03 August Monday
സ്വകാര്യ ആശുപത്രി അടച്ചു

ഡയാലിസിസ് സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്

സ്വന്തം ലേഖകൻUpdated: Monday Jul 6, 2020
കോട്ടയം
ജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് താൽകാലികമായി അടച്ച പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്തിരുന്ന രോഗികൾക്ക് ആശ്വാസവുമായി ആരോഗ്യ വകുപ്പ്. കലക്ടറുടെ നിർദേശപ്രകാരം ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സംഘം രണ്ടാഴ്ച ഇവിടെ താമസിച്ച് സേവനം ലഭ്യമാക്കും. ആദ്യ ദിവസമായ ഞായറാഴ്ച മൂന്നു രോഗികൾക്ക് ഡയാലിസിസ് ചെയ്തു.
മൂന്നു മെഷീനുകളുള്ള ആശുപത്രിയിൽ പത്തു രോഗികൾക്ക് ആഴ്ചയിൽ 24 ഡയാലിസിസാണ് നടത്തിയിരുന്നത്. ആശുപത്രിയിലെ സംവിധാനങ്ങൾ തന്നെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ. കെ പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ. 
കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ ഡോ. മനേഷ് കുമാറിനാണ് ചികിത്സാ സംഘത്തിന്റെ ചുമതല. കോട്ടയം മെഡിക്കൽ കോളേജിലെ ഡയാലിസിസ് ടെക്‌നീഷ്യൻ ആനന്ദ് അശോകനും മെഡിക്കൽ കോളേജ്, കോട്ടയം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, കരിക്കാട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്നതാണ് സംഘം. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പിപിഇ കിറ്റ് ധരിച്ചാണ് ഡയാലിസിസ് നടത്തുന്നത്.  ഓരോ രോഗിയുടെയും ഡയാലിസിസ് ഷെഡ്യൂളും തയ്യാറാക്കിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top