07 August Friday
കലക്ടറുടെ പരാതി പരിഹാര അദാലത്ത്

ഓൺലൈനില്‍ വന്നില്ലെങ്കിലും അജയന്‌ വൈദ്യുതി കിട്ടും

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
കോട്ടയം
ഓൺലൈൻ അദാലത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അജയന്റെ പരാതിക്ക് തീർപ്പായി. വെള്ളക്കെട്ട് സൃഷ്ടിച്ച തടസ്സങ്ങൾ മറികടന്ന് മറവന്തുരുത്ത് കടവനയിൽ വീട്ടിൽ ഉടൻ വൈദ്യുതി എത്തും. കലക്ടറുടെ വൈക്കം താലൂക്കുതല അദാലത്തിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 
പരാതിക്കാരുമായി കലക്ടർ എം അഞ്ജന ഓൺലൈനിൽ സംസാരിച്ചെങ്കിലും അസൗകര്യം മൂലം അജയന് അക്ഷയ കേന്ദ്രത്തിൽ വീഡിയോ കോൺഫറൻസിന് എത്താനായില്ല. പരാതിക്കാരന്റെ  അസാന്നിധ്യത്തിലും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കെഎസ്ഇബി അധികൃതർക്ക് കലക്ടർ നിർദേശം നൽകി. ചതുപ്പും വെള്ളക്കെട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ 200 മീറ്റർ നീളത്തിൽ സിംഗിൾ ഫേസ് ലൈൻ ക്രമീകരിച്ച് വൈദ്യുതി നൽകും. വെള്ളക്കെട്ട് മാറുന്ന മുറയ്ക്ക് സ്ഥിരസംവിധാനം ഏർപ്പെടുത്തുമെന്ന് വൈക്കം സെക്ഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു. ഞീഴൂർ കാട്ടാമ്പാക്കിൽ ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമികാരോഗ്യ കേന്ദ്രം  കൂടുതൽ ജനങ്ങൾക്ക് പ്രയോജനകരമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ ആരോഗ്യ വകുപ്പ് നൽകിയ അനുമതിയിൽ തുടർനടപടി സ്വീകരിച്ചില്ലെന്ന പരാതി പരിശോധിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. ഞീഴൂർ കേന്ദ്രമായി ഒരു സബ് സെന്റർ കൂടി ആരംഭിക്കണമെന്നുള്ള പരാതിയിലെ നിർദേശവും പരിശോധിക്കും. 76 പരാതികളാണ് പരിഗണിച്ചത്. 30 പരാതികളിൽ തീർപ്പുകൽപ്പിച്ചു. 34 അക്ഷയ കേന്ദ്രങ്ങളിൽ മുൻകൂട്ടി അനുവദിച്ച സമയങ്ങളിൽ എത്തിയാണ് പരാതിക്കാർ അദാലത്തിൽ പങ്കെടുത്തത്.  ‌
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top