08 August Saturday
റീസർവേ അപാകം പരിഹരിച്ചു

1027 പേരുടെ തോട്ടം പുരയിടമായി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

തോട്ടം പുരയിടം അദാലത്തിൽ പങ്കെടുക്കാനെത്തിയവരുടെ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ

 പാലാ

റീസർവെയിലെ പിശകു മൂലം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിട്ട തോട്ടം-–-പുരയിടം പ്രതിസന്ധിക്ക് പരിഹാരമായി. കലക്ടർ പി കെ സുധീർബാബുവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച പാലാ കത്തീഡ്രൽ പാരിഷ് ഹാളിൽ നടത്തിയ അദാലത്തിൽ തോട്ടങ്ങളെന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുള്ള വസ്തുക്കൾ പുരയിടമായി പുനഃക്രമീകരിക്കുന്നതിനുള്ള ഉത്തരവ് 1027 പേർക്ക് നൽകി. ലാൻഡ് റവന്യു തഹസിൽദാരുടെ ഈ ഉത്തരവ് വില്ലേജ് ഓഫീസിൽ ലഭിക്കുന്ന മുറയ്ക്ക് തണ്ടപ്പേരിലും കരം അടച്ച രസീതിലും പുരയിടമെന്ന് രേഖപ്പെടുത്തി നൽകും.
റീസർവെയിൽ സംഭവിച്ച അപാകം അടിയന്തരമായി പരിഹരിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. ഇതു സംബന്ധിച്ച് താലൂക്ക് ഓഫീസുകളിലും കലക്ടറേറ്റിലും നിരവധി പരാതികൾ ലഭിച്ചു. മാണി സി കാപ്പനാണ്‌ നിയമസഭയിൽ വിഷയം ഉന്നയിച്ചത്‌. തുടർന്ന്‌ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു വകുപ്പ് പ്രശ്ന പരിഹാരത്തിന് ഊർജിത നടപടി സ്വീകരിക്കുകയായിരുന്നു.
മീനച്ചിൽ താലൂക്കിലെ 14 വില്ലേജുകളിലുള്ളവരുടെ പരാതികളിലാണ് തീർപ്പുകൽപ്പിച്ചത്. ആകെ 4740 പേർ  അദാലത്തിൽ പരിഗണിക്കാൻ അപേക്ഷ നൽകിയിരുന്നു. ഏറ്റവും കൂടുതൽ പരാതികൾ കൊണ്ടൂർ വില്ലേജിൽനിന്നായിരുന്നു –- -2767 പേർ. ഇവരിൽ 367 പേർക്ക് അദാലത്തിൽ ഉത്തരവ് ലഭിച്ചു.  
  ഭരണങ്ങാനം -59, ഈരാറ്റുപേട്ട- 69, കുറിച്ചിത്താനം- 31, ളാലം - 12, പൂഞ്ഞാർ -26, പൂവരണി- 431, പുലിയന്നൂർ -20, തലനാട്- ആറ്, തലപ്പലം- ആറ് എന്നിങ്ങനെയാണ് തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം. പരിശോധനകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പരിഹാര നടപടികൾ സ്വീകരിച്ചത്. ശേഷിക്കുന്ന പരാതികളിൽ സൂക്ഷ്മ പരിശോധന നടന്നുവരുന്നു. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വസ്തു പുരയിടമായി ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് നൽകും.
അദാലത്തിന്‌ മുന്നോടിയായി നടന്ന ചടങ്ങിൽ എംഎൽഎമാരായ മാണി സി കാപ്പൻ, പി സി ജോർജ്‌, മോൻസ് ജോസഫ്, കലക്ടർ പി കെ സുധീർബാബു എന്നിവർ സംസാരിച്ചു. പാലാ ആർഡിഒ ജി പ്രദീപ് കുമാർ, തഹസിൽദാർമാരായ എം എൻ ഗീത(എൽആർ), വി എം അഷ്‌റഫ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top