21 April Sunday

പ്രളയകാലത്തെ കരുതലിന‌് സമ്മാനം ഈ സ‌്നേഹപ്പൂക്കൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കോട്ടയം ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി വി എൻ വാസവൻ കുമരകം നസ്രത്ത്‌ പള്ളിക്ക്‌ സമീപം കരുണാ ഭവൻ സന്ദർശിച്ചപ്പോൾ റോസാപ്പൂ നൽകി സ്വീകരിക്കുന്നു

 കുമരകം

പ്രളയകാലത്തെ കരുതലിന‌് അവർ തങ്ങളുടെ പ്രിയ ജനനായകന്റെ കരംപിടിച്ച‌് നന്ദി അറിയിച്ചു. ചിലർ റോസാപ്പൂ നൽകി. ചിലർ സ‌്നേഹവാക്കുകൾ പറഞ്ഞു. അന്ന‌ത്തെ രക്ഷകനെ മുന്നിൽകണ്ട ഏതാനും പേർക്ക‌് സ‌്നേഹവാക്കുകൾ മുഴുമിക്കാനായില്ല. വാക്കുകൾ മുറിഞ്ഞ‌് കണ്ണുനിറഞ്ഞു. അതിൽ കന്യാസ‌്ത്രീകൾ ഉണ്ടായിരുന്നു. ശാരീരിക വൈഷമ്യമുള്ളവരും അനാഥരും ഉണ്ടായിരുന്നു. കോട്ടയം ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ കുമരകം നസ്രത്ത‌് പള്ളിക്ക‌് സമീപത്തെ കരുണ ഭവനിലെത്തിയപ്പോഴാണ‌് അന്തേവാസികളുടെയും കന്യാസ‌്ത്രീകളുടെയും ഈ സ‌്നേഹ പ്രകടനം.
ശാരീരിക–-മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾക്കായി സംരക്ഷണ ചാരിറ്റബിൾ ട്രസ‌്റ്റിന്റെ കീഴിൽ എഫ‌്ഡിഎസ‌്എച്ച‌്ജെ കോൺവെന്റ‌് ആരംഭിച്ചതാണ‌് കരുണഭവൻ‌. കഴിഞ്ഞ പ്രളയകാലത്ത‌് കരുണഭവനും വെള്ളത്തിലായിരുന്നു. കരുണഭവനിലുളളവരെ അന്ന‌് ടോറസിൽ കയറ്റി രക്ഷിച്ചത‌് വി എൻ വാസവന്റെ നേതൃത്വത്തിലായിരുന്നു. വാസവൻ സ്ഥാനാർഥിയാണെന്ന‌് അറിഞ്ഞതോടെ കാണാനുള്ള ആഗ്രഹം കരുണഭവൻ അധികൃതർ പ്രകടിപ്പിച്ചു. തങ്ങളുടെ പിന്തുണയും നന്ദിയും അറിയിക്കാനായിരുന്നു ഇത‌്. തുടർന്നാണ‌് സ്ഥാനാർഥി തിരക്കുകൾക്കിടെ ഇവിടം സന്ദർശിക്കാൻ ഞായറാഴ‌്ച സമയം കണ്ടെത്തിയ‌ത‌്. സിസ‌്റ്റർമാരായ ട്രീസ, മാർട്ടിൻ, അനിറ്റ, അനില എന്നിവർ ചേർന്ന‌് വാസവനെ സ്വീകരിച്ചു. അന്തേവാസികളായ അപർണ, അനു, ബീന ചെറിയാൻ എന്നിവർ റോസാപ്പൂ നൽകിയാണ‌് വരവേറ്റത‌്. 
 
"പ്രളയകാലത്ത‌് വി എൻ വാസവൻ വന്നില്ലായിരുന്നുവെങ്കിൽ ഞങ്ങൾ വെള്ളത്തിലായേനെ. ആ ഔദാര്യമില്ലായിരുന്നുവെങ്കിൽ ഞങ്ങളും ഈ കുഞ്ഞുങ്ങളും ഉണ്ടാവുമായിരുന്നില്ല. 20 ദിവസത്തോളം ഞങ്ങൾക്ക‌് മാറിത്താമസിക്കേണ്ടി വന്നു. തിരിച്ചുവരവിനും സഹായം നൽകി. അതിനാൽ അദ്ദേഹത്തിന്റെ വിജയത്തിനായി പ്രാർഥിക്കും. ഞങ്ങളുടെ സന്യാസി സമൂഹത്തിന്റെയാകെ പിന്തുണ തെരഞ്ഞെടുപ്പിൽ ഉണ്ടാവും'–- സിസ‌്റ്റർ ട്രീസ പറഞ്ഞു.  തങ്ങളുടെ ആഹ്ലാദമറിയിച്ച‌് അന്തേവാസികളിൽ ചിലർ പാട്ടുപാടി. എല്ലാവരോടും സ്ഥാനാർഥി നന്ദി അറിയിച്ചു. കരുണഭവനിലുള്ളവർ അനാഥാരാവാതിരിക്കാൻ എന്നും ഒപ്പമുണ്ടാവുമെന്ന‌് വാസവൻ പറഞ്ഞു. കഴിയുന്ന സഹായങ്ങളെല്ലാം ഭാവിയിലും ചെയ്യുമെന്ന ഉറപ്പും നൽകിയാണ‌് അദ്ദേഹം മടങ്ങിയത‌്. കുമരകം പഞ്ചായത്ത‌് പ്രസിഡന്റ‌് എ പി സലിമോൻ, പഞ്ചായത്തംഗം ധന്യാ സാബു, ബ്ലോക്ക‌് പഞ്ചായത്തംഗം കെ വി ബിന്ദു, എൽഡിഎഫ‌് നേതാക്കളായ സാബു മുരിക്കവേലി, പി ഒ രാജേന്ദ്രൻ, അഡ്വ. ഫ്രാൻസിസ‌് തോമസ‌് എന്നിവരും കരുണഭവനിൽ എത്തിയിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top