26 January Sunday
7 ഇടത്ത്‌ ഉരുൾപൊട്ടൽ

മലവെള്ളം കുതിച്ചെത്തി; പാലാ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

  

 
പാലാ
കിഴക്കൻ മലയോരത്തുണ്ടായ തുടർച്ചയായ ഉരുൾപൊട്ടലിലും ശക്തമായ പേമാരിയിലും കുതിച്ചെത്തിയ മലവെള്ളത്തിൽ മീനച്ചിലാറും കൈവഴികളും കരകവിഞ്ഞ് പാലാ വെള്ളത്തിൽ മുങ്ങി. തലനാട്, തീക്കോയി പഞ്ചായത്തുകളിൽ ഏഴിടത്തായി എട്ട് ഉരുളുകളാണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നുമുതൽ പൊട്ടിയത്. പ്രദേശത്തെ പുരയിടങ്ങളും  കൃഷിയിടങ്ങളും തകർന്നു. ഉച്ചയോടെ ഈരാറ്റുപേട്ടയിലും വൈകിട്ടോടെ പാലായിലും വെള്ളമിറങ്ങിത്തുടങ്ങിയിട്ടുണ്ട്‌.
ഭീതി പടർന്ന രാത്രി
തലനാട് അടുക്കത്താണ് വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ആദ്യം ഉരുൾപൊട്ടിയത്‌. തുടർന്ന് അട്ടിക്കളം, ചോനമല, സ്രായം, തീക്കോയി പഞ്ചായത്തിലെ മംഗളഗിരി, കുടമുരുട്ടി, കാരികാട് ഭാഗങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മലവെള്ള പാച്ചിലിൽ നടക്കൽ, കുരിക്കൾ നഗർ കോസ്‌‌വേകൾ മുങ്ങി. 
  ചാമപ്പാറ ഭാഗത്ത് അൻപതോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. വാഗമൺ റൂട്ടിൽ നാലിടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടെങ്കിലും ഗതാഗതം പുനസ്ഥാപിച്ചു. പനയ്‌ക്കപ്പാലത്ത് മണ്ണിടിഞ്ഞുവീണ് സ്വകാര്യ സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളിക്ക്‌ പരിക്കേറ്റു.   
   ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. മീനച്ചിൽ താലൂക്കിൽ താഴ്ന്ന പ്രദേശങ്ങളിലെ നൂറോളം വീടുകളിലും പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ നിരവധി കടകമ്പോളങ്ങളിലും വെള്ളംകയറി.  താലൂക്കിലെ വിവിധ കേന്ദ്രങ്ങളിലായി 81 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഏഴ് ക്യാമ്പുകളിലായി 281 പേരെയാണ് പുനരധിവസിപ്പിച്ചത്‌. ഒരിടത്തും ആളപായമില്ല. പല വീടുകളിലെയും ഗൃഹോപകരണങ്ങൾ വെള്ളപ്പാച്ചിലിൽ നഷ്ടമായി.
ഒറ്റപ്പെട്ട്‌ പാലാ
വെള്ളിയാഴ്‌ച  ഉച്ചയോടെ പാലാ നഗരം പൂർണമായും ഒറ്റപ്പെട്ടു. സ്റ്റേഡിയം ജങ്‌ഷൻ മുതൽ മുനിസിപ്പൽ ടൗൺഹാൾ വരെ റോഡിലും ബിഷപ് ഹൗസിനു മുൻവശം മുതൽ അരുണാപുരം വരെയും റോഡിൽ അരയോളം വെള്ളമെത്തി. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി. ഉരുൾപൊട്ടലുണ്ടായ ഉടൻ പാലായിൽ പൊലീസ് അധികൃതർ മൈക്കിലൂടെ മുന്നറിയിപ്പ് നൽകിയതിനാൽ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മുൻകൂട്ടി സാധനങ്ങൾ മാറ്റിയതിനാൽ നഷ്ടം ഒഴിവായി. കാറ്റിൽ മരംവീണ് രാമപുരത്ത് മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഏറ്റുമാനൂർ – -പൂഞ്ഞാർ സംസ്ഥാനപാത ഉൾപ്പെടെ വെള്ളിയാഴ്ച പുലർച്ചെ വെള്ളം മൂടി. 
റോഡുകൾ 
വെള്ളത്തിൽ; 
ഗതാഗതം  മുടങ്ങി
പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽനിന്നുള്ള ഭൂരിഭാഗം വഴികളിലെയും ഗതാഗതം നിലച്ചു. കെഎസ്ആർടിസി, സ്വകാര്യബസുകൾ സർവീസ് നടത്തിയില്ല. പാലാ- തൊടുപുഴ, തൊടുപുഴ- ഈരാറ്റുപേട്ട - കാഞ്ഞിരപ്പള്ളി റൂട്ടുകളിൽ വെള്ളപ്പൊക്കം ബാധിക്കാത്തതിനാൽ ഗതാഗതം മുടങ്ങിയില്ല. 
ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലാ ടൗണിലും മൂന്നാനി, ചെത്തിമറ്റം, വെള്ളാപ്പാട്, കൊട്ടാരമറ്റം, സെന്റ് തോമസ് കോളേജ്, പുലിയന്നൂർ, ചേർപ്പുങ്കൽ, ചകിണിപ്പാലം, പന്നയ്‌ക്കപ്പാലം എന്നിവിടങ്ങളിലും കോട്ടയം റൂട്ടിൽ കൂടല്ലൂരിലും വെള്ളം കയറി. പാലാ–-പൊൻകുന്നം–-- രാമപുരം–- വൈക്കം–-കൊടുങ്ങൂർ  റൂട്ടുകളിൽ പലയിടങ്ങളും വെള്ളത്തിലായി. 
മൂന്നാനിയിലും മുണ്ടുപാലത്തും  കരൂരും കൊല്ലപ്പള്ളി -കുറുമണ്ണ് റൂട്ടിലും കടനാട് റൂട്ടിലും 
പൊൻകുന്നം റോഡിൽ  കുറ്റില്ലത്തും മീനച്ചിൽ വായനശാല ജങ്‌ഷൻ, കടയം, പൂവരണി, മുരിക്കുംപുഴ ഭാഗത്തും കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്തും ഗതാഗതം മുടങ്ങി. കൊല്ലപ്പള്ളിയിൽ വെള്ളം കയറിയെങ്കിലും ഗതാഗതത്തെ ബാധിച്ചില്ല.   
പാലാ- കൊടുങ്ങൂർ റൂട്ടിൽ മുത്തോലി കടവ്, കിടങ്ങൂർ - മണർകാട് റൂട്ടിൽ മോനിപ്പിള്ളിവളവ്, കോയിത്തറപ്പടി ഭാഗങ്ങളിലും റോഡിൽ വെള്ളം കയറി.
തീക്കോയി- വാഗമൺ റോഡിൽ നാലു സ്ഥലത്ത് റോഡിൽ മണ്ണിടിഞ്ഞുവീണു. പനയ്ക്കപ്പാലം, അമ്പാറ, മൂന്നാനി, ചെത്തിമറ്റം, പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം, മുനിസിപ്പൽ സ്റ്റേഡിയം ജങ്‌ഷൻ, ടൗൺ ഹാളിനു മുൻവശം, കൊട്ടാരമറ്റം, മുത്തോലി, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ റോഡിൽ അരയോളം വെള്ളമാണ്‌ ഉയർന്നത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top