ കൊല്ലപ്പള്ളിയിൽ കുര്യാക്കോസ് ജോസഫ്, പി കെ ഷാജകുമാർ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ കൊല്ലപ്പള്ളി, വൈസ് പ്രസിഡന്റ് ഉഷാ രാജു, കടനാട് ബാങ്ക് പ്രസിഡന്റ് പി ആർ സാബു പൂവത്തിങ്കൽ, ജെറി ജോസ്, ഷിലു കൊടൂർ, സതീഷ് കുന്നേൽ, പഞ്ചായത്ത്, ബാങ്ക് ഭരണസമിതിയംഗങ്ങൾ എന്നിവർ ചേർന്ന‌് വരവേറ്റു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top