20 August Tuesday

അധികാരത്തിലേറുമെന്ന കോൺഗ്രസിന്റെ അവകാശവാദം പൊള്ള: മന്ത്രി ജി സുധാകരൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019
 
കോട്ടയം
അധികാരത്തിലേറാൻ പോകുന്നു എന്ന കോൺഗ്രസിന്റെ അവകാശവാദം രാജ്യത്തെ രാഷ‌്ട്രീയ സ്ഥിതി മനസ്സിലാക്കാതെയെന്ന‌് മന്ത്രി ജി സുധാകരൻ പറഞ്ഞു. മോഡിയെ കള്ളനെന്ന‌് വിളിക്കുന്ന രാഹുൽഗാന്ധി,  മൻമോഹൻ സിങ‌് സർക്കാരിനെയും ഇതുതന്നെയാണ‌് ജനങ്ങൾ വിളിച്ചിരുന്നതെന്ന‌് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ‌് സ്ഥനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം പനച്ചിക്കാടും തലയോലപ്പറമ്പിലും ഏറ്റുമാനൂരിലും സംഘടിപ്പിച്ച യോഗങ്ങളിൽ സംസാരിക്കുകായിരുന്നു മന്ത്രി‌. 
ഒരു കക്ഷി മാത്രം ജയിക്കുന്ന സ്ഥിതി ഇന്ത്യയിൽ ഒരുകാലത്തും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ‌് ഒറ്റയ‌്ക്കു ഭരിച്ചിരുന്ന കാലത്തും കേരളത്തിൽ കമ്യൂണിസ‌്റ്റുകാർ ജയിച്ചിട്ടുണ്ട‌്. ഇന്ത്യയിൽ ഒറ്റയ‌്ക്കു ഭരിക്കാമെന്ന‌് കോൺഗ്രസ‌് വെറുതെ സ്വപ‌്നം കാണുകയാണ‌്. ബിജെപിക്കെതിരായ ഐക്യത്തെ തകർക്കുന്നത‌് കോൺഗ്രസിന്റെ അധികാര ദുർമോഹമാണ‌്. ഇടതുപക്ഷമില്ലാതെയുള്ള മതനിരപേക്ഷ സർക്കാർ നിലനിൽക്കില്ല. 
 യുപിയിൽ 80 സീറ്റിൽ കോൺഗ്രസ‌് രണ്ട‌് സീറ്റിൽ മാത്രമാണ‌് ജയിച്ചത‌്. രാജ്യത്ത‌് 25 സംസ്ഥാനത്തും കോൺഗ്രസ‌് പ്രധാനകക്ഷിയല്ല. നാലോ അഞ്ചോ സംസ്ഥാനത്തു മാത്രമാണ‌് കോൺഗ്രസിന‌് പത്ത‌് സീറ്റ‌് തികച്ചുള്ളത‌്. ഇക്കൂട്ടരാണ‌് ഒറ്റയ‌്ക്ക‌് ഇന്ത്യ ഭരിക്കാൻ പോകുകയാണെന്ന‌് ഗീർവാണം മുഴക്കുന്നത‌്. കൂടെ പ്രബലമായ സംസ്ഥാന കക്ഷികൾ ഉള്ളയിടത്തു മാത്രമേ കോൺഗ്രസിന്റെ സ്ഥിതി മെച്ചപ്പെടൂ. എന്നാൽ ഞങ്ങളും ബിജെപിയും മാത്രം മതിയെന്ന നിലപാടാണ‌്  കോൺഗ്രസിന‌്. 
ഇന്ത്യഭരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന സന്ദേശമാണ‌് രാഹുൽ ഗാന്ധിയുടെ വയനാട‌് സ്ഥാനാർഥിത്വം നൽകുന്ന സന്ദേശം. ബിജെപിയെ നേരിടാനല്ല, കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തെ ഇടിച്ചുതാഴ‌്ത്താൻ കഴിയുമോ എന്നാണ‌് നോക്കുന്നത‌്. കേരളത്തിൽ ബിജെപിയുടെ വളർച്ചയെ തടയുന്ന പ്രബലമായ ശക്തി ഇടതുപക്ഷമാണ‌്. കോൺഗ്രസിനെ ഇപ്പോൾ ആരും വിശ്വസിക്കില്ല. ഇന്ന‌ത്തെ കോൺഗ്രസാണ‌് നാളത്തെ ബിജെപി. ഭരണഘടനയെ ബഹുമാനിക്കുന്നവർക്കാണ‌് വോട്ടുചെയ്യേണ്ടത‌്. അല്ലെങ്കിൽ അരാജകത്വവും വിനാശവുമാണ‌് ഉണ്ടാകുകയെന്നും സമൂഹത്തിനുള്ള സംരക്ഷണം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
 പനച്ചിക്കാട‌് നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ‌് കമ്മിറ്റി പ്രസിഡന്റ‌് ജെ ജയകുമാർ അധ്യക്ഷനായി. അഡ്വ. കെ അനിൽകുമാർ സംസാരിച്ചു. തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി പി പി രാധാകൃഷ‌്ണൻ സ്വാഗതവും പി കെ മോഹനൻ നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, എൽഡിഎഫ‌് നേതാക്കളായ കെ എം രാധാകൃഷ‌്ണൻ, എം കെ പ്രഭാകരൻ, ബി ശശികുമാർ, പി ജെ വർഗീസ‌്, റെജി സഖറിയ, ടി സി ബിനോയി, ബാബു കപ്പക്കാല തുടങ്ങിയവർ പങ്കെടുത്തു.
തലയോലപ്പറമ്പിലെ യോഗത്തിൽ തെരഞ്ഞെടുപ്പ‌് കമ്മിറ്റി പ്രസിഡന്റ് എ എം അനി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ
സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, അഡ്വ. പി കെ ഹരികുമാർ, സി കെ ആശ എംഎൽഎ, പി സുഗതൻ, കെ കെ ഗണേശൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, കെ ശെൽവരാജ്, കെ അരുണൻ, ശിവദാസ്പുഴാരത്ത്, അഡ്വ. ഫിറോസ് മാവുങ്കൽ, എ എ മാഹിൻ, അഡ്വ. എൻ ചന്ദ്രബാബു, എം പി ജയപ്രകാശ്, സിറിയക്ക് പാലാക്കൽ, രാംദാസ്, അജിത്ത് സോമൻ,
 കെ ബി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഡോ. സി എം കുസുമൻ സ്വാഗതം പറഞ്ഞു.
ഏറ്റുമാനൂർ  നീണ്ടൂർ പ്രാവട്ടത്ത‌് നടന്ന യോഗത്തിൽ എൽഡിഎഫ് നീണ്ടൂർ പഞ്ചായത്ത‌് കമ്മിറ്റി പ്രസിഡന്റ് റോബിൻ ജോസഫ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസ്സൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. വി ജയപ്രകാശ്, കെ എൻ രവി, എൽഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം സെക്രട്ടറി കെ എൻ വേണുഗോപാൽ, സിപിഐ മണ്ഡലം സെക്രട്ടറി യു എൻ ശ്രീനിവാസൻ, ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. മൈക്കിൾ ജെയിംസ്,  ജനതാദൾ എസ് ജില്ലാ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേൽ എന്നിവർ സംസാരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി ബാബു ജോർജ‌് സ്വാഗതം പറഞ്ഞു. ആട്ടുകാരൻ കവലയിൽ നിന്നും റാലിയും ഉണ്ടായി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top