07 July Tuesday
ശബരിമല തീർഥാടനം

റെയിൽവേയിൽ എല്ലാം പഴയ പാളത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ നിർമ്മാണം പൂർത്തിയാകാത്ത ബഹുനില പാർക്കിങ് സമുച്ചയം

 കോട്ടയം

ശബരിമല തീർഥാടകരുടെ ശരണംവിളി ഉയരാൻ അഞ്ചു ദിവസം മാത്രം ശേഷിക്കെ കോട്ടയം റെയിൽവേ  സ്‌റ്റേഷനിൽ പുതുതായി സൗകര്യങ്ങളൊന്നുമില്ല.  സുരക്ഷ ഒരുക്കാൻ 30 സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ഇവ ഇതുവരെ എങ്ങുമെത്തിയില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിന്‌ തീർഥാടകർ എത്തുന്ന ഏറ്റവും പ്രധാന റെയിൽവേ സ്‌റ്റേഷനിലാണ്‌ ഈ സ്ഥിതി. 
മണ്ഡലകാലത്തോടനുബന്ധിച്ച‌് 450ലേറെ സ‌്പെഷ്യൽ ട്രിപ്പുകളാണ‌് റെയിൽവേ നടത്തുന്നത‌്. എല്ലാ സർവീസിനും കോട്ടയത്ത‌് സ‌്റ്റോപ്പുണ്ട‌്. ഇതിനാൽതന്നെ  തീർഥാടകർ ഇത്തവണ കൂടുതലായി എത്തുമെന്നാണ‌് കണക്ക്‌ കൂട്ടൽ.  എന്നാൽ ഇതിനനുസരിച്ചുള്ള അധിക സൗകര്യം ഒരുക്കിയിട്ടില്ല. സാധാരണ ആന്ധ്രയിൽനിന്നുള്ള തീർഥാടകർക്കൊപ്പം സ‌്ത്രീകളും എത്താറുണ്ട‌്.  സുരക്ഷാ ക്രമീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ‌്സിന്റെ ചെന്നൈ യൂണിറ്റിൽനിന്നുള്ള വനിതാ സേനാംഗങ്ങളടക്കം എത്തും. 
പൈതൃക പദ്ധതിയിൽപ്പെടുത്തി 20 കോടിയുടെ വികസനം പ്രഖ്യാപിച്ചെങ്കിലും പല പദ്ധതികളും പാതിവഴിയിലാണ്. ബഹുനില പാർക്കിങ് സമുച്ചയത്തിന്റെ പണിയും ഏങ്ങുമെത്തിയില്ല. 
തീർഥാടകരുടെയും യാത്രക്കാരുടെ തിരക്കും കണക്കിലെടുത്ത് ഗുഡ്സ് ഷെഡ് റോഡിന് സമീപം രണ്ടാമതൊരു പ്രവേശനകവാടം നിർമിക്കാൻ തീരുമാനിച്ചെങ്കിലും ഈ സീസണിൽ അത് ഉപയോഗിക്കാനാവില്ല. 
അഞ്ചുമാസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് നിർമാണം തുടങ്ങിയ ബഹുനില പാർക്കിങ് സമുച്ചയം, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ നവീകരണം, പ്ലാറ്റ്ഫോമുകളുടെ പുനരുദ്ധാരണം, പഴയ നടപ്പാത മാറ്റി യന്ത്രപടികൾ സ്ഥാപിക്കുക തുടങ്ങിയവ ഇപ്പോഴും അവശേഷിക്കുകയാണ്‌.
വെല്ലുവിളിയായി പാർക്കിങ്‌
വാഹന പാർക്കിങ്ങാണ്‌ ഏറ്റവും വെല്ലുവിളി നേരിടുന്നത്‌. മുമ്പ്‌ വാഹനങ്ങൾ പാർക്ക് ചെയ്ത സ്ഥലത്താണ്  നിർമാണം. ഇത്‌ ഇതുവരെ എങ്ങുമെത്തിയിട്ടില്ല. കുടുംബശ്രീക്കാരുടെ മേൽനോട്ടത്തിൽ നടത്തുന്ന പാർക്കിങ് സംവിധാനത്തിൽ ഇരുചക്രവാഹനങ്ങളടക്കം നിറഞ്ഞു. ഇതോടെ, കാറുകളടക്കമുള്ളവ വഴിയോരത്തും റെയിൽവേ ക്വാർട്ടേഴ്സിന് മുന്നിലും മുള്ളൻകുഴി പാലത്തിന് സമീപവുമാണ്  പാർക്ക് ചെയ്യുന്നത്. സീസൺ തുടങ്ങിയാൽ കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന ഇടുങ്ങിയവഴിയിൽ  വൻ ഗതാഗതക്കുരുക്കാകും ഉണ്ടാവുക. 
മണ്ഡല കാലത്ത്‌ എത്തുന്നത്‌ 6 ലക്ഷം പേർ 
മണ്ഡലകാലത്ത് മാത്രം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആറുലക്ഷം പേർ എത്തുന്നുവെന്നാണ് പ്രാഥമിക കണക്ക്. പ്രതിദിനം 12,000 പേരും.മണ്ഡലകാലത്ത് തിരക്കേറിയ ദിവസങ്ങളിൽ 40,000 പേർ വരെ എത്തിയിട്ടുണ്ട്.ഇതര സംസ്ഥാനങ്ങളിലെ തീർഥാടകരിൽ 70 ശതമാനത്തോളംപേരും ട്രെയിനിലാണ് എത്തുന്നത്. മണ്ഡലകാലത്തിന് മുമ്പ് നിലവിലെ ജോലികൾ പൂർത്തിയായില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. 
വിവരം നൽകാൻ കൗണ്ടറുകൾ
തീർഥാടകരെ സഹായിക്കാൻ വിവിധ ഭാഷകളിലെ ഇൻഫർമേഷൻ കൗണ്ടറുകൾ, ആരോഗ്യ സുരക്ഷക്ക് മെഡിക്കൽ സംഘത്തിന്റെ സേവനം എന്നിവയും സജ്ജമാക്കും.  
ആവശ്യത്തിന്‌ 
ബസ്‌ സർവീസ്‌
കെഎസ്ആർടിസി ബസുകൾക്ക് പ്രവേശന കവാടത്തിന് മുന്നിൽനിന്ന് സർവിസ് ആരംഭിക്കാൻ സൗകര്യവും ഒരുക്കും. റെയിൽവെ സ്‌റ്റേഷനിൽ പ്രത്യേക കൗണ്ടർ ഒരുക്കും. തീർഥാടനകാലത്ത് പമ്പ, എരുമേലി എന്നിവിടങ്ങളിലേക്ക് 35 ബസ് സർവീസ് നടത്തും. ആദ്യഘട്ടത്തിൽ 25 ബസും തിരക്കേറുന്നതിനുസരിച്ച് അധികമായി 10 ബസും കൂടിയെത്തും. 
കണ്ണുതുറന്ന്‌ ക്യാമറകൾ
മൂന്ന‌് പ്ലാറ്റ‌്ഫോമുകളിലും വിശ്രമകേന്ദ്രം, മുകൾ നടപ്പാലം, പ്രവേശന കവാടം എന്നിവിടങ്ങളിലടക്കം കൂടുതൽ സിസിടിവി സ്ഥാപിക്കും. നിലവിലുള്ളതിനു പുറമെ 30 സിസിടിവികൾ കൂടി എത്തും. പ്രത്യേകം തയ്യാറാക്കിയ നീരീക്ഷണമുറിയിൽ ഇരുന്നാൽ മുഴുവൻ സിസിടിവി ദൃശ്യങ്ങളും കാണാനാകുംവിധമാണ‌് ഇതിന്റെ ക്രമീകരണം. ദൃശ്യങ്ങൾ പൂർണസമയം റെക്കോഡ‌് ചെയ്യും. പ്ലാറ്റ‌്ഫോമുകളിൽ രണ്ടറ്റവും അടക്കം വെളിച്ചം ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട‌്.  
1500 പേർക്ക‌് 
വിശ്രമ സൗകര്യം
റെയിൽവേ സ‌്റ്റേഷനിൽ തീർഥാടകർക്കുള്ള വിശ്രമ സൗകര്യം പഴയപടി തന്നെ. 1500 പേർക്കുള്ള സൗകര്യമാണുള്ളത്‌.  മൂന്നു ഹാൾ വിശ്രമത്തിനായി അനുവദിച്ചിട്ടുണ്ട്‌.  20 എണ്ണംവീതം ശൗചാലയങ്ങളും സജ്ജം.  കുടിവെള്ളവും മൊബൈൽ ചാർജിങ‌് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും.
കൂടുതൽ വാഹനങ്ങൾ സജ്ജമാക്കും
തീർഥാടകർക്ക‌് ആവശ്യമായ വാഹന സൗകര്യം ഏർപ്പെടുത്തുന്നതിനായി റെയിൽവെ സ‌്റ്റേഷൻ പരിസരത്ത‌് പ്രീപെയ‌്ഡ‌് കൗണ്ടർ ആരംഭിക്കും. നിലവിൽ ഇവിടെയുള്ള ടാക‌്സി, ടെമ്പോ  വാഹനങ്ങൾക്കുപുറമെ മറ്റ്‌ വാഹനങ്ങൾകൂടി ക്രമീകരിക്കും. ടാക‌്സി ഡ്രൈവേഴ‌്സ‌് കോ–-ഒാർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണിത‌്.  ബസുകളും 30 സീറ്റുള്ള വാഹനങ്ങളും വരെ ലഭ്യമാക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top