15 December Sunday
ദേശീയ പണിമുടക്ക‌്

വനിതാ കമീഷനിൽ ലാബിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

കോട്ടയം കലക്ടറേറ്റിൽ നടന്ന മെഗാ വനിതാ അദാലത്തിൽ പങ്കെടുക്കുന്ന ഡയറക്ടർ വി യു കുര്യാക്കോസും വനിതാകമീഷൻ അംഗം ഇ എം രാധയും

 

 
കോട്ടയം
സ്വകാര്യലാബിൽ രക്തപരിശോധനയ‌്ക്ക‌് വന്ന ഗർഭിണിക്ക‌് മാനദണ്ഡം പാലിക്കാതെ പരിശോധനാഫലം കൊടുത്തത‌് സംബന്ധിച്ച‌് വനിതാ കമീഷനിൽ പരാതി. രക്തം എച്ച‌്ഐവി പോസിറ്റീവാണെന്ന ഫലം നിയമപ്രകാരമുള്ള കൗൺസലിങ് നടത്താതെ പരിശോധനയ‌്ക്ക‌് വന്ന ഗർഭിണിയുടെ കൈവശം കൊടുത്തയച്ച ലാബ‌് അധികാരികളുടെ നടപടിക്കെതിരേയാണ‌് പരാതി.
   കരാർ ജോലിചെയ്യുന്ന കോട്ടയംകാരിയായ നേഴ‌്സിനാണ‌് ഈ ദുർഗതി. രക്തപരിശോധനയിൽ എച്ച‌്ഐവി പോസിറ്റീവ‌് റിസൽറ്റ‌് കണ്ടാൽ പരിശോധനയ‌്ക്ക‌് വന്നയാൾ വശം ഫലം കൊടുക്കുന്നത‌് നിയമപരമല്ല. അടുത്ത ബന്ധുവിനെ വിളിച്ചുവരുത്തി രണ്ട‌് പേർക്കും ആവശ്യമായ കൗൺസലിങ്‌ നൽകിയേ ഫലം കൈമാറാവൂ എന്നാണ‌് ചട്ടം. എന്നാൽ ഇതൊന്നും കച്ചവടക്കണ്ണുള്ള ലാബുകാർ നോക്കാറില്ല.
   താൻ ഒരു നേഴ‌്സായത‌്കൊണ്ടും ഭർത്താവ‌് തന്നോടൊപ്പം ഉറച്ചുനിൽക്കുന്നതുകൊണ്ടുമാണ‌് താൻ മാനസികമായി തളരാതെ പിടിച്ചുനിൽക്കുന്നതെന്ന‌് യുവതി പറഞ്ഞു. കലക്ടറേറ്റ‌് കോൺഫറൻസ‌്ഹാളിൽ 
നടന്ന വനിതാ കമീഷൻ മെഗാ അദാലത്തിലാണ‌് സ്വകാര്യലാബുകാരുടെ നിരുത്തരവാദപരമായ നടപടി വെളിപ്പെട്ടത‌്. യുവതി ആരോഗ്യവകുപ്പിന‌് പരാതി   സമർപ്പിച്ചിട്ടുണ്ട‌്. യുവതിക്ക‌് മറ്റ‌് ആരോഗ്യപ്രശ‌്നങ്ങളൊന്നും നിലവിലില്ല.
   പൊലീസ‌് മർദനമേറ്റാണ‌് മകൻ മരിച്ചതെന്നും പരാതി ഡിജിപി അടക്കമുള്ള ഉന്നതർക്ക‌് സമർപ്പിച്ചിട്ടുണ്ടെന്നുമുള്ള പരാതിയുമായാണ‌് ഒരു അമ്മ വനിതാ കമീഷനെ സമീപിച്ചത‌്. മീനച്ചിൽ താലൂക്കിലെ മേലുകാവ‌് പൊലീസ‌് സ‌്റ്റേഷനുമായി ബന്ധപ്പെട്ടാണ‌് അമ്മ പരാതി ഉന്നയിച്ചത‌്. മകൻ രാജേഷ‌് പിന്നീട‌് മരിച്ചെന്നും രാജേഷിനെ അച്ഛന്റെ സാന്നിധ്യത്തിലും പൊലീസുകാർ മർദിച്ചെന്നും അമ്മ ഓമന വനിതാകമീഷൻ അംഗങ്ങളോട‌് പറഞ്ഞു. വിശദമായ പരാതി മജിസ‌്ട്രേറ്റിനും നൽകിയിട്ടുണ്ട‌്. ഇതുമായി ബന്ധപ്പെട്ട‌ വിശദാംശങ്ങൾ ഒരാഴ‌്ചക്കകം അറിയിക്കണമെന്ന‌് പൊലീസിനോട‌് കമീഷൻ ആവശ്യപ്പെടും. 
   ആകെ 89 പരാതികൾ കമീഷൻ പരിഗണിച്ചു. 38 എണ്ണം തീർപ്പായി. 47 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക‌് മാറ്റി. 27ന‌് ജില്ലാ പഞ്ചായത്ത‌് ഹാളിലാണ‌് അടുത്ത കമീഷൻ സിറ്റിങ്. അദാലത്തുകൾ കൂടാതെ ജില്ലാ ലൈബ്രറി കൗൺസിലുമായി സഹകരിച്ച‌് ബോധവൽക്കരണ സെമിനാറുകളും വനിതാകമീഷൻ നടത്താറുണ്ടെന്ന‌് കമീഷനംഗം ഇ എം രാധ ദേശാഭിമാനിയോട‌് പറഞ്ഞു. ലൈബ്രറികൾ കേന്ദ്രീകരിച്ചുള്ള ഇത്തരം സെമിനാറുകൾ ആശയപരമായും പങ്കാളിത്തംകൊണ്ടും വൻവിജയമാണ‌്. വീട്ടുവഴക്കുകളും കുടുംബവഴക്കുകളുമാണ‌് കമീഷൻ സിറ്റിങ്ങിൽ വരുന്ന പരാതികളിൽ ഏറെയും. സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കങ്ങളും പരാതിക്ക‌് ഇടയാക്കുന്നു. കൂടുതൽ കേസുകളിലും വാദിയും പ്രതിയും സ‌്ത്രീ ആണെന്ന പ്രത്യേകതയുമുണ്ട‌്. കമീഷൻ അംഗങ്ങളായ ഇ എം രാധ, എം എസ‌് താര, ഡയറക‌്ടർ വി യു കുര്യാക്കോസ‌് എന്നിവരും അഭിഭാഷകരായ സി ജി സേതുലക്ഷ‌്മി, സി എ ജോസ‌്, മീര രാധാകൃഷ‌്ണൻ, ഷൈനി ഗോപി എന്നിവരും വനിതാസെൽ എസ‌്ഐഎസ‌്ഡി ലൈലയും സിറ്റിങ്ങിൽ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top