17 January Friday

കിളിർക്കാതെ 50 ടൺ വിത്ത്‌; നഷ്ടപരിഹാരം വേണമെന്ന്‌ ബാങ്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019
 
കോട്ടയം
പുഞ്ചകൃഷിയ്‌ക്കായി കർഷകർക്ക്‌ വിതരണംചെയ്‌ത വിത്ത്‌ കിളിർക്കുന്നില്ലെന്ന്‌ ആക്ഷേപം. നാഷണൽ സീഡ്‌ കോർപറേഷൻ നൽകിയ വിത്താണ്‌ കർഷകർക്ക്‌ വൻ സാമ്പത്തിക നഷ്ടം വരുത്തിയത്‌. ഉപയോഗശൂന്യമായ വിത്ത്‌ തിരിച്ചെടുത്ത്‌ പകരം ഗുണമേന്മയുള്ളവ നൽകണമെന്ന്‌ ആവശ്യപ്പെട്ട നാട്ടകം സർവീസ്‌ സഹകരണ ബാങ്ക്‌ നമ്പർ 3839 ഭരണസമിതി കോർപറേഷൻ അധികൃതർക്ക്‌ കത്ത്‌ നൽകി. എന്നാൽ കിളിർപ്പിക്കാൻ നനച്ച വിത്ത്‌ തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ്‌ കോർപറേഷൻ.
 ബാങ്കിൽനിന്ന്‌ പതിനെട്ടോളം പാടശേഖരങ്ങൾക്കായി നൽകിയ വിത്തിൽ നല്ലൊരുപങ്കും കിളിർക്കുന്നില്ലെന്നാണ്‌ പരാതി. കിളിർക്കാത്ത വിത്ത്‌ മാറ്റി പകരം നൽകുമെന്നും എന്നാൽ നനഞ്ഞവ തിരിച്ചെടുക്കില്ലെന്നുമാണ്‌ കോർപറേഷന്റെ നിലപാട്. പണംനൽകി 
വാങ്ങിയ വിത്ത്‌ കിളിർക്കാതായതോടെ കർഷകർ ദുരിതത്തിലായി. വിത്ത്‌ വീണ്ടും വിലനൽകി വാങ്ങേണ്ട ഗതികേടിലാണിവർ. ഇത്‌ വൻ സാമ്പത്തിക ബാധ്യത വരുത്തും. കിളിർപ്പ്‌കേട്‌ പ്രചരിച്ചതോടെ മറ്റ്‌ കർഷകർ വിത്ത്‌ നനച്ചില്ല. 20 വർഷത്തോളമായി ബാങ്കിന്റെ നേതൃത്വത്തിൽ വിത്ത്‌ ലഭ്യമാക്കുന്നുണ്ടെങ്കിലും ദുരനുഭവം ആദ്യമാണെന്ന്‌ അധികൃതർ പറഞ്ഞു.
കർഷകരുടെ ആവശ്യമനുസരിച്ച്‌ എൻഎസ്‌സിയിൽ നിന്നാണ്‌ വർഷങ്ങളായി വിത്ത്‌ വാങ്ങിനൽകുന്നത്‌. ഗുണമേന്മയുള്ള വിത്താണ്‌ ഇതിനു മുമ്പുവരെ ലഭിച്ചിരുന്നത്‌. വർഷംതോറും 100 ടണ്ണിലേറെ വിത്ത്‌ വാങ്ങുന്നു. കിലോയ്‌ക്ക്‌ 40 രൂപ ക്രമത്തിൽ 41 ലക്ഷത്തിലധികം രൂപ 
ചെലവിട്ട്‌ 103 ടൺ ഇത്തവണ വാങ്ങി. ലാഭമൊന്നും എടുക്കാതെ അതേ വിലയ്‌ക്ക്‌ കർഷകർക്ക്‌ നൽകി. ഇതിൽ രണ്ടു ലോഡോളമാണ്‌ കിളിർക്കാതെ പോയത്‌. ഏകദേശം 50 ടണ്ണോളം വരുമിത്‌. 20 ലക്ഷത്തോളം രൂപ വിലവരും. മങ്കൊമ്പ്‌ നെല്ല്‌ ഗവേഷണകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഗുണമേന്മ കുറഞ്ഞ വിത്താണിതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. 25ഉം 27ഉം ശതമാനം മാത്രമാണ്‌ കിളിർപ്പ്‌. 80 ശതമാനത്തോളം വേണ്ട സ്ഥാനത്താണിത്‌. ഇക്കാര്യം എൻഎസ്‌സി അധികൃരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ 19 ടൺ വിത്ത്‌ മാറ്റിനൽകി. 
 ഇനി 31 ടൺ കൂടി ലഭിക്കാനുണ്ട്‌. നനഞ്ഞ വിത്ത്‌ തിരിച്ചെടുക്കില്ലെന്ന നിലപാട്‌ തിരുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌  ബാങ്ക്‌ അധികൃതർ  കത്ത്‌ നൽകിയതായി ബാങ്ക്‌ പ്രസിഡന്റ്‌ ടി എം രാജൻ, സെക്രട്ടറി ടി എൻ സത്യദേവൻ എന്നിവർ പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top