21 October Monday
താഴത്തങ്ങാടി വള്ളംകളി 7 ന്‌

സിബിഎല്‍; ആവേശത്തുഴയെറിഞ്ഞ്‌ പോരാട്ടം കോട്ടയത്ത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019
പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാമത്തെ മത്സരപോരാട്ടത്തിനായി കോട്ടയം ഒരുങ്ങുന്നു.  താഴത്തങ്ങാടി വള്ളംകളി ശനിയാഴ്‌ച നടക്കും. കോട്ടയം വെസ്‌റ്റ്‌ ക്ലബ്ബാണ്‌, നേതൃത്വംനൽകുന്നത്‌.  സംസ്ഥാനത്തെ 12 ജലോത്സവങ്ങൾ കോർത്തിണക്കി  സംഘടിപ്പിക്കുന്ന ലീഗിലെ ഒൻപത് ചുണ്ടൻ വള്ളങ്ങളാണ് കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ  ഏഴിന് മാറ്റുരയ്ക്കുക. 
  ഓരോമത്സരത്തിനും ഒന്നാംസ്ഥാനം നേടുന്ന വള്ളത്തിന് 10 പോയിന്റും രണ്ടാം സ്ഥാനത്തിന് എട്ട് പോയിന്റും മൂന്നുമുതൽ ഒൻപത് വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം ഏഴ് പോയിന്റ്‌ മുതൽ ഒരു പോയിന്റു വരെയാണ് ലഭിക്കുക. ഇതിനുപുറമെ മത്സരത്തിൽ ഏറ്റവും മികച്ച സമയം കുറിക്കുന്ന വള്ളത്തിന് അഞ്ച് പോയിന്റ്‌ ബോണസുണ്ട്. 
  ഓരോ ജലോത്സവത്തിലേയും ഒന്നു മുതൽ  മൂന്നുവരെ സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപ, മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്ന ക്രമത്തിലാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും നാലു ലക്ഷം രൂപ വീതം ബോണസുമുണ്ട്. ലീഗിലെ  12 മത്സരങ്ങളും പൂർത്തിയാകുമ്പോൾ പോയിന്റ്‌ നിലയിൽ മുന്നിൽ എത്തുന്ന ടീമാണ് സിബിഎൽ കിരീടം സ്വന്തമാക്കുക. 25 ലക്ഷം രൂപയാണ് ജേതാക്കൾക്കുളള സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 15 ലക്ഷം രൂപയും മൂന്നാംസ്ഥാനക്കാർക്ക് 10 ലക്ഷം രൂപയും ലഭിക്കും. ആലപ്പുഴയിൽ നടന്ന നെഹ്‌റു ട്രോഫി ജലോത്സവത്തോടെ തുടക്കം കുറിച്ച സിബിഎൽ നവംബർ 23 ന് കൊല്ലത്ത് പ്രസിഡന്റ്‌ ട്രോഫി ജലോത്സവത്തോടെയാണ് സമാപിക്കുക. 
    ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി തോമസ്‌ ഐസകിന്റെ നേതൃത്വത്തിൽ യോഗംചേർന്നു. സംഘാടകസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, ജനറൽ കൺവീനർ കലക്ടർ പി കെ സുധീർബാബു, ടൂറിസം ഡയറക്ടർ ബാലകിരൺ, ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്‌, കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ഡോ. പി ആർ സോന, കൗൺസിലർ കുഞ്ഞുമോൻ മേത്തർ, ക്ലബ്‌ പ്രസിഡന്റ്‌ തോമസ്‌ കെ വട്ടുകുളം, സെക്രട്ടറി കെ ജി കുര്യച്ചൻ എന്നിവർ പങ്കെടുത്തു. പാസുകൾ ഡിടിപിസി ഓഫീസിലും, റേയ്‌സ്‌ കോഴ്‌സിനു സമീപവും ലഭിക്കും.
 
പ്രധാന വാർത്തകൾ
 Top