15 June Tuesday
ഡിവൈഎഫ്‌ഐ ‘ഹൃദയപൂർവം’ @100

നൂറുനാളിന്റെ നന്മത്തിളക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
 
കോട്ടയം
വിശക്കുന്ന വയറിന്‌ ആഹാരം നൽകുന്ന നല്ല മനസ്സിന്‌ നൂറുനാളിന്റെ നന്മത്തിളക്കം. ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ’ എന്ന സന്ദേശവുമായി ഡിവൈഎഫ്‌ഐ ഒരുക്കുന്ന പൊതിച്ചോർ വിതരണ പദ്ധതിയായ ‘ഹൃദയപൂർവം’ ആണ്‌ ജനകീയ പങ്കാളിത്തത്തോടെ നൂറുദിനം തികച്ചത്‌. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്നവർക്കും കൂട്ടിരിപ്പുകാർക്കുമാണ്‌ വീടുകളിൽ നിന്നുള്ള ഉച്ചഭക്ഷണം എത്തിച്ചുനൽകുന്നത്‌. ഒരുതവണ പോലും മുടങ്ങാത എല്ലാദിവസവും കൃത്യസമയത്തുതന്നെ പ്രവർത്തകർ ഭക്ഷണമെത്തിക്കുന്നു. ഇതിനകം 5.5 ലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണംചെയ്തു. ഓരോ പൊതിച്ചോറിലും കരുതിവച്ച സ്‌നേഹം ഏറ്റുവാങ്ങുമ്പോൾ ആളുകളിൽ സന്തോഷം പ്രകടമായിരുന്നു. 
കരുണയും കർമശേഷിയും ഒത്തുചേർന്ന യുവജന പ്രസ്ഥാനത്തിന്റെ കരുത്തിൽ ആവിഷ്‌കരിച്ച പദ്ധതി  മാറ്റത്തിന്റെ സാമൂഹ്യശക്തിയായി. വിതരണ കേന്ദ്രത്തിൽ എത്തിയ ആയിരങ്ങൾക്കിടയിലൂടെ ഡിവൈഎഫ്‌ഐയുടെ പതാക കെട്ടിയ വാഹനങ്ങൾ പൊതിച്ചോറുമായി കടന്നെത്തി. പ്രത്യേകം പെട്ടികളിലാക്കി അടുക്കിവച്ച ഭക്ഷണപ്പൊതികൾ പ്രവർത്തകർ ചേർന്ന്‌ ഇറക്കിവച്ചു. ഇതിനായി പ്രത്യേക വളണ്ടിയർമാരെയും നിയോഗിച്ചിരുന്നു.
 ദിവസേന ആറായിരത്തോളം പേർക്കാണ്‌ ഇവിടെ സൗജന്യമായി ഭക്ഷണം നൽകുന്നത്‌. നൂറാം ദിനമായ വെള്ളിയാഴ്‌ച 7250 പൊതിച്ചോർ എത്തിച്ച്‌ വിതരണംചെയ്‌തു. കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിക്ക്‌ കീഴിലെ കോരുത്തോട്‌ മേഖലാ കമ്മിറ്റിയാണ്‌ ഭക്ഷണം എത്തിച്ചത്‌. 
സിഡി ബ്ലോക്കിനു സമീപത്താണ്‌ വിതരണകൗണ്ടർ ഒരുക്കിയത്‌. ആയിരക്കണക്കിന്‌ ആളുകൾ ഇരുവശത്തുനിന്നും വരിവരിയായി എത്തി പൊതിച്ചോർ വാങ്ങി. രോഗിക്കും കൂട്ടിരിപ്പുകാർക്കുമായി ഓരോരുത്തർക്കും രണ്ടു പൊതിവീതമാണ്‌ നൽകിയത്‌. ആവശ്യപ്പെട്ടവർക്ക്‌ ഇതിൽ കൂടുതലും നൽകി.  
 ജില്ലയിലെ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ പൊതിച്ചോർ എത്തിക്കുന്നത്‌. ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിക്കാണ്‌ ഇതിന്റെ ചുമതല. ജില്ലാ–-ബ്ലോക്ക്‌ കമ്മിറ്റികൾ ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നു. യൂണിറ്റ്‌ പ്രവർത്തകർ മുൻകൂട്ടി വീടുകളിലെത്തി അറിയിക്കുന്നതനുസരിച്ച്‌ ഓരോ വീട്ടുകാരും ഭക്ഷണം തയ്യാറാക്കി നൽകും. ഇവ ശേഖരിച്ച്‌ പ്രത്യേക വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച്‌ വിതരണംചെയ്യുകയാണ്‌ രീതി.
നൂറു ദിവസം പിന്നിടുമ്പോൾ ജില്ലയിലെ ബഹുഭൂരിപക്ഷം വീടുകളും പദ്ധതിയിൽ പങ്കാളികളായി. പൊതിച്ചോർ തയ്യാറാക്കി നൽകി വീട്ടമ്മമാരും സന്തോഷത്തോടെ സന്നദ്ധ പ്രവർത്തനത്തെ ഹൃദയത്തിലേറ്റി. 
ആശുപത്രി പരിസരത്ത്‌ നടന്ന ശതദിനാഘോഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌, സെക്രട്ടറി സജേഷ്‌ ശശി, സംസ്ഥാന കമ്മിറ്റിയംഗം എൻ അനിൽകുമാർ, വൈസ്‌ പ്രസിഡന്റുമാരായ മഹേഷ്‌ ചന്ദ്രൻ, കെ പി പ്രശാന്ത്‌, ജോയിന്റ്‌ സെക്രട്ടറിമാരായ കെ കെ ശ്രീമോൻ, ബി സുരേഷ്‌, കാഞ്ഞിരപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ബി ആർ അൻഷാദ്‌, സെക്രട്ടറി അജാസ്‌ റഷീദ്‌, കോരുത്തോട്‌ മേഖലാ സെക്രട്ടറി ലാൽ ജിൻ വർഗീസ്‌ എന്നിവർ വിതരണത്തിൽ പങ്കാളികളായി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top