17 September Tuesday

ആർപ്പോ...ഇർറോ... മുത്തേരിമടയിൽ ജലപ്പൂരം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

മുത്തേരിമട തോട്ടിൽ കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടൻവള്ളത്തിൽ തുഴച്ചിലുകാർ പരിശീലനം നടത്തുന്നു.

 കുമരകം

കുമരകത്ത്‌ ഞായറാഴ്‌ചയായിരുന്നു നെഹ‌്റുട്രോഫി ജലോത്സവത്തിന്റെ ആവേശം. കളിവള്ളങ്ങളുടെ പോർമുഖമായ മുത്തേരിമടത്തോട്ടിൽ ചുണ്ടൻവള്ളങ്ങളും ചെറുവള്ളങ്ങളും വീറും വാശിയുമായി തുഴഞ്ഞുമുന്നേറിയപ്പോൾ ഇരുകരകളിലും തടിച്ചുകൂടിയ ആയിരങ്ങൾ തുള്ളിച്ചാടി. ശനിയാഴ്‌ച ആലപ്പുഴ ജലോത്സവത്തിൽ മത്സരിക്കുന്ന വള്ളങ്ങളാണ്‌ കാണികൾക്ക്‌ മുന്നിൽ പരിശീലനത്തുഴച്ചിലിന്റെ ആവേശം വിതറിയത്‌.   കുമരകം വേമ്പനാട് ബോട്ട്‌ക്ലബ്ബിന്റെ വീയപുരം ചുണ്ടനായിരുന്നു ജലോത്സവ പ്രേമികൾക്ക്‌ മുന്നിലൂടെ ആദ്യം അസ്‌ത്രം കണക്കെ പാഞ്ഞത്‌. പിന്നാലെ കുമരകം ടൗൺ ബോട്ട്‌ക്ലബ്ബിന്റെ പായിപ്പാടൻ ചുണ്ടനുമെത്തി.  ചെറുവള്ളങ്ങളിലും ബോട്ടുകളിലും എത്തിയ ക്ലബ്ബുകളുടെ ആരാധകരും ടീമുകളെ പ്രോത്സാഹിപ്പിക്കാൻ കൈയ്യുംമെയ്യും മറന്ന്‌ ആർപ്പുമുഴക്കി. വെപ്പ്‌ വള്ളങ്ങളായ ഷോട്ട്‌ പുളിക്കത്തറ, എബ്രഹാം മൂന്നുതൈയ്‌ക്കൽ, പുന്നത്രവെങ്ങാഴി എന്നീ വള്ളങ്ങളും കാണികളെ ത്രസിപ്പിച്ചു. ജൂനിയർ വേമ്പനാട്‌ ബോട്ട്‌ക്ലബ്ബ്‌ തുഴയുന്ന കരുവാറ്റ ചുണ്ടനും പരിശീലനം നടത്തി. കുമരകത്തുനിന്ന്‌ മത്സരിക്കുന്ന പായിപ്പാടനും വീയപുരം ചുണ്ടനും നെഹ്‌റുട്രോഫി ജലമേളക്കൊപ്പം സിബിഎൽ ചാമ്പ്യൻഷിപ്പിലും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. ഇവരെ കൂടാതെ കുമരകം എൻസിഡിസി ബോട്ട്‌ക്ലബ്ബിന്റെ ദേവസ്‌ ചുണ്ടനും സിബിഎല്ലിൽ പങ്കെടുക്കും. ആർപ്പൂക്കര നവജീവൻ ബോട്ട്‌ക്ലബ്ബിന്റെ ജവഹർ തായങ്കരിയാണ്‌ നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്ന മറ്റൊരു ചുണ്ടൻ. ചുണ്ടൻവള്ളങ്ങളിലെ തുഴക്കാരിൽ  മറുനാട്ടുകാരും സൈനികരുമുണ്ട്‌. ഒരു ചുണ്ടനിലെ ആകെ തുഴക്കാരുടെ എണ്ണത്തിൽ 25 ശതമാനം മാത്രമാണ്‌ മറുനാട്ടുകാരെ തുഴയിക്കാൻ അനുവാദമുള്ളത്‌. കുമരകത്തെ ആദ്യ ക്ലബ്ബായ കുമരകം ബോട്ട‌്ക്ലബ്ബ‌് കാട്ടിൽതെക്കേതിൽ ചുണ്ടനിൽ നെഹ്‌റുട്രോഫിയിൽ മത്സരിക്കുന്നുണ്ടെങ്കിലും ഇവരുടെ പരിശീലനം കുമരകത്തിനുപകരം പുന്നമടക്കായലിലാണ്‌ .    അമ്പത‌് ലക്ഷത്തിലേറെ രൂപ ചെലവഴിച്ച‌് മികച്ച ടീമിനെ അണിനിരത്തിയാണ‌് ടീമുകളെല്ലാം എത്തുന്നത‌്.
 
പ്രധാന വാർത്തകൾ
 Top