20 September Friday

പച്ചത്തുരുത്ത് -പുഴയോരം പദ്ധതിക്ക് എരുമേലിയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019
എരുമേലി
തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് എരുമേലിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി എരുമേലി - കാഞ്ഞിരപ്പള്ളി റോഡിൽ വിലങ്ങുപാറ പാലം മുതൽ കൊരട്ടി വരെ വലിയ തോടിനരികിൽ തദ്ദേശീയമായ സസ്യങ്ങളും ചെടികളും നട്ടുപിടിപ്പിക്കും. യാത്രക്കാർക്ക് വിശ്രമമൊരുക്കാൻ ഇരിപ്പിടങ്ങൾ തയ്യാറാക്കും, പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ബോർഡുകളും സ്ഥാപിക്കും. ഇതിനായി ഒരു കിലോമീറ്ററോളം വരുന്ന ഭൂമിയിലെ കാടുകൾ വെട്ടിത്തെളിച്ച് സംരക്ഷണ വേലികൾ തീർക്കുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്‌. പഞ്ചായത്തംഗങ്ങളായ കെ ആർ അജഷ്, ജസ്ന നജീബ് എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രവർത്തനങ്ങൾ. ഹരിത കേരളാ മിഷൻ, തൊഴിലുറപ്പ്, വിവിധ സന്നദ്ധ സംഘടനകൾ, സ്കൂൾ - കോളേജ് വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളിലുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുക്കുകയാണ്‌ പച്ചത്തുരുത്ത് എന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്തംഗങ്ങളായ കെ ആർ അജേഷ്, ജസ്ന, ഹരിത കേരള മിഷൻ കോഡിനേറ്റർ അൻഷാദ്, ബിബിൻ, ആൻസമ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top