19 June Wednesday

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 12, 2019

മുണ്ടക്കയം അപകടത്തിൽപെട്ട കെഎസ്ആർടിസി ബസ്

 

 
മുണ്ടക്കയം
കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. കൊട്ടാരക്കര ദിണ്ഡുകൽ ദേശീയപാതയിൽ മരുതുംമൂട് ജങ്ഷനു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം.. ദേശീയപാതയിൽ മറികടന്നെത്തിയ കാറിന് വഴിമാറി കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ 29 യാത്രക്കാരെയും ബസ് ജീവനക്കാരെയും പരിസരവാസികളും പെരുവന്താനം പൊലീസും ചേർന്ന‌് പുറത്തെടുത്ത് സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. ഡ്രൈവർ കോതമംഗലം സ്വദേശി അജി(49), കണ്ടക്ടർ വട്ടപ്പാറ സ്വദേശി പ്രവീൺ(39), മൈലാടുംപാറ ദേവേന്ദ്രപുരം പാണ്ഡ്യൻ(62), അയർക്കുന്നം വലിയ ചേന്നാട് ജോസഫ് ചാക്കോ(70), കുറവിലങ്ങാട് സ്വദേശി ദിവ്യ(23), അടിച്ചിറ സ്വദേശി ഗ്രേസ് മാത്യു(49), മകൾ മേഘ(23) , പൊൻകുന്നം ആക്ഷിത(22), പാലാ പൈക സ്വദേശി അശ്വിൻ(20) , തിരുവല്ല സ്വദേശി റിംസോ(20), പുതുപള്ളി സ്വദേശി ശ്രീജേഷ് ദേവ്(23),  ഈരാറ്റുപേട്ട സ്വദേശി ജോസഫ്(70), അമലഗിരി സ്വദേശി സദാശിവൻ(63), പൊൻകുന്നം സ്വദേശികളായ വിമൽ ഗോപിനാഥ്(20), അനന്ദ കൃഷ്ണൻ(25), തിരുവഞ്ചൂർ സ്വദേശികളായ ശാന്തമ്മ(60), സഹോദരി രാജമ്മ(57), ഏറ്റുമാനൂർ സ്വദേശി അഞ്ചന(21 ), സഹോദരൻ അരവിന്ദ്(20), ഇടുക്കി പീരുമേട് ശശീന്ദ്ര പണിക്കർ, കോട്ടയം വാഴൂർ ശ്രീകാന്ത്(27), കോത്തല സ്വദേശി മാത്യു(48) എന്നിവർക്കാണ‌് പരിക്കേറ്റത‌്. ആരുടെയും നില ഗുരുതരമല്ല. 
 കുട്ടിക്കാനം മരിയൻ കോളജിൽ നടന്ന തൊഴിൽ മേളയിൽ പങ്കെടുത്ത‌് മടങ്ങുന്ന ഉദ്യോഗാർഥികളായിരുന്നു ഭൂരിപക്ഷവും. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ബലംകുറഞ്ഞ സെറ്റിനേറ്ററുകൾ തകർത്ത‌് താഴ്ചയിലേക്കു നീങ്ങിയ ബസ് സ്വകാര്യ തോട്ടത്തിലെ റബർമരങ്ങളിൽ തട്ടിനിന്നതിനാൽ ദുരന്തം വഴിമാറി. 
 കുമളിയിൽ നിന്നും കോട്ടയത്തേക്ക‌് പോകുകയായിരുന്നു ബസ്.  സംഭവം നടന്നയുടൻ പെരുവന്താനം എഎസ്ഐ ഒ എച്ച‌് 
നൗഷാദിന്റെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ്  കെ ടി ബിനു, കെഎസ്ആർടിസി ഇൻസ‌്പെക‌്ടേഴ‌്സ‌് ടീം എന്നിവരും സ്ഥലം സന്ദർശിച്ചു.
 
 
 
 
പ്രധാന വാർത്തകൾ
 Top