17 July Wednesday

സ്ഥലമുടമകളുടെ ആക്ഷേപം 19, 20 തീയതികളിൽ പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019

 

കോട്ടയം
റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത‌് വിജ്ഞാപനമായ സ്ഥലത്തിന്റെ ഉടമകളുടെ ആക്ഷേപങ്ങൾ 19, 20 തീയതികളിൽ പരിഗണിക്കും. മുട്ടമ്പലം, അതിരമ്പുഴ, പെരുമ്പായിക്കാട‌് വില്ലേജുകളിലെ 193 പേരിൽ നിന്നായി 3.98 ഹെക്ടർ ഭൂമിയാണ‌് ഏറ്റെടുത്തത‌്. ഇതിൽ 25 പേരാണ‌് ആക്ഷേപം സമർപ്പിച്ചിട്ടുള്ളത‌്. 
റെയിൽവേ ഭൂമി ഏറ്റെടുക്കൽ ചുമതല നിർവഹിക്കുന്ന സ‌്പെഷ്യൽ തഹസിൽദാരുടെ ഓഫീസിലാണ‌് പരാതികൾ കേൾക്കുക. അതിരമ്പുഴ, പെരുമ്പായിക്കാട‌് വില്ലേജിലുള്ളവരുടേത‌് 19നും മുട്ടമ്പലം വില്ലേജിലുള്ളവരുടെ ആക്ഷേപങ്ങൾ 20നും  പരിഗണിക്കും. ഏറ്റെടുക്കുമ്പോൾ സ്ഥലമുടമയുടെ പേരിലുള്ള മുഴുവൻ ഭൂമിയും എടുക്കുക, വീട‌് നഷ്ടപ്പെടുന്നവർക്ക‌് പകരം സംവിധാനം ഒരുക്കിനൽകുക, തൊഴിൽ നഷ്ടപ്പെടുന്നവർക്ക‌് റെയിൽവേ ജോലി ലഭ്യമാക്കുക, മുട്ടമ്പലം കോളനിയിൽ സ്ഥലമെടുപ്പിനുശേഷം അവശേഷിക്കുന്ന മൂന്നു വീടുകൂടി ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ‌് ഉന്നയിച്ചിട്ടുള്ളത‌്. നിയമാനുസരണമുള്ള വിജ്ഞാപനത്തിനുശേഷം ആക്ഷേപങ്ങൾ സമർപ്പിക്കാൻ ചട്ടപ്രകാരം 15 ദിവസം അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള നടപടികളാണ‌് പുരോഗമിക്കുന്നത‌്.  
ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള 17 കിലോമീറ്റർ ഭാഗത്താണ‌് ഇനി രണ്ടാംപാത നിർമിക്കാനുള്ളത‌്. കോട്ടയം പാതയിൽ ചെങ്ങന്നൂർ–-മുളന്തുരുത്തി വരെയുള്ള ഭാഗത്ത‌് പാത ഇരട്ടിപ്പിക്കാൻ 19 വില്ലേജുകളിലായി 29.025 ഹെക്ടറിൽ സ്ഥലമാണ‌് ഏറ്റെടുക്കേണ്ടി വന്നത‌്. ഇതിൽ 25.4353 ഹെക്ടർ ഭൂമിയും സംസ്ഥാന സർക്കാർ ഏറ്റെടുത്ത‌് റെയിൽവേയ‌്ക്ക‌് കൈമാറി. ഏറ്റുമാനൂർ പാറോലിക്കൽ ഗേറ്റ‌ുമുതൽ മുട്ടമ്പലം വില്ലേജിൽ കൊടൂരാർ വരെയുള്ള ഏഴ‌് കിലോമീറ്ററിലാണ‌് ഇപ്പോൾ സ്ഥലമെടുപ്പ‌് നടക്കുന്നത‌്. തിരുവനന്തപുരം സെന്റർ ഫോർ മാനേജ‌്മെന്റ‌് ഡെവലപ്പ‌്മെന്റ‌് നേതൃത്വത്തിൽ സാമൂഹ്യാഘാത പഠനം ഉൾപ്പെടെ നടത്തിയ ശേഷമാണ‌് ഭൂമി ഏറ്റെടുത്ത‌് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത‌്. വിജ്ഞാപന തിയതിമുതൽ മൂന്നുവർഷം മുമ്പുവരെയുള്ള വിലയെ ആസ‌്പദമാക്കിയാണ‌് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക‌.
പ്രധാന വാർത്തകൾ
 Top