20 July Saturday

കൂട്ടുകൂടാൻ ഇനി പശുക്കിടാവും; വെളിച്ചംവിതറി വെള്ളാളസമാജം സ്‌കൂൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019

ചിറക്കടവ് വെള്ളാളസമാജം സ്കൂളിൽ പശുക്കിടാവ് പദ്ധതി ചെയർമാൻ ടി പി രവീന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി 
വീട്ടിലേക്ക്‌ പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി സന്തോഷിച്ചാണ്‌ നിരഞ്‌ജനും തരുണും സ്‌കൂളിലെത്തിയത്‌. കൂട്ടുകാർക്കൊക്കെ സസ്‌പെൻസായ ആ സന്തോഷവാർത്ത പറഞ്ഞപ്പോൾ ഇരുവരുടെയും മുഖത്ത്‌ പൂത്തിരി. വിദ്യാർഥികളുടെ വീടുകളിലേക്ക്‌ പശുക്കിടാവിനെ നൽകുന്ന പദ്ധതി ചിറക്കടവ്‌ വെള്ളാള സമാജം സ്‌കൂളിൽ തുടങ്ങിയതിന്റെ ആഹ്ലാദമാണ്‌ ഈ കുരുന്നുകളിൽ. നാലാംക്ലാസിലെ നിരഞ്ജനും, രണ്ടാംക്ലാസിലെ തരുണും രക്ഷിതാക്കൾക്കൊപ്പം പശുക്കിടാങ്ങളെ ഏറ്റുവാങ്ങിയപ്പോൾ പുതിയൊരു വിപ്ലവച്ചുവടുവയ്‌പ്പായി അതുമാറി. 
പശുവളർത്തൽ പ്രോത്സാഹിപ്പിക്കാനായി തുടങ്ങിയ പദ്ധതി വിപുലീകരിച്ച് എല്ലാകുടുംബങ്ങളിലും ഒരു പശുക്കിടാവ് എന്ന ലക്ഷ്യത്തിലേക്കെത്തുകയാണ്‌ സ്കൂൾ. സ്കൂൾ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ചെയർമാൻ ടി പി രവീന്ദ്രൻപിള്ള രണ്ട് പശുക്കിടാങ്ങളെ കൈമാറി പദ്ധതി ഉദ്ഘാടനംചെയ‌്തു. സ്കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അധ്യക്ഷനായി. പദ്ധതി കൺവീനർ എം എൻ രാജരത്നം, സെക്രട്ടറി വി എസ് വിനോദ്കുമാർ, പിടിഎ വൈസ് പ്രസിഡന്റ‌് ജിൻസ് തോമസ്, സ്റ്റാഫ് സെക്രട്ടറി സി എസ് പ്രേംകുമാർ, വി എൻ ഹരികൃഷ്ണൻ, ബി ശ്രീരാജ്, സി എസ് സുജാത, പി എൻ സിജു, എസ് ബിന്ദുമോൾ, എസ് ശ്രീകല, എസ് ഗായത്രി, സന്ധ്യാ ബൈജു, ഷൈമാ രതീഷ് എന്നിവർ സംസാരിച്ചു.
ചിറക്കടവിൽ പ്രവർത്തിക്കുന്ന ഫാമിൽ നിന്നാണ് പദ്ധതിയിലേക്ക് പശുക്കിടാങ്ങളെ നൽകിയത്. പശു വളർത്താൻ തയ്യാറാകുന്ന എല്ലാ രക്ഷാകർത്താക്കൾക്കും പശുക്കിടാവിനെ നൽകും. ആദ്യഘട്ടത്തിൽ 10 പശുക്കിടാങ്ങളെയാണ് നൽകുന്നത്.
 
 
പ്രധാന വാർത്തകൾ
 Top